Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:45 AM IST Updated On
date_range 18 Feb 2022 5:45 AM ISTഎം.ജി കൈക്കൂലി: മറ്റാർക്കും പങ്കില്ല; മറ്റൊരു വിദ്യാർഥിയിൽനിന്ന് പണം വാങ്ങിയതായി കണ്ടെത്തൽ
text_fieldsbookmark_border
കോട്ടയം: എം.ബി.എ വിദ്യാർഥിയിൽനിന്ന് എം.ജി സർവകലാശാല ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് സിൻഡിക്കേറ്റ് അന്വേഷണസമിതിയുടെ റിപ്പോർട്ട്. സെക്ഷൻ അസിസ്റ്റന്‍റായ സി.ജെ. എൽസി സ്വന്തംനിലയിലാണ് പണം വാങ്ങിയത്. ഇത് മറ്റ് ജീവനക്കാരുമായി പങ്കിട്ടതായി കണ്ടെത്താനായിട്ടില്ല. സി.ജെ. എൽസിക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ എം.ബി.എ സെക്ഷൻ ഓഫിസർക്ക് വീഴ്ചപറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് സെക്ഷൻ ഓഫിസർ എം.ബി.എ വിഭാഗത്തിലെത്തുന്നത്. തന്‍റെ ചുമതലയിലുള്ള ഓഫിസിലെ അപാകതകൾ അദ്ദേഹം ശ്രദ്ധിച്ചില്ല. ഇത് വീഴ്ചയാണ്. ഇതിൽ അദ്ദേഹത്തിനെതിരെ നടപടിക്കും സമിതി ശിപാർശ നൽകി. എൽസി മറ്റ് മൂന്ന് വിദ്യാർഥികളിൽനിന്ന് പണം വാങ്ങിയതായുള്ള സൂചനകളും റിപ്പോർട്ടിലുണ്ട്. ഒരു മാസത്തിനുള്ളിൽ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ഒരു എം.ബി.എ വിദ്യാർഥിയിൽനിന്ന് 75,000 രൂപ വാങ്ങിയതായി സംശയിക്കുന്നു. രണ്ടുതവണയായി പണം നൽകിയതായി വിദ്യാർഥി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇതിന് തെളിവ് ലഭിച്ചിട്ടില്ല. രണ്ട് വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തിയതായും സംശയിക്കുന്നുണ്ട്. ഇതിന് പണം വാങ്ങിയിട്ടില്ലെന്നാണ് സൂചന. ഈ മാർക്ക് ലിസ്റ്റുകൾ നൽകിയിട്ടുമില്ല. ഇവയടക്കം എൽസി കൈകാര്യം ചെയ്തതിൽ സംശമുള്ള എല്ലാ സർട്ടിഫിക്കറ്റുകളും വീണ്ടും പരിശോധിക്കണം. എം.ബി.എ മേഴ്സി ചാൻസ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്നതിൽ കാലതാമസമുണ്ടായതിൽ ബന്ധപ്പെട്ട സെക്ഷനോട് വിശദീകരണം തേടണമെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 15 നിർദേശങ്ങളും വൈസ് ചാൻസലർക്ക് നൽകിയ റിപ്പോർട്ടിൽ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങളായ ഹരികൃഷ്ണൻ, ഡോ. ബി. കേരളവർമ, ഡോ. എ. ജോസ്, ഡോ. ഷാജില ബീവി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയത്. കോവിഡ് ബാധിതനായ വൈസ് ചാൻസലർ മടങ്ങിയെത്തിയശേഷം റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കും. എം.ബി.എ വിദ്യാർഥിയിൽനിന്ന് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്ത എൽസി റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story