Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമകൻ ഇന്നും നീറുന്ന...

മകൻ ഇന്നും നീറുന്ന വേദന; നീതിതേടി വയോദമ്പതികൾ തെരുവിൽ

text_fields
bookmark_border
തൊടുപുഴ: ''അവൻ മരിച്ചിട്ട്​ 16 വർഷം കഴിഞ്ഞു. മരിച്ചതല്ല, അവർ കൊന്നതാ. അവരെ ശിക്ഷിക്കണം. സ്വന്തമായി കിടപ്പാടംപോലുമില്ലാത്ത ഞങ്ങൾക്ക്​ അർഹമായ നഷ്ടപരിഹാരം നൽകണം'' -നഗരമധ്യത്തിൽ സിവിൽ സ്​റ്റേഷന്​​ മുന്നിലെ വഴിയോരത്തെ മരത്തണലിൽ വടിയൂന്നിയിരുന്ന്​ തോമസ്​ എന്ന 76കാരൻ ഇത്​ പറയുമ്പോൾ പലപ്പോഴും കണ്ണുകൾ നിറഞ്ഞു. അടുത്തിരുന്ന ഭാര്യ പെണ്ണമ്മ (71) അതുകണ്ട്​ കണ്ണുകൾ തുടച്ചു. മനസ്സ്​ നീറ്റുന്ന മകന്‍റെ ഓർമകളുടെ സങ്കടഭാരവുമായാണ്​​ ചുട്ടുപൊള്ളുന്ന വെയിലിലും നീതിതേടി ഇവർ തെരുവിൽ സമരം നടത്തുന്നത്​. തൊടുപുഴ കാളിയാർ വടക്കേക്കുന്നേൽ തോമസും പെണ്ണമ്മയും ചൊവ്വാഴ്ച മുതൽ തൊടുപുഴ സിവിൽ സ്​റ്റേഷന്​ മുന്നിലെ റോഡരികിൽ അനിശ്ചിതകാല സത്യഗ്രഹത്തിലാണ്​. മകൻ ബാബുവിന്‍റെ കസ്റ്റഡി മരണത്തിന്​ ഉത്തരവാദികളായ വനപാലകരെ ശിക്ഷിക്കുംവരെ സമരം തുടരാനാണ്​ തീരുമാനം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത രോഗികളായ ഈ ദമ്പതികൾ വാടകവീട്ടിലാണ്​ താമസം. ഇവരുടെ ആശ്രയമായിരുന്നു 31കാരൻ ബാബു. 2006 നവംബർ 23നാണ്​ ബാബു കസ്റ്റഡിയിൽ മരിച്ചത്​. കാളിയാർ പമ്പ്​ ഹൗസിലെ താൽക്കാലിക ജീവനക്കാരനായ ബാബുവിന്​ പൊലീസിൽ ജോലി ഏറക്കുറെ ശരിയായിരുന്നു. ഇതിനിടെ ഹോട്ടലിൽ ജോലി ചെയ്യുന്ന അനുജൻ ബൈജുവിനെ കാണാനാണ്​ കുമളിയിൽ എത്തിയത്​. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ബാബുവിനെ പെട്ടെന്ന്​ അവിടെയെത്തിയ വനപാലകസംഘം ചന്ദനം മോഷ്ടിച്ചെന്ന്​ ആരോപിച്ച്​ കസ്റ്റഡിയിലെടുത്തു. മറയൂർ ഫോറസ്റ്റ്​ സ്​റ്റേഷനിൽ വനപാലകരുടെ ക്രൂരമർദനത്തിൽ ബാബു മരിച്ചു. മൃതദേഹം കത്തിച്ചുകളയാനുള്ള രഹസ്യനീക്കം നാട്ടുകാർ തടഞ്ഞു. സ്ഥലത്തെ ചില രാഷ്ട്രീയക്കാരാണ്​ ബാബുവിന്‍റെ വീട്ടുകാരെ വിവരം അറിയിച്ചത്​. മൃതദേഹത്തിൽ മാരകമുറിവുകളും പൊള്ളലേൽപിച്ച പാടുകളുമുണ്ടായിരുന്നെന്ന്​ ബാബുവിന്‍റെ സഹോദരൻ ജോയി പറയുന്നു. വീട്​ സന്ദർശിച്ച ഉമ്മൻ ചാണ്ടി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു പൈസപോലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ലോക്കൽ പൊലീസ്​ അന്വേഷിച്ച കേസ്​ പിന്നീട്​ ക്രൈംബ്രാഞ്ച്​ ഏറ്റെടുത്താണ്​ കുറ്റപത്രം സമർപ്പിച്ചത്​. ഡി.എഫ്​.ഒ അടക്കം 15 പ്രതികളുണ്ടായിരുന്നെങ്കിലും പിന്നീട്​ ഡി.എഫ്​.ഒയെ ഒഴിവാക്കി. പ്രതികൾ വനം വകുപ്പ്​ ഉദ്യോഗസ്ഥരായതിനാൽ സാക്ഷികളെ കൂറുമാറ്റാനും കേസ്​ അട്ടിമറിക്കാനും നിരന്തരം ശ്രമങ്ങൾ നടന്നതാണ്​ നടപടികൾ നീളാൻ കാരണം. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ്​ കോടതിയുടെ പരിഗണനയിലുള്ള കേസിൽ വ്യാഴാഴ്ച വിചാരണ പുനരാരംഭിക്കും. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story