Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:26 AM IST Updated On
date_range 12 Aug 2022 12:26 AM ISTവൈദികന്‍റെ വീട്ടിലെ മോഷണം: മകൻ അറസ്റ്റിൽ
text_fieldsbookmark_border
കോട്ടയം: തൃക്കോതമംഗലം സെന്‍റ് മേരീസ് ബത്ലഹേം പള്ളി വികാരി ഫാ. ജേക്കബ് നൈനാന്‍റെ വീട്ടിൽ മോഷണം നടത്തിയത് മകൻ. പ്രതിയെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്‍റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാൽ ഷിനോ നൈനാൻ ജേക്കബാണ് (36) അറസ്റ്റിലായത്. കൂടുതലായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു ഇയാൾക്ക്. ഇതു തീർക്കുന്നതിനാണ് വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് ഫാ. ജേക്കബ് നൈനാന്‍റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് 48 പവൻ സ്വര്‍ണവും 80,000 രൂപയും മോഷ്ടിച്ചത്. വീടിനകത്ത് മുളകുപൊടിയും വിതറിയിരുന്നു. ഫാ. ജേക്കബും ഭാര്യയും പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കട്ടിലിനടിയിൽ സൂക്ഷിച്ച താക്കോൽ എടുത്ത് അലമാര തുറക്കുകയായിരുന്നു. 21 പവൻ സ്വർണം സമീപത്തെ ഇടവഴിയിൽനിന്ന് കണ്ടെത്തിയിരുന്നു. മോഷണം ആണെന്ന് തോന്നിപ്പിക്കാൻ ഷിനോ തന്നെ സ്വർണം ഇടവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷണം നടത്തിയത് പരിചയമുള്ളവരാണെന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. ഷിനോയുടെ മൊബൈൽ പരിശോധിച്ചപ്പോൾ ഇയാളുടെ ഫോൺ മോഷണം നടന്ന സമയത്ത് സ്വിച്ചോഫ് ആയിരുന്നു എന്ന് കണ്ടെത്തി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. വീടിനു സമീപം ഇയാൾ നടത്തിയിരുന്ന പലചരക്കുകടയുടെ പിന്നിലെ മുറിയിൽ ഡപ്പിയിലാക്കി സൂക്ഷിച്ചിരുന്ന പണവും സ്വർണവും പൊലീസ് കണ്ടെടുത്തു. ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ശാസ്ത്രീയ തെളിവെടുപ്പിന്‍റെ അടിസ്ഥാനത്തിലാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടൻ, പാമ്പാടി എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, പള്ളിക്കത്തോട് എസ്.എച്ച്.ഒ എസ്. പ്രദീപ്, എസ്.ഐ മാരായ കെ.എസ്. ലെബിമോൻ, കെ.ആർ. ശ്രീരംഗൻ, ജോമോൻ എം. തോമസ്, എം.എ. ബിനോയി, ജി. രാജേഷ്, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒ മാരായ ജയകൃഷ്ണൻ, ഫെർണാണ്ടസ്, സാജു പി. മാത്യു, ജിബിൻ ലോബോ, പി.സി. സുനിൽ , ജസ്റ്റിൻ, രഞ്ജിത്ത് ജി, ടി.ജി. സതീഷ്, സരുൺ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. KTG SHINO NINAN JACOB ARREST
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story