Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:33 AM IST Updated On
date_range 16 Feb 2022 5:33 AM ISTഗുണ്ടുമലയിലെ ബാലികയുടെ കൊലപാതകം; പ്രതിയെക്കുറിച്ച് സൂചന
text_fieldsbookmark_border
മൂന്നാർ: രണ്ട് വർഷം മുമ്പ് എസ്റ്റേറ്റ് ലയത്തിൽ ഒമ്പതുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. നിർണായക സൂചനകൾ ലഭിച്ചതോടെ ദിവസങ്ങൾക്കുള്ളിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. ഡിവൈ.എസ്.പി എ.ജി ലാലും സംഘവും നടത്തിയ ശാസ്ത്രീയ പരിശോധനകൾക്കും തെളിവ് ശേഖരണത്തിനും ശേഷമാണ് പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. നൂതന കുറ്റാന്വേഷണ മാർഗങ്ങൾ അവലംബിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. ഗുണ്ടുമലയിലെ തൊഴിലാളി ലയത്തിൽ 2019 സെപ്റ്റംബർ ഒമ്പതിനാണ് കുട്ടിയെ കഴുത്തിൽ പ്ലാസ്റ്റിക് കയറ് കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ 15നാണ് ജില്ല പൊലീസ് മേധാവി ആർ. കറുപ്പ സ്വാമി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കളിക്കിടയിൽ കഴുത്തിൽ കയർ കുരുങ്ങി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, കുട്ടി പലതവണ ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെ കൊലപാതകമാണെന്ന് സംശയമായി. മൂന്നാർ പൊലീസ് മാസങ്ങളോളം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയിരുന്നു. കൊലപാതകം ആണെന്ന് ബോധ്യപ്പെട്ടെങ്കിലും പ്രതിയിലേക്ക് എത്തുന്ന തെളിവുകൾ ലഭിച്ചില്ല. ഇതോടെ വിവിധ രാഷ്ട്രീയ കക്ഷികളും തൊഴിലാളികളും സമരം ആരംഭിച്ചു. കഴിഞ്ഞ വർഷം കുട്ടിയുടെ മാതാവ് അന്വേഷണം ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി ലാലും സംഘവും മൂന്നാറിലെ പൊലീസ് ക്യാമ്പിൽ താമസിച്ചാണ് അന്വേഷണം നടത്തിയത്. പുതിയ ചില തെളിവുകൾ ലഭിച്ചതോടെ വിട്ടുപോയ പലകണ്ണികളും ചേർത്തുവെക്കാൻ കഴിഞ്ഞു. പ്രതി ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story