Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:21 AM IST Updated On
date_range 21 Aug 2022 12:21 AM ISTകുലുക്കമില്ലാതെ ഡോ. ജോസഫ് സ്കറിയ
text_fieldsbookmark_border
കോട്ടയം: കണ്ണൂർ സർവകലാശാലയിലെ അസോ. പ്രഫസർ നിയമന വിവാദം ഗവർണറും സർക്കാറും തമ്മിലുള്ള തുറന്ന പോരിലേക്ക് വഴിമാറുമ്പോഴും കുലുക്കമില്ലാതെ 'കാരണഭൂതനായ' ഡോ. ജോസഫ് സ്കറിയ. ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാള വിഭാഗം മേധാവിയായ ഇദ്ദേഹത്തിന്‍റെ പരാതിയാണ് കേരളം ഉറ്റുനോക്കുന്ന തർക്കത്തിലെ കേന്ദ്രബിന്ദു. തർക്കം പുതിയതലങ്ങളിലേക്ക് നീങ്ങുമ്പോഴും തന്‍റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇദ്ദേഹം, പോരാട്ടം തുടരുമെന്നും വ്യക്തമാക്കുന്നു. പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരെ ഗവർണർക്ക് പരാതി നൽകിയത് റാങ്ക് പട്ടികയിൽ രണ്ടാമനായിരുന്ന ജോസഫ് സ്കറിയയായിരുന്നു. ഇതിൽ വിവാദ നിയമന പട്ടിക സ്റ്റേ ചെയ്ത ഗവർണർ, തുടർനടപടികളും കടുപ്പിക്കുകയാണ്. തന്‍റെ പരാതി ഇത്രയും വളരുമെന്ന് കരുതിയില്ലെന്ന് പറയുന്ന ജോസഫ് സ്കറിയ, സർക്കാർ-ഗവർണർ ചേരിപ്പോരായി ഇത് മാറുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും 'മാധ്യമ'ത്തോട് പറഞ്ഞു. കണ്ണൂരിനു പിന്നാലെ കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം പ്രഫസർ നിയമന പട്ടികയിൽ ജോസഫ് സ്കറിയ ഒന്നാമതെത്തിയിരുന്നു. എന്നാൽ, ഇതിലും നിയമനം നടന്നിട്ടില്ല. സിൻഡിക്കേറ്റിലെ ഇടതു പ്രതിനിധികളുടെ എതിർപ്പായിരുന്നു കാരണം. ഇതിൽ നിയമനം നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി എസ്.ബി കോളജിൽ അധ്യാപകനായി 14 വർഷം പിന്നിട്ട ഇദ്ദേഹം 25 വർഷത്തിലധികമായി അധ്യാപനരംഗത്തുണ്ട്. മലബാർ ചരിത്രരേഖകളുമായി ബന്ധപ്പെട്ട ഭാഷാപഠനത്തിൽ പിഎച്ച്.ഡി നേടിയ ഇദ്ദേഹം ഇടത് അനുകൂല അധ്യാപക സംഘടനയിലെ അംഗവുമാണ്. എന്നാൽ, തന്‍റെ പരാതി രാഷ്ട്രീയ പോരാട്ടമല്ലെന്ന് അദ്ദേഹം പറയുന്നു. ഏതെങ്കിലും പാർട്ടിക്കും എതിരല്ല. അങ്ങനെ ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല. സർവകലാശാലകളിൽ നീതിപൂർവകമായ നിയമനം നടത്തണമെന്നാണ് ആവശ്യം. ഇതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ഞാൻ പ്രവർത്തിക്കുന്ന സംഘടനയോ മറ്റാരെങ്കിലുമോ എതിരാണെന്ന് തോന്നിയിട്ടില്ല. പ്രിയ വർഗീസിനോട് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണത്തിനുള്ള കൂടുതൽ സാധ്യതകളാണ് കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിലേക്ക് അപേക്ഷിക്കാനുള്ള കാരണം. വിവാദങ്ങൾക്കൊടുവിൽ കണ്ണൂരിലും കാലിക്കറ്റിലും നിയമനം ലഭിച്ചാൽ ഏത് തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് കാലിക്കറ്റ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അവിടെ പ്രഫസർ പദവിയാണ്- അദ്ദേഹം പറഞ്ഞു. ആറ് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ജോസഫ് സ്കറിയ നേത്തേ ഏഴുവർഷം മാനന്തവാടിയിൽ ഹയർ സെക്കൻഡി അധ്യാപകനായിരുന്നു. അൺ എയ്ഡ്ഡ് കോളജുകളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം മൂന്നുവർഷം ഡച്ച് സർക്കാറിന്‍റെ കീഴിൽ തിരുവനന്തപുരത്ത് പീപ്ൾ കോളജിൽ കോഴ്സ് കോഓഡിനേറ്റായി പ്രവർത്തിച്ചു. ഭാഷാപഠനത്തിനുള്ള 2010ലെ കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമാണ്. ഇപ്പോൾ ഒമ്പത് വിദ്യാർഥികൾ ഇദ്ദേഹത്തിന്‍റെ കീഴിൽ ഗവേഷണം നടത്തുന്നുണ്ട്. ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയായ ഇദ്ദേഹത്തിന്‍റെ മൂത്ത മകൾ തൃക്കൊടിത്താനം ഗവ. സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. മകൻ പത്താം ക്ലാസിലും പഠിക്കുന്നു. ഏറ്റവുമൊടുവിൽ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ജോസഫ് സ്കറിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story