Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:32 AM IST Updated On
date_range 6 Jan 2022 5:32 AM ISTശബരിമല സ്പെഷൽ ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈകോടതി
text_fieldsbookmark_border
ശബരിമല സ്പെഷൽ ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ കർശന നടപടി വേണം -ഹൈകോടതി കൊച്ചി: ആരോഗ്യപ്രശ്നങ്ങളാൽ അല്ലാതെ ശബരിമലയിൽ ഡ്യൂട്ടിക്ക് ഹാജരാകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. ശമ്പളവും പെൻഷനും അടക്കം നൽകുന്നത് ശബരിമലയിലെ വരുമാനംകൊണ്ടാകുമ്പോൾ ദേവസ്വം ജീവനക്കാർ ശബരിമല ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുന്നതിനെ നിസ്സാരമായി കാണാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നടപടിയെടുക്കാൻ ദേവസ്വം കമീഷണർക്ക് നിർദേശം നൽകിയത്. ദേവസ്വം ബോർഡ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽനിന്ന് ജീവനക്കാരെ ഡെപ്യൂട്ടേഷനിലും 200 ക്ലാസ് ഫോർ ജീവനക്കാരെ അധികമായും ദിവസവേതനാടിസ്ഥാനത്തിൽ 250 ജീവനക്കാരെ ഉടനെയും നിയമിക്കാൻ കമീഷണർക്ക് നിർദേശം നൽകിയിരുന്നെങ്കിലും പലരും ഡ്യൂട്ടിക്ക് വിസമ്മതിക്കുന്നുവെന്ന റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽനിന്ന് 30ഉം ക്ലാസ് ഫോർ വിഭാഗത്തിൽനിന്ന് 76ഉം പേരാണ് ഇതുവരെ ജോലിയിൽ പ്രവേശിച്ചതെന്ന് ശബരിമല എക്സി. ഓഫിസർ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. ദിവസവേതനക്കാരായി 61 പേരും ജോലിക്കെത്തി. മകരവിളക്ക് സീസണിൽ യഥാക്രമം 67, 420, 390 വീതം സ്പെഷൽ ഡ്യൂട്ടിക്ക് ഹാജരായതായി ദേവസ്വം ബോർഡും അറിയിച്ചു. ക്ഷേത്രകലാപീഠത്തിൽനിന്നുള്ള 50 കുട്ടികളും എത്തിയിട്ടുണ്ട്. കാണിക്കയിൽ വീഴുന്ന നോട്ടുകളും ചില്ലറകളും എണ്ണാൻ 200 പേർ വേണമെങ്കിലും ജോലിക്ക് വന്നത് 145 പേർ മാത്രമാണെന്ന റിപ്പോർട്ടും കോടതി പരിഗണിച്ചു. കോടതി ഉത്തരവുണ്ടായിട്ടും മതിയായ ജീവനക്കാരെ വിട്ടുനൽകാതിരുന്നതിന് കാരണം ആരായണമെന്ന് സ്പെഷൽ കമീഷണർ ആവശ്യപ്പെട്ടു. നിയോഗിച്ചവരെല്ലാം ജോലിക്കെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദേവസ്വം കമീഷണർക്ക് ബാധ്യതയുണ്ടെന്ന് അമിക്കസ് ക്യൂറിയും വ്യക്തമാക്കി. കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർ ശബരിമല സ്പെഷൽ ഡ്യൂട്ടിക്ക് ഹാജരാകാൻ മടികാട്ടുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ശബരിമലയുടെ അധിക വരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മതിയായ വരുമാനം ലഭ്യമല്ലാത്ത 1190 ക്ഷേത്രങ്ങൾക്കും ദേവസ്വം ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനുമാണ് വിനിയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ദേവസ്വം ജീവനക്കാർ സ്പെഷൽ ഡ്യൂട്ടിക്ക് വിസമ്മതിക്കുന്നത് നിസ്സാരമായി കാണാനാവില്ല. ജോലിക്കെത്താൻ വിസമ്മതിച്ചവരുടെ പട്ടിക അസി. ദേവസ്വം കമീഷണർമാരിൽനിന്ന് ദേവസ്വം കമീഷണർ ശേഖരിച്ച് സ്പെഷൽ കമീഷണർക്ക് പകർപ്പ് നൽകണമെന്ന് കോടതി നിർദേശിച്ചു. സ്പെഷൽ കമീഷണർ ഇത് കോടതിക്ക് കൈമാറണം. റിപ്പോർട്ട് ലഭിച്ചാൽ ഉചിതവും കർശനവുമായ നടപടികൾ ദേവസ്വം കമീഷണർ സ്വീകരിക്കണം. രണ്ടുവർഷമായി ശബരിമല സ്പെഷൽ ഡ്യൂട്ടി ചെയ്യാത്ത പുരുഷജീവനക്കാരുടെ പട്ടിക നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story