Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 1:01 AM IST Updated On
date_range 14 Aug 2022 1:01 AM ISTഇനി തുഴച്ചിൽ ആരവം; ഒരുക്കത്തിൽ ബോട്ട് ക്ലബുകൾ
text_fieldsbookmark_border
. വേമ്പനാട് പരിശീലനം തുടങ്ങി; കുമരകം ബോട്ട് ക്ലബ് ഇന്ന് മുതൽ കോട്ടയം: ഇടവേളക്കുശേഷം ജലോത്സവ ആരവങ്ങൾക്കായി ഓളപ്പരപ്പുകൾ ഒരുങ്ങുമ്പോൾ ഒപ്പം ചേരാൻ കുമരകം. ഇത്തവണ അഞ്ച് ബോട്ട് ക്ലബുകളാണ് കുമരകത്തുനിന്ന് തുഴയെറിയുന്നത്. കുമരകം ടൗൺ ബോട്ട് ക്ലബ്, എൻ.സി.ഡി.സി, വേമ്പനാട് ബ്ലോട്ട് ക്ലബ്, കുമരകം ബോട്ട് ക്ലബ്, സമുദ്ര ബോട്ട് ക്ലബ് എന്നിവയാണ് കുമരത്തിന്‍റെ ആവേശത്തുഴയുമായി ചീറിപ്പായുക. നെഹ്റുട്രോഫിയിലാകും പോരാട്ടത്തുടക്കം. നെഹ്‌റുട്രോഫി ഇത്തവണ സെപ്റ്റംബർ നാലിനാണ്. നെഹ്റുട്രോഫിയോടെ ചാമ്പ്യന്‍സ് ബോട്ട് ലീഗിനും (സി.ബി.എല്‍) തുടക്കമാകും. നവംബര്‍ 26ന് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെയാണ് ലീഗ് അവസാനിക്കുക. ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ 12 വള്ളംകളികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലീഗിൽ പങ്കെടുക്കാനുള്ള ഒരുക്കങ്ങളിലാണ് ബോട്ട് ക്ലബുകൾ. വിവിധ ചുണ്ടൻ വള്ളങ്ങളുമായി ഇവർ ധാരണയിലുമെത്തി. സെന്‍റ് പയസ് ചുണ്ടനിലാകും കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയെറിയുക. കുമരകം ബോട്ട് ക്ലബ് ആയാംപറമ്പ് പാണ്ടിയിലാകും പോരിനിറങ്ങുക. രണ്ട് ഹാട്രിക്ക് അടക്കം ഏഴു തവണ നെഹ്‌റുട്രോഫി നേടിയ ക്ലബ്, ഇത്തവണ സ്വദേശികളായ തുഴച്ചിലുകാർക്ക് പ്രാധാന്യം നൽകി പരമ്പരാഗത തുഴച്ചിൽ ശൈലിയിലേക്ക് മാറാനാണ് തയാറെടുക്കുന്നത്. ഇതിനായി 15 ദിവസത്തെ പരിശീലനം കുമരകം മുത്തേരി മടയാറ്റിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 10 ന് നാരകത്രയിൽ പരിശീലനത്തിന് തുടക്കം കുറിക്കും. സുരേഷ് ശാന്തിയാണ് ക്ലബിന്‍റെ ലീഡിങ് ക്യാപ്റ്റൻ. ഒന്നാം തുഴയിൽ അനന്ദു പുത്തൻപറമ്പിലും ഒന്നാം അമരത്ത് പ്രദീപ് പുത്തൻപുരക്കലും അണിനിരക്കും. ക്ലബ് സെക്രട്ടറി ശ്രീകാന്ത് പുത്തൻപറമ്പിൽ, പ്രസിഡന്‍റ് സുകുമാരൻ ബ്ലാത്തിയിൽ എന്നിവർ നേതൃത്വം നൽകും. എൻ.സി.ഡി.സി നടുഭാഗം ചുണ്ടനിലും വേമ്പനാട് ബോട്ട്ക്ലബ് പായിപ്പാട് ചുണ്ടനിലുമാകും തുഴയെറിയുക. ജവഹർ തായങ്കരിയിലാകും സമുദ്ര ബോട്ട് ക്ലബ് മത്സരിക്കുക. മുൻവർഷങ്ങളിൽ ഇവർ ചെറുവള്ളത്തിലാണ് മത്സരിച്ചിരുന്നത്. വേമ്പനാട്ട് ക്ലബ് മുത്തേരി മടയാറ്റിൽ പരിശീലനം ആരംഭിച്ചു. മറ്റുള്ളവർ അടുത്തദിവസം പരിശീലനം തുടങ്ങും. പരിശീലന വള്ളത്തിലാകും ആദ്യഘട്ടതുഴച്ചിൽ. അടുത്ത ആഴ്ചയോടെ വള്ളങ്ങൾ എത്തിച്ച് അതിൽ പരിശീലനം ആരംഭിക്കും. ആദ്യദിവസങ്ങളിൽ തുഴച്ചിലുകാരുടെ സെലക്ഷൻ അടക്കമുള്ളവയാകും നടക്കുക. കഴിഞ്ഞ മൂന്ന് വർഷമായി ട്രാക്ക് തെറ്റിയ വള്ളംകളികൾ തിരിച്ചെത്തുന്നതിൽ വള്ളംകളി പ്രേമികളും ആവേശത്തിലാണ്. മിക്ക ക്ലബുകളും സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ക്ലബുകളും കരക്കാരും മത്സരത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. മികച്ചനിലയിൽ പരിശീലനം നടത്തുന്നതിന് 50ലക്ഷം രൂപയിൽ അധികം ചെലവഴിക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഭാരിച്ച ചെലവ് താങ്ങാനാകാത്തതിനാൽ സ്പോൺസർമാരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഇവർ. 120 മുതൽ 130പേർവരെ തുഴച്ചിലുകാർ ഉണ്ടാകും. ഇവർക്ക് പ്രതിദിന പരിശീലനത്തിന് കൂലി, ഭക്ഷണം ഇനത്തിൽ കുറഞ്ഞത് 2.5ലക്ഷം ചെലവഴിക്കേണ്ടി വരുമെന്നും ക്ലബ് ഭാരവാഹികൾ പറയുന്നു. സി.ബി.എൽ മത്സരങ്ങൾ ക്ലബുകൾക്ക് ആശ്വാസമായിരുന്നു. ഇതിൽ പങ്കെടുക്കുന്ന ക്ലബിന് 1.31കോടി മുതൽ 48 ലക്ഷം വരെ ലഭിച്ചിരുന്നു. ഇത്തവണ ലീഗ് നടത്താനുള്ള സർക്കാർ തീരുമാനം ഇവർക്ക് സന്തോഷം പകരുന്നുണ്ട്. സംസ്ഥാനത്ത് ചെറുതും വലുതുമായി 65 ബോട്ട് ക്ലബുകളാണുള്ളത്. നാട്ടുകാരിൽനിന്ന് പിരിവെടുത്തും മറ്റുമാണ് ക്ലബിന്‍റെ ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നത്. ---- ബോക്സ് ----- താഴത്തങ്ങാടിയിലടക്കം 12 മത്സരങ്ങൾ സെപ്റ്റംബര്‍ നാലിന് നെഹ്‌റുട്രോഫി വള്ളംകളിയോടെ തുടക്കമാകുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിൽ (സി.ബി.എല്‍) താഴത്തങ്ങാടിയടക്കം 12 വേദികൾ. താഴത്തങ്ങാടി, പുളിങ്കുന്ന്, പിറവം, എറണാകുളം മറൈന്‍ ഡ്രൈവ്, കോട്ടപ്പുറം, കൈനകരി, കരുവാറ്റ, മാന്നാര്‍, കായംകുളം, കല്ലട, പ്രസിഡന്റ്സ് ട്രോഫി കൊല്ലം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story