Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:39 AM IST Updated On
date_range 21 Feb 2022 5:39 AM ISTകെ.പി.പി.എൽ: മന്ത്രി രാജീവിന്‍റെ പ്രസ്താവനയിൽ പ്രതിഷേധം
text_fieldsbookmark_border
കോട്ടയം: എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തത് തൊഴിലാളികൾക്ക് വേണ്ടിയല്ലെന്ന മന്ത്രി രാജീവിന്‍റെ പ്രസ്താവനയിൽ വ്യാപക പ്രതിഷേധം. എച്ച്.എൻ.എല്ലിന്‍റെ പുതിയ രൂപമായ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡിൽ (കെ.പി.പി.എൽ) പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിൽ കൂടുതൽ തൊഴിലാളികൾക്ക് അവസരം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന തൊഴിലാളികൾക്ക് തിരിച്ചടിയായിരിക്കുകയാണ് മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം കമ്പനിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയപ്പോഴായിരുന്നു എച്ച്.എൻ.എൽ ഏറ്റെടുത്തത് തൊഴിലാളികൾക്ക് വേണ്ടിയല്ലെന്ന് മന്ത്രി പറഞ്ഞത്. തൊഴിലാളികൾക്കുവേണ്ടിയല്ലെങ്കിൽ പിന്നെ ആർക്കുവേണ്ടി എന്ന് മന്ത്രി വ്യക്തമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എച്ച്.എൻ.എല്ലിനെ സ്വാകാര്യവത്കരിക്കാൻ നടത്തിയ നീക്കത്തിനെതിരെ സമരം നടത്തിയത് തൊഴിലാളികളാണ്. 155 സ്ഥിരം ജീവനക്കാർക്ക് ജോലി നൽകിയപ്പോൾ കരാർ തൊഴിലാളികളിൽ ഒരാൾക്കുപോലും അവസരം നൽകിയില്ല. 35 വർഷമായി ജോലിചെയ്തിരുന്ന കരാർ തൊഴിലാളികളുടെ ഏക പ്രതീക്ഷയാണ് മന്ത്രിയുടെ പ്രസ്താവനയോടെ തകർന്നത്. ജീവിതം മുഴുവൻ കമ്പനിയിൽ പണിയെടുത്ത തൊഴിലാളികളിൽ ഭൂരിഭാഗം പേരും വാർധക്യത്തിലേക്കും രോഗാവസ്ഥയിലേക്കും കടന്നുകഴിഞ്ഞു. തൊഴിലാളികൾക്ക് ലഭിക്കേണ്ട ഗ്രാറ്റ്വിറ്റി പൂർണമായി ലഭിച്ചിട്ടില്ല. കരാർ തൊഴിലാളി ജോലിചെയ്താൽ ലഭിച്ചിരുന്ന ഒരു ദിവസത്തെ വേതനം 470 രൂപയായിരുന്നു. 2018 നവംബർ മുതൽ കരാർ തൊഴിലാളികളുടെ പി.എഫ്, ഗ്രാറ്റ്വിറ്റി വിഹിതം കമ്പനി അടച്ചിട്ടില്ല. പി.എഫ് തുകയുടെ തൊഴിലാളികളുടെ വിഹിതം പിടിക്കുകയും ചെയ്തു. 28 മാസത്തെ ശമ്പള കുടിശ്ശിക കൊടുത്തുതീർക്കാനുണ്ട്. 2017 മുതൽ പിരിഞ്ഞുപോയ 264 കരാർ തൊഴിലാളികൾക്കും ഗ്രാറ്റ്വിറ്റി തുക കൊടുത്ത് തീർക്കാനുണ്ട്. തൊഴിലാളിക്ക് ലഭിക്കേണ്ട ഗ്രാറ്റ്വിറ്റി തുക പരമാവധി രണ്ടുലക്ഷം മുതൽ 2.75 ലക്ഷം രൂപ വരെയാണ്. 35 ശതമാനം മാത്രമാണ് കൊടുത്തുതീർത്തത്. ഈ തുക പ്രതീക്ഷിച്ച് മക്കളുടെ വിവാഹം നടത്തിയവരും വീടുപണി പൂർത്തിയാക്കിയവരും ലോൺ എടുത്തവരും ചികിത്സക്കായി പണം മുടക്കിയവരുമുണ്ട്. കമ്പനിയുടെ ആരംഭകാലം മുതൽ പണിയെടുത്ത തങ്ങൾക്ക് പിരിഞ്ഞുപോകുമ്പോൾ കിട്ടുന്ന ഗ്രാറ്റ്വിറ്റി തുകയാണ് ഏക പ്രതീക്ഷയെന്നും തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story