Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാണാതെ പോകരുത്​; ഈ...

കാണാതെ പോകരുത്​; ഈ പേനകളിൽ തളിർക്കുന്ന ജീവിതമുണ്ട്​

text_fields
bookmark_border
കോട്ടയം: അരക്ക്​​ കീഴെ തളർന്ന്​ കിടപ്പിലായപ്പോഴും ജയരാജ്​ തോറ്റില്ല. തളരാത്ത കൈകളും മനസ്സും ആയുധമാക്കി കടലാസ്​ കൊണ്ട്​ വിത്തുപേനകളുണ്ടാക്കി വിറ്റ്​ വിധിയോട്​ പൊരുതി. എന്നാൽ, കോവിഡ്​ കാലം ജീവിതത്തിൽ വില്ലനായി വീണ്ടും അവതരിച്ചതോടെ പേനകൾക്ക്​ ആവശ്യക്കാരില്ലാതായി. ഉണ്ടാക്കിയ പേനകൾ പോലും വിറ്റുപോകാത്തതിൻെറ ആശങ്കയാണ്​ ഇപ്പോൾ ഈ ഗൃഹനാഥനെ അലട്ടുന്നത്​. 10 വർഷമായി വീടി​ൻെറ നാലു ചുവരുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്​​ പേരൂർ വടക്കേ പുളുന്താനം വീട്ടിൽ ജയരാജി​ൻെറ (47) ജീവിതം. പണിക്കിടെ പനയോല വെട്ടാൻ കയറിയതായിരുന്നു. പിടിവിട്ട്​ താഴെവീണു. ന​ട്ടെല്ലിന്​ ഗുരുതര പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയെങ്കിലും എഴുന്നേറ്റു നടക്കാനായില്ല. ആയുർവേദചികിത്സ ചെയ്​താൽ സ്വന്തം കാര്യങ്ങൾ ചെയ്യാനെങ്കിലും കഴിയുമെന്ന്​ ജയരാജിനറിയാം. എന്നാൽ, അതിനുകൂടി ചെലവാക്കാൻ പണമില്ല. അങ്ങനെ ജീവിതം വീൽചെയറിലായി. ​ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സഹായം വേണമെന്നതിനാൽ ഭാര്യ സതി എപ്പോഴും കൂടെയുണ്ടാവും. മൂ​ത്രം പോകാൻ ട്യൂബ്​ ഇട്ടിട്ടുണ്ടെങ്കിലും വയറ്റിൽനിന്ന്​ പോകുന്നത്​ അറിയില്ല. മകൻ ഹോട്ടൽ ജോലി ചെയ്​താണ്​​ കുടുംബം നോക്കുന്നത്​. മകളെ വിവാഹം ചെയ്​തയച്ചു. വീട്ടുകാര്യങ്ങളിൽ തന്നെക്കൊണ്ടാവുന്ന പോലെ സഹായിക്കാമെന്ന്​ കരുതിയാണ്​ ഒരു വർഷം മുമ്പ്​ പ്രകൃതി സൗഹൃദ പേനകളുടെ നിർമാണത്തിലേക്ക്​ തിരിഞ്ഞത്​. പേന തയാറാക്കാനുള്ള കടലാസ്​ തൃശൂരിൽനിന്ന്​ കൊറിയർ വഴി എത്തിക്കും​. പയർ, വെണ്ട, വഴുതന തുടങ്ങിയ ചെറിയ വിത്തുകളാണ്​ പേനയിൽ വെക്കാൻ ഉപയോഗിക്കുന്നത്​. കാർഷികമേളകളിൽനിന്ന്​​ പണം കൊടുത്ത്​ വിത്തുകൾ ശേഖരിക്കും. വീൽചെയറിലിരുന്ന്​ 40 പേനകൾ ഒരുദിവസം ഉണ്ടാക്കും. അധികം സമയം ഇരിക്കാനാവാത്തതിനാൽ രാവിലെ 20, വൈകീട്ട്​ 20 വീതമാണ്​ ഉണ്ടാക്കുക. പത്തുരൂപയാണ്​ പേനയുടെ വില. ഒരു പേന നിർമിക്കാൻ​ ആറു രൂപ ചെലവു വരും. സ്​കൂളുകളായിരുന്നു പ്രധാന ആവശ്യക്കാർ. സ്​കൂൾഅധികൃതർ ആവശ്യപ്പെടുന്നതിനനുസരിച്ച്​ പേനകൾ ഉണ്ടാക്കി നൽകാറാണ്​ പതിവ്​. എന്നാൽ കോവിഡ്​ കാലം തുടങ്ങിയതുമുതൽ ആരും പേനകൾ തേടി വരുന്നില്ല. സ്​കൂളുകൾ അടച്ചതോടെ ആ വഴിയും അടഞ്ഞു. ജയരാജി​ൻെറ അവസ്​ഥയറിഞ്ഞ്​ കഴിഞ്ഞവർഷം എം.എ. യൂസഫലി ഇലക്​ട്രിക്​​ വീൽചെയർ നൽകിയിരുന്നു. അതിലിരുന്ന്​ പുറത്തിറങ്ങാറുണ്ട്​. കഴിഞ്ഞവർഷം അടുത്തുള്ള പേരൂർക്കാവിലെ മീനഭരണിക്ക്​ പോയി നൂറ്​ പേനകൾ വിറ്റു. ഇപ്പോൾ ഉത്സവങ്ങളും ഇല്ല. പുറത്തിറങ്ങാനുമാവുന്നില്ല. ഉണ്ടാക്കിയ ആയിരത്തോളം പേനകൾ വീട്ടിലിരിപ്പാണ്​. പേന ആവശ്യമുള്ളവർ വാങ്ങിയാൽ ജയരാജിന്​ വലിയ​ സഹായമാവും. നേരി​ട്ടെത്താൻ പറ്റാത്തവർക്ക്​ കൊറിയർ ആയി അയച്ചുനൽകും. പണം ഗൂഗിൾ പേ ചെയ്​താൽ മതി. (ജയരാജ്​ കെ. ജയരാജ്​. ഫോൺ: 96568 49035).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story