Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:38 AM IST Updated On
date_range 20 Feb 2022 5:38 AM ISTകോട്ടയം മെഡിക്കല്‍ കോളജില്‍ പകർച്ചവ്യാധി ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsbookmark_border
10.72 കോടിയുടെ ഭരണാനുമതി കോട്ടയം: മെഡിക്കല്‍ കോളജില്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. ഇതിനായി നബാര്‍ഡ് മുഖേന 10.72 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ, കൊവിഡ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി നേരിടുന്നതിന് ഓരോ മെഡിക്കല്‍ കോളജിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് അനുമതി. കോട്ടയത്തിനൊപ്പം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കൂടി ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്കുകള്‍ ആരംഭിക്കും. കോട്ടയത്ത് നാല് നിലകളുള്ള കെട്ടിടമാണ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടമായി രണ്ട് നിലകള്‍ പൂര്‍ത്തിയാക്കും. പ്രത്യേകമായ ഐ.സി.യു സംവിധാനങ്ങള്‍ ഈ കെട്ടിടത്തിലുണ്ടാകും. ഇന്ത്യയില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ഡി.എം.ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് അടുത്തിടെ അനുമതി ലഭിച്ചിരുന്നു. ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ നൂതന ചികിത്സ മാര്‍ഗങ്ങളിലൂടെ പകര്‍ച്ചവ്യാധി നിര്‍ണയത്തിനും രോഗീപരിചരണത്തിനും ഗവേഷണത്തിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. കഴിഞ്ഞദിവസം മെഡിക്കല്‍ കോളജിലെ വിവിധ സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങള്‍ക്കായി സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക് നിർമിക്കാൻ കിഫ്ബി ധനാനുമതി നല്‍കിയിരുന്നു 268.60 കോടിയാണ് ഇതിനായി കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ ദ്രവമാലിന്യ സംസ്കാരണ പ്ലാന്‍റിന് പദ്ധതി ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ പുതിയ ദ്രവമാലിന്യ സംസ്ക്കരണ പ്ലാന്‍റിന് പദ്ധതി. ഇതിന്‍റെ രൂപരേഖ തയാറാക്കാൻ കായംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി. മെഡിക്കൽ കോളജിൽ നിന്നുള്ള ദ്രവമാലിന്യം സമീപ പ്രദേശത്തെ കിണറുകളിലും പെണ്ണാർ തോട്ടിലേക്കും ഒഴുകുന്നതായി പരിസരവാസികൾ പരാതിപ്പെട്ടിരുന്നു. ഇതോടെ മന്ത്രി വി.എൻ. വാസവൻ വിഷയത്തിൽ ഇടപെടലുകളും പുതിയ പ്ലാൻറുള്ള നടപടി ആരംഭിക്കാൻ നിർദേശിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം മന്ത്രി പ്ലാൻറ് പരിസരം സന്ദർശിച്ചിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനൊടുവിലാണ് പുതിയ പ്ലാന്‍റിന് രൂപരേഖ തയാറാക്കുവാൻ തീരുമാനമായത്. ഒന്നരപ്പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ചതാണ് ആശുപത്രിയിലെ ഇപ്പോഴത്തെ ദ്രവമാലിന്യ സംസ്കരണ പ്ലാന്‍റ്. പുതിയ ഡിപ്പാർട്മൻെറുകളും കെട്ടിട സമുച്ചയങ്ങളും വന്നതോടെ പ്ലാൻറിന്‍റെ ശേഷിയെക്കാൾ അധികം മലിനജലമാണ് എത്തുന്നത്. ഇതാണ് മലിനജലം പുറത്തേക്ക് ഒഴുക്കാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. ശേഷികൂടിയ പുതിയ പ്ലാൻറ് യാഥാർഥ്യമാവുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകും. അഞ്ച് കോടിയാണ് പ്ലാന്‍റിന്‍റെ നിർമാണച്ചെലവ്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ തുക കണ്ടെത്താനാണ് ധാരണ. ഇതുമായ സഹകരിക്കാൻ മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകൾ സമ്മതിച്ചിട്ടുണ്ട്. ഒന്നരക്കോടി വീതം ഇരുപഞ്ചായത്തുകളും നൽകും. ബാക്കി തുക സർക്കാർ നൽകും. നിലവിൽ തൃശൂർ ആസ്ഥാനമായ കമ്പനിക്കാണ് മെഡിക്കൽ കോളജിലെ സീവേജ് ട്രീറ്റ്മൻെറ് പ്ലാന്‍റിന്‍റെ പ്രവർത്തന - അറ്റകുറ്റപ്പണി ചുമതല. എന്നാൽ, ഇവരുടെ പ്രവർത്തനത്തിലും പോരായ്മകളുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പ്ലാന്‍റ് സന്ദർശിച്ച മന്ത്രിക്കൊപ്പം ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറുമാരായ റോസിലി ടോമിച്ചൻ ,ബിജു വലിയമല, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആശുപത്രി വികസന സമിതി അംഗം കെ.എൻ. വേണുഗോപാൽ എന്നിവരുമുണ്ടായിരുന്നു. KTL MEDICAL PLANT കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളജിലെ സീവേജ് പ്ലാന്‍റ് മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story