Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:44 AM IST Updated On
date_range 2 Feb 2022 5:44 AM ISTകാഞ്ഞിരപ്പള്ളി താലൂക്കിലെ പട്ടയവിതരണം ത്വരിതപ്പെടുത്താൻ പ്രത്യേക സംഘം -മന്ത്രി കെ. രാജൻ
text_fieldsbookmark_border
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ എയ്ഞ്ചൽവാലി-പമ്പാവാലി മേഖലയിൽ പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂരേഖകൾ പരിശോധിച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതടക്കമുള്ള നടപടിക്കായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനായി കലക്‌ടറേറ്റിൽ കൂടിയ യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട് കർമപദ്ധതിയും സമഗ്രമായ റിപ്പോർട്ടും ഒരാഴ്ച്ചക്കകം നൽകാൻ കലക്ടറെയും സർവേ ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. കർമപദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കലണ്ടർ തയാറാക്കി നൽകാനും കലക്ടർക്ക് നിർദേശം നൽകി. കർമപദ്ധതിയുടെ അടിസ്ഥാനത്തിൽ സർവേ-റവന്യൂ ജീവനക്കാർ, സർവേ ഉപകരണങ്ങൾ, സംവിധാനങ്ങൾ എന്നിവ നൽകും. ഫെബ്രുവരിയിൽ തന്നെ പ്രത്യേക സംഘത്തിന്‍റെ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വീണ്ടും യോഗം ചേരും. വനംവകുപ്പ് അടക്കം വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയുണ്ട്. വകുപ്പുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തി അർഹരായവർക്ക് നിയമപ്രകാരം പട്ടയം അനുവദിക്കുകയാണ് ലക്ഷ്യം. വിവിധ വിഭാഗങ്ങളിൽപ്പെട്ട ഭൂമിക്കായി പട്ടയ അപേക്ഷ ലഭിച്ചിട്ടുണ്ട്. പട്ടയം അനുവദിച്ചെങ്കിലും ഭൂമിയുടെ വിസ്തീർണം നിർണയിച്ചു നൽകാനാകാത്തതിനാൽ ഉടമകൾക്ക് പട്ടയത്തിന്‍റെ ഉടമസ്ഥാവകാശം യഥാർഥ അർഥത്തിൽ അവകാശപ്പെടാനാകാത്ത അവസ്ഥയുണ്ട്. ഭൂമി അളന്നുതിട്ടപ്പെടുത്തി നൽകാൻ കഴിയാത്തതിനാൽ പുതിയ പട്ടയം അനുവദിക്കുന്നതിലും പ്രശ്‌നങ്ങൾ നേരിടുന്നു. ഇതു പരിഹരിക്കുകയാണ് ലക്ഷ്യം. കാഞ്ഞിരപ്പള്ളി താലൂക്കിലെ പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് മാറിക്കിടക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തുകയും ഗ്രൂപ്പായി അളന്നുതിരിക്കുകയും വേണം. ഇവ പിന്നീട് വ്യക്തിഗതമായി വെവ്വേറെ അളന്നു തിട്ടപ്പെടുത്തുകയും വേണം. ഇതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ നിർമാണ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. ലാൻഡ് റവന്യൂ കമീഷണർ കെ. ബിജു, കലക്ടർ ഡോ. പി.കെ. ജയശ്രീ, സർവേ ഡയറക്ടർ ശ്രീറാം സാംബശിവ റാവു, എ.ഡി.എം ജിനു പുന്നൂസ്, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ. ബാബു, പാലാ ആർ.ഡി.ഒ. അനിൽ ഉമ്മൻ, ഡെപ്യൂട്ടി കലക്ടർമാരായ പി.ജി. രാജേന്ദ്രബാബു, മുഹമ്മദ് ഷാഫി, ജിയോ ടി.മനോജ് എന്നിവർ പങ്കെടുത്തു. KTL K RAJAN- കലക്ട്റേറ്റിൽ കൂടിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി അഡ്വ. കെ. രാജൻ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story