Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവറചട്ടിയിലേക്ക്​;...

വറചട്ടിയിലേക്ക്​; വിയർത്തൊലിച്ച്​ ജില്ല

text_fields
bookmark_border
കോട്ടയം: റെക്കോഡ്​ മഴക്കാലത്തിന് പിന്നാലെ ചൂട്ടുപൊള്ളി ജില്ല. ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനില രേഖപ്പെടുത്തുന്നത്‌ കോട്ടയത്താണ്‌. ശനിയാഴ്ച പുനലൂരിനുശേഷം ഏറ്റവും കൂടുതൽ ചൂട്​ അനുഭവ​പ്പെട്ടത്​ കോട്ടയത്തായിരുന്നു​. ശനിയാഴ്ച കോട്ടയത്ത്​ 35 ഡിഗ്രിയായിരുന്നു പകല്‍താപനില. പുനലൂർ (35.6) മാത്രമായിരുന്നു കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്‍റെ കണക്കുപ്രകാരം കോട്ടയത്തിന്​ മുന്നിൽ. സമീപ കാലത്തെ ഏറ്റവും വലിയ മഴക്കാലത്തിന് ശേഷമാണ്‌ നാട്‌ വെയിലിൽ ഉരുകുന്നത്‌. മഴ ജില്ലയുടെ മല​യോരങ്ങളിൽ കനത്തനാശം വിതച്ചിരുന്നു. 23 ജീവനുകളാണ്​ ഉരുൾപൊട്ടൽ അപഹരിച്ചത്​. വെള്ളപ്പൊക്കത്തിൽ വലിയ നാശങ്ങളും സംഭവിച്ചിരുന്നു. ജില്ലയിലൂടെ ഒഴുകുന്ന നദികളെല്ലാം നിറഞ്ഞുകവിഞ്ഞു. തുലാവർഷക്കാലത്ത് റെക്കോഡ്​ മഴയാണ് ജില്ലക്ക് കിട്ടിയത്. 1124.2 മില്ലിമീറ്റർ മഴയാണ്​ ആകെ പെയ്തത്​. ഇത്​ 121 വർഷത്തെ ഏറ്റവും ഉയർന്ന അളവായിരുന്നു. 128 ശതമാനമായിരുന്നു അധികമായി ലഭിച്ച മഴ. ഇതിനുശേഷം ആഴ്ചകൾ പിന്നിടുമ്പോഴാണ്​ കനത്ത ചൂട്​ അനുഭവപ്പെടുന്നത്​. ഡിസംബർ 13ന്​ സമതല പ്രദേശങ്ങളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്​ രേഖപ്പെടുത്തിയത്​ ജില്ലയിലായിരുന്നു. 35.6 ഡിഗ്രി സെൽഷ്യസ്. അന്നത്തെ ശരാശരിയെക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു ഇത്​. ഈമാസം ഒന്നിനാണ്​ ചൂട്​ ഏറ്റവും ഉയർന്നത്​.​ പകല്‍താപനില 36.8 ഡിഗ്രിയായാണ്​ ഉയർന്നത്​. നിലവിലെ കണക്കുകൾ പ്രകാരം ജനുവരിയില്‍ കോട്ടയത്ത്​ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 37 ഡിഗ്രിയാണ്‌. 2020ല്‍ 23 മുതല്‍ 25 വരെയാണ്‌ റെക്കോഡ്​ ചൂടായ 37 ഡിഗ്രി രേഖപ്പെടുത്തിയത്‌. ഇത്തവണ മാസത്തിന്‍റെ തുടക്കത്തില്‍ തന്നെ താപനില 37ന്‌ അടുത്തെത്തിയ സാഹചര്യത്തില്‍ റെക്കോഡ്​ മറികടന്നേക്കാമെന്നാണ് വിലയിരുത്തൽ. ജനുവരിയില്‍ ഇത്രയും കനത്ത ചൂട്​ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ സ്ഥിതിയെന്താകുമെന്ന​ ആശങ്കയിലാണ്​ നാട്ടുകാർ. വെയില്‍ ശക്തമായതോടെ പുഴകളിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴുകയാണ്‌. മണിമലയാറ്റിലും മീനച്ചിലാറ്റിലുമാണ്‌ ജലനിരപ്പ്‌ കുത്തനെ താഴുന്നത്‌. ഒക്‌ടോബറില്‍ കരകവിഞ്ഞ്‌ നാലടിയിലേറെ ഉയരത്തില്‍ ഒഴുകിയ പുഴയിപ്പോള്‍ കല്ലുംകൂട്ടമായി മാറിയിരിക്കുകയാണ്‌. മലയോരത്തിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലും കുടിവെള്ള​ക്ഷാമം അനുഭവപ്പെട്ട്​ തുടങ്ങിയിട്ടുണ്ട്​​. ജില്ലയു​ടെ മലയോരം​ കാട്ടുതീ ഭീഷണിയിലുമാണ്​. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഒരാഴ്‌ചയിലേറെ ശക്തമായ മഴ ലഭിച്ചിരുന്നതിനാൽ കാര്യമായതോതിൽ ചൂട്​ ഉയർന്നിരുന്നില്ല. ഇത്തവണ സമാനരീതിയിൽ മഴ പെയ്തില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാകും കാത്തിരിക്കുന്നതെന്ന്​ വിദഗ്​ധർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story