Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂളുകളും...

സ്കൂളുകളും അംഗൻവാടികളും ഇന്നുമുതൽ വീണ്ടും കളിചിരികളിലേക്ക്​

text_fields
bookmark_border
കോട്ടയം: സ്കൂളുകളും അംഗൻവാടികളും തിങ്കളാഴ്ച മുതൽ വീണ്ടും കളിചിരികളിലേക്കുണരും. കോവിഡ്​ വ്യാപനത്തോത്​ കുറഞ്ഞതോടെയാണ്​ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്​ തിരിച്ചുവരുന്നത്​. വാർഷിക പരീക്ഷ അടുത്തതിനാൽ പാഠഭാഗങ്ങൾ യഥാസമയം തീർക്കുകയാണ്​ ലക്ഷ്യം. അധിക ക്ലാസുകൾ വേണമെങ്കിൽ സ്കൂൾ അധികൃതർക്ക്​ തീരുമാനിക്കാം. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുക. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തിദിവസമായിരിക്കും. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെ ക്ലാസുകളാകും നടക്കുക. നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ- ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്. 10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ 19വരെ തുടരാം. 21 മുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തും. സ്‌കൂൾ സമയം രാവിലെ മുതൽ വൈകീട്ട്​ വരെ അതത് സ്‌കൂളുകളുടെ സാധാരണ ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കാൻ നി​ർദേശമുണ്ട്​. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ 28നകം പൂർത്തീകരിക്കണം. തുടർന്ന് റിവിഷൻ പ്രവർത്തനങ്ങൾ നടത്തണം. പ്രീ പ്രൈമറി വിഭാഗത്തിന്​ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാം. സ്കൂളുകളിൽ ശുചീകരണപ്രവർത്തനങ്ങളടക്കം ഒരുക്കങ്ങൾ നേരത്തേ പൂർത്തിയാക്കി. രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ്​ അംഗൻവാടികള്‍ തുറക്കുന്നത്​. വനിത ശിശുവികസന വകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. അംഗൻവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക്​ ദോഷം ചെയ്യുമെന്നത്​ കണക്കിലെടുത്താണ്​ തീരുമാനം. അംഗൻവാടികള്‍ തുറന്നുകഴിഞ്ഞാല്‍ കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അംഗൻവാടി ജീവനക്കാരും രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story