Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:53 AM IST Updated On
date_range 10 Aug 2022 12:53 AM ISTതിരുനക്കര ബസ് സ്റ്റാൻഡ് വ്യാപാര സമുച്ചയം ഇന്ന് ഒഴിപ്പിക്കും; തടയാൻ വ്യാപാരികൾ
text_fieldsbookmark_border
കോട്ടയം: കോടതി ഉത്തരവനുസരിച്ച് തിരുനക്കര ബസ് സ്റ്റാൻഡ് വ്യാപാര സമുച്ചയത്തിലെ കടക്കാരെ ബുധനാഴ്ച ഒഴിപ്പിക്കും. പൊലീസ്, മോട്ടോർവാഹന വകുപ്പിന്റെ സഹായത്തോടെയാണ് രാവിലെ 11ന് നടപടി സ്വീകരിക്കുക. എന്നാൽ, ഇതിനെതിരെ 52 ലൈസൻസികളും കുടുംബാംഗങ്ങളും തിരുനക്കര ബസ് സ്റ്റാൻഡ് സംരക്ഷണസമിതിയും ചേർന്ന് പ്രതിരോധം തീർക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഒഴിപ്പിക്കലിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. കോടതി തീരുമാനം വരുന്നതുവരെ നടപടി ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. 2018ല്‍ വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയൻ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിലേക്കെത്തിച്ചത്. കെട്ടിടം അപകട ഭീഷണിയിലാണെന്നുകാണിച്ച് നൽകിയ ഹരജിയിൽ കോടതി കെട്ടിടത്തിന്‍റെ ബലപരിശോധന നടത്താൻ ഉത്തരവിട്ടു. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിൽനിന്നുള്ള രണ്ട് പ്രഫസർമാരാണ് ബലപരിശോധന നടത്തിയത്. സി.പി.ഡബ്ല്യു.ഡി മാനുവല്‍ പ്രകാരം അറ്റകുറ്റപ്പണി ചെയ്താല്‍ 10 മുതല്‍ 15 വര്‍ഷം കൂടി ആയുസ്സുണ്ടാകുമെന്ന് ഇവർ റിപ്പോർട്ട് നൽകി. 2021ല്‍ നഗരസഭ കോടതിയെ വീണ്ടും സമീപിച്ചു. 50 ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ച് രണ്ടു പ്രാവശ്യം ടെൻഡര്‍ വിളിച്ചിട്ടും ആരും വരാത്തതിനാല്‍ കെട്ടിടം പൊളിക്കാൻ കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. ഇതനുവദിച്ച കോടതി കെട്ടിടം പൊളിക്കാനുത്തരവിട്ടു. കെട്ടിടം പൊളിക്കുന്നതിന് എന്തു നടപടിയെടുത്തു എന്ന് അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കണം. അല്ലെങ്കിൽ കോടതിയലക്ഷ്യമാവും. പിന്നിൽ വൈസ് ചെയർമാൻ നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി വൈസ്ചെയർമാനാണ് ഇതിനുപിന്നിൽ കളിക്കുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം. കൗൺസിൽ ഒറ്റക്കെട്ടായി തീരുമാനിച്ചു എന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിടം പൊളിക്കാൻ അനുമതി വാങ്ങിയത്. കോടതിയിൽ നൽകിയ രേഖയിൽ ഒപ്പിട്ട, ഭരണപക്ഷത്തെയടക്കം പല കൗൺസിലർമാരും കെട്ടിടം പൊളിക്കാനുള്ള തീരുമാനം അറിഞ്ഞിട്ടില്ല. സബ്കമ്മിറ്റിയിൽ വെച്ചാണ് വൈസ് ചെയർമാൻ അനുമതി വാങ്ങിയത്. ഭരണപക്ഷത്തുള്ള കൗൺസിലർമാരും കെട്ടിടം പൊളിക്കുന്നതിനെതിരാണ്. പുതിയ കെട്ടിടം പണിതാൽ ഒഴിപ്പിച്ച കടക്കാർക്ക് മുൻഗണന നൽകുമെന്നു പറയുന്നുണ്ടെങ്കിലും കൂടിയ വാടകയിൽ കടകളെടുക്കാൻ ഈ ചെറുകിട വ്യാപാരികൾക്ക് കഴിയില്ല. സ്വാഭാവികമായും വൻകിട സ്ഥാപനങ്ങൾക്ക് കെട്ടിടം കൈയടക്കാനുമാവും. കെട്ടിടത്തിന്‍റെ ബലപരിശോധന നടത്തിയത് സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചല്ല. നാലുഘട്ടങ്ങളിലായി പണിതതിനാൽ കെട്ടിടങ്ങളുടെ കാലപ്പഴക്കം വ്യത്യസ്തമാണ്. ആദ്യംപണിത എ ബ്ലോക്കിന് 63 വർഷമാണെങ്കിൽ അവസാനം പണിത ഡി ബ്ലോക്കിന് 49 വർഷമാണ് പഴക്കം. 2004ല്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് 12നില ട്രേഡ് സെന്‍റര്‍ പണിയാന്‍ ഡി.പി.ആർ തയാറാക്കി മുന്നോട്ടുപോയെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. നഗരസഭക്ക് ജൂബിലി സ്മാരക മള്‍ട്ടി കോംപ്ലക്സ് കം ബസ്ബേ പണിയാനാണ് കെട്ടിടം പൊളിക്കുന്നത്. ഇതിനായി 75 ലക്ഷം ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്. ആരും എതിര്‍ക്കാതിരിക്കാന്‍ അനുകൂല ഉത്തരവ് സമ്പാദിച്ച് 2022 ജനുവരി വരെ കാത്തിരുന്നു. പത്രങ്ങളിൽ വാർത്ത വന്നപ്പോൾ മാത്രമാണ് തങ്ങൾ വിവരമറിഞ്ഞത്. അതിനാൽ കേസിൽ കക്ഷിചേരാനായില്ല. 'ഓണസീസൺ തകർന്നു' കെട്ടിടത്തിന്‍റെ ഒന്നാംനിലയിൽ ചെറുകിട കച്ചവടക്കാരും രണ്ടുംമൂന്നും നിലകളിൽ ഓഫിസ് സ്ഥാപനങ്ങളുമാണുള്ളത്. കെട്ടിടം പൊളിക്കുന്നതോടെ വർഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്ന വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും സ്റ്റാൻഡിനെ ചുറ്റിപ്പറ്റി ജീവിക്കുന്നവരുമടക്കം നിരവധിപേർ വഴിയാധാരമാകും. ഓണസീസൺ മുന്നിൽ കണ്ട് വായ്പയെടുത്തും മറ്റുമാണ് വ്യാപാരികൾ സാധനങ്ങളിറക്കിയത്. കോവിഡ് പ്രതിസന്ധി നീങ്ങിയതിന്‍റെ പ്രതീക്ഷയിൽ കാത്തിരുന്ന തങ്ങൾക്ക് നഗരസഭയുടെ തീരുമാനം വലിയ തിരിച്ചടിയാകുമെന്ന് വ്യാപാരികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മർച്ചന്റ്സ് അസോ. പ്രസിഡന്‍റ് എം.കെ. ഖാദർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഡ്വ. സന്തോഷ് വർഗീസ്, വ്യാപാരികളായ എസ്. ബൈജു, ആർ. രവി, അബൂബക്കർ, എ.എ. തോമസ്, മാത്യു നൈനാൻ, പി.ബി. ഗിരീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story