Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:19 AM IST Updated On
date_range 11 Aug 2022 12:19 AM ISTമൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsbookmark_border
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അടൂർ യൂനിറ്റിനാണ് അന്വേഷണച്ചുമതല. ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് നടപടി. മുൻ സെക്രട്ടറിയെ മാത്രമാണ് ഇപ്പോൾ പ്രതി ചേർത്തിട്ടുള്ളത്. 70 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. പണം ആവശ്യപ്പെട്ട് നിരവധി നിക്ഷേപകരാണ് ദിവസവും ബാങ്കിൽ എത്തുന്നത്. എന്നാൽ, ആർക്കും നൽകാൻ കഴിയുന്നില്ല. ബാങ്കിന് മുന്നിൽ ബുധനാഴ്ചയും നിക്ഷേപകരുടെ പ്രതിഷേധമുണ്ടായി. അതിനിടെ ബാങ്ക് തകർച്ചയെത്തുടർന്ന് നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള സമ്മർദം താങ്ങാനാകാതെ സ്ഥലത്തെ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സാജു മണിദാസ് കഴിഞ്ഞദിവസം രാജിസന്നദ്ധത അറിയിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗമായ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ സംരക്ഷിക്കുന്ന പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിസ്ഥാനം രാജിവെക്കുമെന്നറിയിച്ചത്. പഞ്ചായത്ത് എട്ടാം വാർഡ് അംഗവുമാണ് ഇദ്ദേഹം. സെക്രട്ടറി സ്ഥാനം ഒഴിയാൻ തയാറാണെന്ന് കാണിച്ച് പാർട്ടിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ സാജു കുറിപ്പിടുകയായിരുന്നു. ലോക്കൽ കമ്മിറ്റി വിളിച്ചുചേർക്കാൻ കഴിയുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. ഇദ്ദേഹം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനം രാജിവെച്ചതായും പറയുന്നുണ്ട്. എന്നാൽ, പാർട്ടി വൃത്തങ്ങൾ ഇതിനോട് പ്രതികരിക്കാൻ തയാറായില്ല. ബാങ്ക് തകർന്നതോടെ നേതാക്കൾക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. നിക്ഷേപകർ നേതാക്കളോടും തട്ടിക്കയറുന്നുണ്ട്. പാർട്ടി പരിപാടികൾക്കുപോലും ആളെ കിട്ടാനില്ല. ഓണം അടുത്തതോടെ കൂടുതൽ പേർ പണം പിൻവലിക്കാൻ എത്തുമെന്നതാണ് സാജു മണിദാസിനെ സമർദത്തിലാക്കിയത്. സാജുവിന്റെ രാജിസന്നദ്ധത പുറത്തുവന്നതിനെ തുടർന്നാണ് ബുധനാഴ്ച ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ ബഹളമുണ്ടായത്. അഴിമതി വിഷയത്തിൽ പരസ്യ പ്രതിഷേധം നടത്തിയ പാർട്ടി ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള മൂന്ന് ബാങ്ക് ജീവനക്കാരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. 32.95 കോടിയുടെ സാമ്പത്തിക തിരിമറിയാണ് അസി. രജിസ്ട്രാർ മൈലപ്ര സഹകരണ ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. കോന്നി അസി. രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പത്തനംതിട്ട ജോയന്‍റ് രജിസ്ട്രാർക്ക് കൈമാറിയിരുന്നു. ബാങ്ക് ഭരണസമിതിയിലെ ചില അംഗങ്ങൾക്കെതിരെ ഗൂഢാലോചന ആരോപണമുണ്ട്. വൻ തുക ഡെപ്പോസിറ്റുള്ള ഈ ബാങ്കിൽ നിക്ഷേപത്തിന്റെ 75 ശതമാനവും ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള മൈ ഫുഡ് റോളർ ഫ്ലവർ ഫാക്ടറിയിലേക്ക് വകമാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story