Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:32 AM IST Updated On
date_range 18 Feb 2022 5:32 AM ISTഒറ്റവാക്കിൽ പിറന്ന കോട്ടയം പ്രദീപ്
text_fieldsbookmark_border
കോട്ടയം: സിനിമക്ക് പിന്നാലെ ഓടിയിരുന്ന കാലത്തുനിന്ന് പ്രദീപിനെ മനസ്സിൽ കണ്ട് തിരക്കഥാകൃത്തുക്കൾ ഡയലോഗുകൾ എഴുതിത്തുടങ്ങിയയിടത്തേക്ക് എത്തിയപ്പോഴേക്കും തിര മുറിഞ്ഞു. ചെറുവാക്കുകൾകൊണ്ട് മലയാള സിനിമയിൽ ഇടം കുറിച്ച കോട്ടയം പ്രദീപ് ഇനി ഓർമ. ചാൻസ് ചോദിച്ചും ഡയലോഗുകൾ കിട്ടാൻ കാത്തിരുന്നും സിനിമക്ക് പിന്നാലെ ഓടിയതായിരുന്നു പ്രദീപിന്‍റെ സിനിമ ജീവിതത്തിന്‍റെ ആദ്യപകുതി. സുഹൃത്ത് മുഖേന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയെങ്കിലും പലതും ഒറ്റക്കാഴ്ചകളിലൊതുങ്ങി. ഡയലോഗ് പോലുമില്ലാത്ത കഥാപാത്രങ്ങളുടെ ഒരുഘട്ടം പിന്നിട്ട് ചെറുസംഭാഷണങ്ങളിലെത്തിയെങ്കിലും ശ്രദ്ധിക്കപ്പെടാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. ഇങ്ങനെ ഏറെ പ്രതിബന്ധങ്ങളെ നേരിട്ടായിരുന്നു പ്രദീപ് എന്ന നടന്‍റെ വളര്‍ച്ച. അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നായിരുന്നു കെ.കെ. പ്രദീപ് സിനിമയിലെത്തിയത്. ആകെയുണ്ടായിരുന്ന സിനിമാബന്ധം കോട്ടയം തിരുവാതുക്കലിലെ വീടിന് തൊട്ടടുത്തുണ്ടായിരുന്ന രാധാകൃഷ്ണ ടാക്കീസായിരുന്നു. ഇവിടെനിന്ന് പുറത്തേക്ക് വന്നിരുന്ന സംഭാഷണങ്ങളാണ് അഭിനയമോഹത്തിന് വിത്തിട്ടത്. ''അന്നൊക്കെ ഷോ തുടങ്ങുമ്പോള്‍ മുതല്‍ തിയറ്ററിന് പുറത്തുണ്ടാവും. സിനിമയുടെ ഡയലോഗ് കേള്‍ക്കാന്‍. ഇതായിരുന്നു പ്രധാന ജോലി'' പ്രദീപ് അഭിമുഖങ്ങളിൽ അക്കാലത്തെ അടയാളപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. അഭിനയമോഹം പത്താംവയസ്സിൽതന്നെ എൻ.എൻ. പിള്ളയുടെ 'ഈശ്വരൻ അറസ്റ്റിൽ' എന്ന നാടകത്തിൽ ബാലതാരമായി എത്തിച്ചു. പിന്നീട് എൽ.ഐ.സിയിൽ ഉദ്യോഗസ്ഥനായെങ്കിലും നാടകത്തെ കൈവിട്ടില്ല. ഇതിനിടെയായിരുന്നു അപ്രതീക്ഷിത ൈക്ലമാക്സുപോലെ സീരിയലിലേക്കെത്തുന്നത്. 'അവസ്ഥാന്തരങ്ങൾ' എന്ന ടെലിസീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോൾ സംവിധായകന്‍റെ കണ്ണിലുടക്കിയത് അച്ഛൻ. അങ്ങനെ കോട്ടയം പ്രദീപ് ടെലിവിഷനിൽ എത്തി. നിര്‍മാതാവ് പ്രേം പ്രകാശിന്‍റെ ഇടപെടലും ഇതിൽ നിർണായകമായി. 2001ൽ 'ഈനാട് ഇന്നലെവരെ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയെങ്കിലും 2010ൽ പുറത്തിറങ്ങിയ 'വിണ്ണൈ താണ്ടി വരുവായ' എന്ന ഗൗതം മേനോൻ ചിത്രമാണ് പ്രദീപിനെ സ്ക്രീനിൽ അടയാളപ്പെടുത്തിയത്. ഇതിൽ തൃഷയുടെ അമ്മാവനായി എത്തിയ പ്രദീപ്, ഊണുമേശക്കടുത്തിരുന്ന് 'കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട്.... കഴിച്ചോ കഴിച്ചോ' എന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ വ്യത്യസ്ത ശൈലി വേണമെന്ന് പറഞ്ഞപ്പോൾ അവതരിപ്പിച്ച ആ രംഗം 'ക്ലിക്' ആയതോടെ പ്രദീപിന്‍റെ കലാജീവിതം മാറിമറിഞ്ഞു. സിനിമ തെലുങ്കിലേക്കും ഹിന്ദിയിലേക്കും മാറിയപ്പോൾ 'അമ്മാവന്' മാത്രം മാറ്റമുണ്ടായില്ല. ഒരുകാലത്ത് നാടകനടന്മാർ അഭിനയത്തെക്കാള്‍ പ്രാധാന്യം സംഭാഷണങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതാണ് പ്രദീപിന്‍റെ ട്രേഡ് മാർക്കായ ശൈലിക്ക് പിന്നിൽ. 'തട്ടത്തിൻ മറയത്തി'ലെ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ വേഷം ചെയ്തശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി. 'കലക്കി, തിമിർത്തു, പൊളിച്ചു...' തുടങ്ങി ഇദ്ദേഹത്തിന്‍റെ കുറുകിയ വാക്കുകൾ ട്രോളർമാരും ഏറ്റെടുത്തു. ചിരിപ്പിച്ച് മുന്നേറുമ്പോഴും സീരിയസ് വേഷങ്ങൾ അവതരിപ്പിക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാതെയാണ് സ്ക്രീനിൽനിന്നുള്ള മടക്കം. തിരിച്ചറിയപ്പെടാൻ തുടങ്ങിയപ്പോഴും നഗരത്തിലെ ഇടവഴികളിലൂടെ നടന്നുനീങ്ങുന്ന സാധാരണക്കാരന്‍റെ വേഷവും കോട്ടയം പ്രദീപ് അഴിച്ചുമാറ്റിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story