Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:56 AM IST Updated On
date_range 19 Aug 2022 12:56 AM ISTപൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റണം -മന്ത്രി വാസവൻ
text_fieldsbookmark_border
കോട്ടയം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന മലയാളിയുടെ ശീലം മാറണമെന്നും പുതിയ മാലിന്യ നിർമാർജന -ശുചിത്വ സംസ്കാരം രൂപപ്പെടണമെന്നും മന്ത്രി വി.എൻ. വാസവൻ. അംഗൻവാടി മുതൽ എൽ.പി സ്‌കൂൾതലം വരെയുള്ള കുട്ടികളിൽ മാലിന്യസംസ്‌കരണശീലം വളർത്തുന്നതിന് സഹകരണ വകുപ്പ് നടപ്പാക്കുന്ന 'ശുചിത്വം സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന മുഖ്യഘടകമാണ് ശുചിത്വം. മാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുന്ന ശീലം വളരണം. കുട്ടികളിലൂടെയടക്കം പുതിയ ശുചിത്വ സംസ്കാരം വളർത്തിയെടുക്കുകയാണ് ശുചിത്വം സഹകരണം പദ്ധതിയുടെ ലക്ഷ്യം. 'ശുചിത്വം സഹകരണം' ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. സഹകരണ രജിസ്ട്രാർ അലക്‌സ് വർഗീസ്, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ. മേനോന് നൽകി പരിശീലന കൈപുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എസ്. ശരത്, സ്റ്റേറ്റ് കോഓപറേറ്റിവ് യൂനിയൻ അംഗം കെ.എം. രാധാകൃഷ്ണൻ, സഹകരണസംഘം ജോയന്‍റ് രജിസ്ട്രാർ ജനറൽ എൻ. വിജയകുമാർ, സഹകരണ സംഘം ഓഡിറ്റ് ജോയന്‍റ് ഡയറക്ടർ എസ്. ജയശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്‍റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ബെവിൻ ജോൺ, മീനച്ചിൽ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ചെങ്ങളം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.എം. കമലാസനൻ, കാഞ്ഞിരം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.എം. മണി, തിരുവാർപ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.എസ്. ബഷീർ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രശ്മി പ്രസാദ്, ഏറ്റുമാനൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെസി നൈനാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. അജയ്, പി.എസ്. ഷീനമോൾ, ഫോബ്‌സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് രാജീവ് ജോർജ്, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡന്‍റ് സജേഷ് ശശി എന്നിവർ സംസാരിച്ചു. വൃക്ഷത്തൈകൾവെച്ചു പിടിപ്പിക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ തുടർച്ചയായി ഇ-നാട് സഹകരണ സംഘവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. -------------------------- പദ്ധതി നടപ്പാക്കുന്നതിങ്ങനെ... . ജൈവമാലിന്യത്തെ കമ്പോസ്റ്റാക്കി മാറ്റുന്നതിനുള്ള ഉറവിട മാലിന്യബിന്നുകൾ അംഗൻവാടിയിലും സ്കൂളിലും സ്ഥാപിക്കും. ടീച്ചർമാർക്ക് മാലിന്യസംസ്കരണ രീതികൾ പഠിപ്പിച്ച് നൽകും. മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് എങ്ങനെ ശാസ്ത്രീയമായി സംസ്കരിക്കാമെന്നും പഠിപ്പിക്കും. മാലിന്യങ്ങൾ അതത് ബിന്നുകളിലേക്ക് ഇടുന്നത് ദിവസേന കാണുന്ന കുട്ടികൾക്ക് മാലിന്യ നിർമാർജനത്തിൽ അവബോധം ലഭിക്കും. വീടുകളിലും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കപ്പെടും. നമ്മൾ സൃഷ്ടിക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന ചിന്ത കുട്ടികളുടെ മനസ്സിൽ വളർത്തും. ഖരമാലിന്യങ്ങൾ തരംതിരിച്ച് വിവിധ ബിന്നുകളിൽ സൂക്ഷിക്കുകയും ഹരിതകർമസേനക്ക് കൈമാറുകയും ചെയ്യും. കുട്ടികൾ വീടുകളിലും അങ്ങനെ ചെയ്യുന്നതിന് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കും. ചെറുപ്പം മുതലേ ശുചിത്വശീലം വളർത്തുകയാണ് ലക്ഷ്യം. . ഇ-നാട് യുവജനസംഘമാണ് പദ്ധതി നടപ്പാക്കുക. സാങ്കേതിക സഹകരണം നൽകുന്നത് അമൽജ്യോതി എൻജിനീയറിങ് കോളജിലെ സ്റ്റാർട്ട്അപ്പായ ഫോബാണ്. . കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. . സഹകരണ വകുപ്പ് ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സഹകരണമേഖലയിൽനിന്നുള്ള സർവിസ് പ്രൊവൈഡർ ഇ-നാട് യുവജന സഹകരണ സൊസൈറ്റിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story