Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:13 AM IST Updated On
date_range 8 Aug 2022 12:13 AM ISTതിരുവല്ല ആശുപത്രിയിലെ ജനകീയ വിചാരണ: ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡോക്ടർമാർ
text_fieldsbookmark_border
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധവുമായി ഡോക്ടർമാർ. തിരുവല്ല താലൂക്ക് ആശുപത്രിയിൽ മന്ത്രി നടത്തിയ മിന്നൽ പരിശോധനയും ഡോക്ടർമാരെ ജനകീയ വിചാരണക്ക് വിധേയമാക്കിയതുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാതെ ഡോക്ടർമാരെ പ്രതിസ്ഥാനത്തു നിർത്തി ബലിയാടാക്കുന്ന സമീപനം തീർത്തും പ്രതിഷേധാർഹവും സാമാന്യനീതിക്ക് നിരക്കാത്തതും ആണെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് ഡോക്ടർമാരെ കുറ്റക്കാരാക്കുന്നതിലും വസ്തുതകൾ തമസ്കരിച്ച് തിരുവല്ല താലൂക്ക് ആശുപത്രിയിൽ മന്ത്രി നടത്തിയ ജനക്കൂട്ട വിചാരണയിലും കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. സർക്കാർ സംവിധാനങ്ങൾവഴി ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കാതെ, ആശുപത്രി മേധാവികൾ മറ്റു ഫണ്ടുകൾ കണ്ടെത്തി മരുന്നുകൾ വാങ്ങണം എന്ന നിർദേശം അപ്രായോഗികമാണ്. ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഡോക്ടർമാരുടെ മേൽ അടിച്ചേല്പിച്ചുകൊണ്ട് ആരോഗ്യവകുപ്പിന് കൈകഴുകാനുള്ള നീക്കം പ്രതിഷേധാർഹമാണ്. മന്ത്രി തിരുവല്ല ആശുപത്രി സന്ദർശനത്തിൽ പൊതുജനങ്ങളുടെ മുന്നിൽവെച്ച് മരുന്നില്ലാത്തതിന് ആശുപത്രി സൂപ്രണ്ടിനെ അധിക്ഷേപിക്കുകയാണ് ഉണ്ടായത്. പല ആശുപത്രികളിലും മരുന്ന് ക്ഷാമം കാരണമുള്ള ജനരോഷം നിത്യേന ഡോക്ടർമാർ നേരിടുന്ന സാഹചര്യത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നിരുത്തരവാദപരമായ ഈ സമീപനം തെറ്റായ സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കാനും ഗുണനിലവാരമുള്ള മരുന്നുകൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള ക്രിയാത്മക ഇടപെടലുകൾ സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കെ.ജി.എം.ഒ.എ പ്രസിഡൻറ് ഡോ. ജി.എസ്. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story