Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:11 AM IST Updated On
date_range 8 Aug 2022 12:11 AM ISTസിൽവർലൈൻ ജനങ്ങളെ സർക്കാറിന് എതിരാക്കിയെന്ന് സി.പി.ഐ
text_fieldsbookmark_border
കോട്ടയം: സിൽവർലൈൻ പദ്ധതി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജനങ്ങളെ സർക്കാറിന് എതിരാക്കിയെന്ന് സി.പി.ഐ. ഏറ്റുമാനൂരില്‍ നടക്കുന്ന ജില്ല സമ്മേളനത്തില്‍ സെക്രട്ടറി സി.കെ. ശശിധരന്‍ അവതരിപ്പിച്ച പ്രവർത്തന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ സംശയങ്ങൾക്ക് സംയമനത്തോടെ വിശദീകരണം നൽകി സാവകാശം നടപ്പാക്കേണ്ടതിനുപകരം അധികാരത്തിന്‍റെ ഹുങ്കും ധാർഷ്ട്യവും ജനങ്ങൾക്കുമേൽ പ്രയോഗിച്ചുകൊണ്ട് നടപ്പാക്കുക എന്ന നിലപാട് ജനങ്ങളെ പദ്ധതിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചു. എൽ.ഡി.എഫ് ഒന്നാം സർക്കാറിന് ലഭിച്ച അംഗീകാരവും ജനപിന്തുണയും രണ്ടാം സർക്കാറിനില്ല. ഒരു കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള കാര്യങ്ങളല്ല ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ വിലക്കുവാങ്ങി എന്നു കൊട്ടിഗ്ഘോഷിച്ചു. എന്നാൽ, വേണ്ടത്ര കൂടിയാലോചനയില്ലാതെ വ്യവസായ മന്ത്രി ഏകപക്ഷീയമായി ഉദ്ഘാടന മാമാങ്കം നടത്തിയതല്ലാതെ തൊഴിൽ നഷ്ടപ്പെട്ട ഒരാൾക്കുപോലും ജോലി ലഭിച്ചിട്ടില്ല. ഇടതു മന്ത്രിമാര്‍ ബൂര്‍ഷ്വ പാര്‍ട്ടി മന്ത്രിമാരില്‍നിന്ന് പല കാര്യങ്ങളിലും വേറിട്ടുനില്‍ക്കുന്നവരാകണം. എന്നാല്‍, സംസ്ഥാനത്ത് അതിന് യോജിക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് ചില സി.പി.എം മന്ത്രിമാര്‍ സ്വീകരിക്കുന്നത്. ഇതു ജനങ്ങളില്‍ മതിപ്പല്ല, അവമതിപ്പാണുണ്ടാക്കുന്നത്. എൽ.ഡി.എഫ് സർക്കാറിന് തുടര്‍ഭരണം ലഭിച്ചത് മുന്നണി സര്‍ക്കാറിന്റെ പൊതുവായ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ചില വ്യക്തികളുടെ മാത്രം കഴിവുകൊണ്ടാണ് എന്ന ധാരണയിലുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടാമൂഴ സര്‍ക്കാറിന്‍റെ പല നടപടികളിലുമുണ്ടാകുന്നു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികവുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ ഒരിടത്തുപോലും എല്‍.ഡി.എഫ് എന്നില്ലായിരുന്നു. പല പരിപാടികളിലും ഘടകകക്ഷികള്‍ക്ക് ന്യായമായ പരിഗണനപോലും ലഭിക്കാതിരുന്നത് പ്രവര്‍ത്തകര്‍ക്കിടെ വിമർശനത്തിന് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സി.പി.എം-കേരള കോണ്‍ഗ്രസ് എം രഹസ്യബന്ധം നേരത്തേ തുടങ്ങി കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ് കേരള കോണ്‍ഗ്രസ് എം ഔദ്യോഗികമായി എല്‍.ഡി.എഫിൽ അംഗമായതെങ്കിലും ജില്ലയില്‍ അതിനുമുമ്പേ സി.പി.എം- കേരള കോണ്‍ഗ്രസ് എം രഹസ്യബന്ധം ആരംഭിച്ചതായി സി.പിഐ. ജില്ല സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജില്ല പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അത് ബോധ്യമായതാണ്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പലസ്ഥലത്തും കേരള കോൺഗ്രസ് എമ്മിനെ കൂട്ടുപിടിച്ച് സി.പി.ഐ സീറ്റുകൾ കുറക്കാനാണ് സി.പി.എം ശ്രമിച്ചത്. അതുമൂലം ചില പഞ്ചായത്തുകളിൽ ഒറ്റക്ക് മത്സരിക്കേണ്ടിവന്നു. മുന്നണിയിൽ സി.പി.എം-കേരള കോൺഗ്രസ് എം സീറ്റ് ധാരണ തെരഞ്ഞെടുപ്പിനുമുമ്പേ ആയതാണ്. എന്നിട്ടും പാലായിലടക്കം വിലപേശി സീറ്റ് പിടിച്ചെടുത്തു. ഇതുമൂലം സി.പി.ഐക്ക് ശരിയായ അനുപാതത്തിൽ സീറ്റ് ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story