Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:41 AM IST Updated On
date_range 16 Feb 2022 5:41 AM ISTതിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ഇനി പഴയ പ്രൗഢിയിൽ
text_fieldsbookmark_border
കോട്ടയം: പൂരപ്രേമികളുടെയും ആനപ്രേമികളുടെയും മനംനിറച്ച് തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ഇനി പഴയ പ്രൗഢിയിൽ. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഉത്സവമേളം ഉയരുന്നത്. ആൾക്കൂട്ടം കുറച്ചാണ് ഇരുക്ഷേത്രങ്ങളിലും കഴിഞ്ഞ രണ്ടുവർഷവും ഉത്സവങ്ങൾ നടത്തിയിരുന്നത്. നഗരത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് തിരുനക്കര ഉത്സവം. ആനച്ചന്തവും വാദ്യമേളങ്ങളും കുടമാറ്റവും മിഴിവേകുന്ന തിരുനക്കര പകൽപ്പൂരമാണ് ഉത്സവത്തിൻെറ ആവേശം. രണ്ടു തവണയും പകൽപ്പൂരം ഒഴിവാക്കിയത് പൂരപ്രേമികളെ നിരാശയിലാക്കിയിരുന്നു. ഇത്തവണ പകൽപ്പൂരം ഉണ്ടാവുമെന്ന വാർത്ത ഭക്തരെയൊന്നടങ്കം ആനന്ദത്തിലാക്കി. ഉത്സവത്തോടൊപ്പം കോവിഡ് വ്യാപനത്തിൽ നിലച്ച പഞ്ചാരിമേളവും പഞ്ചവാദ്യവും തിരികെയെത്തുന്നത് വാദ്യകലാകാരന്മാർക്കും പ്രതീക്ഷ നൽകുന്നു. താളംതെറ്റിയ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്ര വാദ്യകലാകാരന്മാർ. ഉത്സവങ്ങളും ആഘോഷങ്ങളും ചടങ്ങ് മാത്രമായി ഒരുങ്ങിയപ്പോൾ ഏറ്റവും പ്രതിസന്ധിയിലായത് കലാകാരന്മാർ ആയിരുന്നു. മാർച്ച് 15ന് കൊടിയേറി 24ന് ആറാട്ടോടുകൂടിയാണ് തിരുനക്കര ഉത്സവം സമാപിക്കുന്നത്. എട്ടാം ഉത്സവ ദിവസമായ മാർച്ച് 22ന് നടക്കുന്ന വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കും. മാർച്ച് 23നാണ് പകൽപ്പൂരം. കലാപരിപാടികളും ഉണ്ടാവും. മാർച്ച് മൂന്നുമുതൽ 12 വരെയാണ് ഏറ്റുമാനുർ ഉത്സവം. ഉത്സവം വിളംബരം ചെയ്യുന്ന ആചാരമായ കൊടിക്കൂറ, കൊടിക്കയർ സമർപ്പണവും ഘോഷയാത്രയും ഇത്തവണ ഉണ്ടാവും. മാർച്ച് 10നാണ് ഏഴരപ്പൊന്നാന. മതിൽക്കെട്ടിനുള്ളിൽ ഏഴരപ്പൊന്നാനയെ ദർശിക്കാൻ സൗകര്യമൊരുക്കും. ഒന്നാംഉത്സവം മുതൽ ആറാം ഉത്സവം വരെ മൂന്ന് ആനകളും ആറാം ഉത്സവം മുതൽ പത്താം ഉത്സവം വരെ അഞ്ച് ആനകളും എഴുന്നള്ളിപ്പിനുണ്ടാകും. 12ന് പേരൂർ പൂവത്തുംമൂട്ടിലെ ആറാട്ടിനു തിടമ്പ് എടുക്കുന്ന ആനക്കു പുറമേ രണ്ട് ആനകൾ അകമ്പടിയേകും. വീഥിയിൽ പറ സ്വീകരിക്കില്ല. ഉത്സവബലി ദർശനം നടത്താൻ ഭക്തർക്ക് അവസരം നൽകും. ഒന്നാം ഉത്സവം മുതൽ ആറാട്ടുവരെ ക്ഷേത്ര കൊടിമരച്ചുവട്ടിൽ പറവെക്കാം. ഉത്സവ നാളിൽ തിരുവരങ്ങിൽ രാത്രി 12നുശേഷം കലാപരിപാടികൾ ഉണ്ടാകില്ല. 2023ലെ ഉത്സവത്തിന് തൃശൂർ പൂരം മാതൃകയിൽ പകൽപ്പൂരം നടത്താനും കഴിഞ്ഞ ദിവസം ചേർന്ന അവേലാകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കൊടിയേറ്റ് മുതൽ ആറാട്ടുവരെയുള്ള എല്ലാ ചടങ്ങുകളുടെയും പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരുന്നു. ആറാട്ട് എഴുന്നള്ളിപ്പിനും ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story