Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:32 AM IST Updated On
date_range 20 Feb 2022 5:32 AM ISTസ്വപ്ന സുരേഷിന്‍റെ നിയമനം; എച്ച്.ആർ.ഡി.എസിൽ ഭിന്നത
text_fieldsbookmark_border
തൊടുപുഴ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായി നിയമിച്ചതിന് പിന്നാലെ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്‍റ് സൊസൈറ്റി ഓഫ് ഇന്ത്യയിൽ (എച്ച്.ആർ.ഡി.എസ്) ഭിന്നത. സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ സ്വപ്ന സുരേഷിന്‍റെ നിയമനം അസാധുവാണെന്ന് ചൂണ്ടിക്കാട്ടി എച്ച്.ആർ.ഡി.എസ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും സംഘടനയിൽനിന്ന് ആറുമാസം മുമ്പ് പുറത്താക്കിയ വ്യക്തിയാണ് കൃഷ്ണകുമാറെന്നും വ്യക്തമാക്കി എച്ച്.ആർ.ഡി.എസ് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ രംഗത്തുവന്നത്. കൃഷ്ണകുമാറിന്‍റേത് വൃദ്ധമനസ്സിന്‍റെ ജൽപനമാണെന്നാണ് ബിജു കൃഷ്ണൻ പ്രതികരിച്ചത്. സംഘടനയുടെ ഭാരവാഹി അല്ലാത്ത ഒരാൾക്ക് സ്വപ്നയെ പുറത്താക്കിയതായി അവകാശപ്പെടാൻ കഴിയില്ല. സ്വപ്നയുടെ നിയമനകാര്യം എല്ലാവരോടും ആലോചിച്ചാണ് നടപ്പാക്കിയത്. എസ്. കൃഷ്ണകുമാർ 2017 ലാണ് പ്രസിഡന്‍റായി ചുമതലയേറ്റത്. സംഘടനയിൽനിന്ന് ഒരുകോടി രൂപ ഇദ്ദേഹം കടം എടുത്തിരുന്നു. അത് തിരിച്ചടക്കാൻ ആവശ്യപ്പെട്ടതോടെ ചില പ്രശ്‌നങ്ങൾ ഉടലെടുത്തു. തുടർന്ന് ആറുമാസം മുമ്പ് അദ്ദേഹത്തെ സൊസൈറ്റിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇപ്പോഴും അദ്ദേഹം ചെയർമാനാണെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെയൊരു പദവി സൊസൈറ്റിയിലില്ല. ഓർമപ്പിശകുള്ളതിനാൽ സ്വന്തം സ്ഥാനംപോലും അറിയാതെ പ്രതികരിച്ചുപോയതാകും. അജി കൃഷ്ണനാണ് 27 വർഷം മുമ്പ് എച്ച്.ആർ.ഡി.എസിന് രൂപം കൊടുത്തതെന്നും ബിജു പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘ്പരിവാർ നിയന്ത്രണത്തിലുള്ള സന്നദ്ധസംഘടനയായ എച്ച്.ആർ.ഡി.എസിന്‍റെ തൊടുപുഴയിലെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസിലെത്തി സ്വപ്ന ജോലിയിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story