Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:38 AM IST Updated On
date_range 17 Aug 2022 12:38 AM ISTനാരായൻ: ഇടുക്കിയെ ഹൃദയത്തിൽ ചേർത്ത എഴുത്തുകാരൻ
text_fieldsbookmark_border
തൊടുപുഴ: നാരായൻ ഓർമയാകുമ്പോൾ അത് ഇടുക്കിയുടെ കൂടി നഷ്ടമാണ്. ഗോത്രസാഹിത്യത്തിന്‍റെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഈ എഴുത്തുകാരന്‍റെ ജന്മദേശം ഇടുക്കിയായിരുന്നു. സാഹിത്യവും എഴുത്തും അരയ സമുദായത്തിന് അന്യമല്ലെന്ന് തെളിയിച്ച അദ്ദേഹത്തിന്‍റെ രചനകൾ ആദിവാസി ജീവിതത്തിന്‍റെ അടിസ്ഥാന അനുഭവങ്ങളെയാണ് അനാവരണം ചെയ്തത്. കുറഞ്ഞ കാലയളവാണെങ്കിലും ഇടുക്കിയിലെ ജീവിതം നൽകിയ ഉൾക്കാഴ്ചകളാണ് നാരായനെ ഗോത്രജനതയുടെ ജീവിതാവസ്ഥകളെക്കുറിച്ച് ചിന്തിക്കാനും എഴുതാനും പ്രേരിപ്പിച്ചത്. തൊടുപുഴ-മൂലമറ്റം റൂട്ടിൽ കുടയത്തൂർ ഗവ. ഹൈസ്കൂളിന് സമീപം ചാലപ്പുറത്തായിരുന്നു നാരായന്‍റെ വീട്. ചാലപ്പുറത്ത് എന്നത് അച്ഛന്റെ വീട്ടുപേരാണ്. അത് പിന്നീട് സ്ഥലപ്പേരായി. അന്നത് തനി കുഗ്രാമമാണ്. വീട്ടിൽനിന്ന് നാല് കിലോമീറ്ററോളം നടന്നാണ് സ്കൂളിൽ പോയിരുന്നത്. വീടിന് സമീപം ചാലപ്പുറം തോട് ഒഴുകിയിരുന്നു. അന്നവിടെ കുറച്ച് കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. 22 വർഷത്തോളം നാരായൻ അവിടെ ജീവിച്ചു. എറണാകുളത്തേക്ക് താമസം മാറ്റിയെങ്കിലും എല്ലാ വർഷവും നാട്ടിലെത്താനും തറവാട്ടുവീട്ടിൽ പോയി ബന്ധുക്കളുമായി പഴയ ഓർമകൾ പുതുക്കാനും നാരായൻ സമയം കണ്ടെത്തിയിരുന്നു. നാരായൻ സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴാണ് മൂലമറ്റം വൈദ്യുതി നിലയം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഹെലികോപ്ടറിൽ വന്നത്. കൂട്ടുകാർക്കൊപ്പം നാലഞ്ച് കിലോമീറ്റർ നടന്ന് ഹെലികോപ്ടർ കാണാൻ പോയ വിശേഷം നാരായൻ പിന്നീട് പലപ്പോഴും ഓർത്തെടുത്തിട്ടുണ്ട്. ജീവിതം ഇടുക്കിയിൽനിന്ന് പറിച്ചുനട്ടെങ്കിലും അവിടത്തെ പച്ചപ്പും മലകളും മരങ്ങളും ഇല്ലതാകുന്നതിൽ അദ്ദേഹം സങ്കടപ്പെട്ടിരുന്നു. ആദിവാസി മേഖലക്ക് സർക്കാർ അനുവദിക്കുന്ന ഫണ്ട് വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ലെന്ന പരാതിയും ഉണ്ടായിരുന്നു. പ്രകൃതിയോടും രോഗങ്ങളോടും കാട്ടുമൃഗങ്ങളോടും ഏറ്റുമുട്ടി ജീവിക്കുന്നവർക്ക് മനുഷ്യരിൽനിന്ന് നേരിടേണ്ടിവരുന്ന ദണ്ഡനങ്ങൾ അദ്ദേഹം 'കൊച്ചരേത്തി'യിൽ വിവരിക്കുന്നുണ്ട്. സ്വന്തം ജീവിത പരിസരവുമായി ബന്ധപ്പെട്ട അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ജീവിത സാഹചര്യങ്ങളാണ് ഇതിൽ നാരായൻ അനാവരണം ചെയ്യാൻ ശ്രമിച്ചത്. ആ അനുഭവങ്ങൾക്ക് കരുത്ത് നൽകിയതാകട്ടെ ഇടുക്കിയിലെ ജീവിതവും കാഴ്ചകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story