Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:36 AM IST Updated On
date_range 20 Feb 2022 5:36 AM ISTയുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യ അറസ്റ്റിൽ
text_fieldsbookmark_border
കട്ടപ്പന: വീട്ടുമുറ്റത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് മാലി പുതുവലിൽ പമ്പയ്യ തേവരുടെ മകൻ രഞ്ജിത്തിനെ (38) ഈ മാസം ആറിന് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ട സംഭവമാണ് കൊലപാതകമാണെന്ന് 14 ദിവസത്തിനുശേഷം തെളിഞ്ഞത്. സംഭവത്തിൽ രഞ്ജിത്തിന്റെ ഭാര്യ അന്നെ ലക്ഷ്മി (28) അറസ്റ്റിലായി. മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു. കാപ്പിവടികൊണ്ട് ഭർത്താവിനെ തലക്കടിച്ച് വീഴ്ത്തി കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്നെ ലക്ഷ്മിയുടെ ജന്മദിനത്തിലായിരുന്നു ക്രൂര കൊലപാതകം അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: മദ്യപിച്ച് സ്ഥിരമായി വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുന്ന ശീലമായിരുന്നു രഞ്ജിത്തിന്‍റേത്. സംഭവദിവസം അന്നെ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു. അന്നുരാത്രി 10ഓടെ മദ്യപിച്ച് വീട്ടിലെത്തിയ രഞ്ജിത് ഭാര്യയെ ഉപദ്രവിച്ചു. സഹികെട്ട അന്നെ ലക്ഷ്മി വീട്ടിലുണ്ടായിരുന്ന വലിയ കാപ്പി വടികൊണ്ട് രഞ്ജിത്തിനെ തലക്കടിച്ചുവീഴ്ത്തി. തുടർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീടിരിക്കുന്ന സ്ഥലത്തേക്കിറങ്ങാൻ ഉയരത്തിൽനിന്ന് താഴേക്ക് നടകൾ നിർമിച്ചിരുന്നു. ഈ നടയിൽനിന്ന് വീണ് മരിച്ചെന്നായിരുന്നു ഭാര്യയുടെ മൊഴിയെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും രഞ്ജിത്തിന്‍റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ നിരവധിപേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയും ഭാര്യയുടെ മൊഴിയും തമ്മിലുള്ള വ്യത്യാസം പൊലീസ് ശ്രദ്ധിച്ചു. തുടർന്ന് രഞ്ജിത്തിന്‍റെ ഭാര്യ അന്നെ ലക്ഷ്മിയെ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കി. ഒടുവിൽ ഭർത്താവിനെ താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ അന്നെ ലക്ഷ്മിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കും. ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദേശാനുസരണം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ വണ്ടന്മേട് പൊലീസ് ഇൻസ്പെക്ടർ വി.എസ്. നവാസ്, എസ്.ഐമാരായ എബി, സജിമോൻ ജോസഫ്, എ.എസ്.ഐ മഹേഷ്, സി.പി.ഒമാരായ ടോണി, അനീഷ്, വനിത സി.പി.ഒ രേവതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോട്ടോ. TDD RANJITH കൊല്ലപ്പെട്ട രഞ്ജിത് TDD ANNAI LAKSHMI അറസ്റ്റിലായ അന്നെ ലക്ഷ്മി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
