Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗൂഗിൾ മാപ്പ്​ ചതിച്ചു;...

ഗൂഗിൾ മാപ്പ്​ ചതിച്ചു; പാറേച്ചാലുകാർ കാത്തു

text_fields
bookmark_border
കോട്ടയം: റോഡും തോടും ഒന്നായിക്കിടക്കുന്ന പാറേച്ചാൽ ജെട്ടിയിലേക്ക് തിരിഞ്ഞ കാർ തോട്ടിലേക്ക് വീഴുന്നത്​ പാലത്തിനപ്പുറം താമസിക്കുന്ന ചന്ദ്രബോസ്​ കണ്ടില്ലായിരുന്നെങ്കിൽ വെള്ളിയാഴ്ച പുലരുന്നത്​ ഹൃദയം തകർക്കുന്ന ദുരന്തവാർത്തയുമായിട്ടായിരുന്നേനെ. തിരുവല്ല കുമ്പനാട്​ സ്വദേശികളായ ഡോ. സോണിയ, മൂന്നുമാസം പ്രായമുള്ള കുഞ്ഞ്​, സഹോദരൻ അനീഷ്​, മാതാവ്​ ശോശാമ്മ എന്നിവർക്കാണ്​ പാറേച്ചാൽ നിവാസികളുടെ ആത്മധൈര്യം മൂലം ജീവൻ തിരിച്ചുകിട്ടിയത്​. വ്യാഴാഴ്ച രാത്രി 11ഓടെ പാലത്തിനപ്പുറം വെള്ളംകയറിയ വീടിന്​ മുന്നിൽ നിൽക്കുമ്പോഴാണ്​ ചന്ദ്രബോസ്​ ആ കാഴ്ച കണ്ടത്​. തിരുവാതുക്കൽ-നാട്ടകം സിമന്‍റ്​​ കവല ബൈപാസിലൂടെ വന്ന ചുവന്ന കാർ തിരുവാതുക്കൽ റോഡിലേക്ക് കയറാതെ പാറേച്ചാൽ ജെട്ടിയുടെ ഭാഗത്തേക്ക് തിരിയുകയായിരുന്നു. ഇവിടെ നടവഴിയല്ലാതെ റോഡില്ല. വഴിയും തോടും ഒന്നായിക്കിടക്കുകയാണ്​. ജെട്ടിയു​ടെ ഭാഗത്തേക്ക് തിരിഞ്ഞ കാർ വെള്ളത്തിൽ പതിക്കുന്നതും വള്ളം പോകുന്നതുപോലെ ഒഴുകിനീങ്ങുന്നതും ചന്ദ്രബോസ്​ കണ്ടു. രണ്ടു​ ചിറയും മെയിൻറോഡും കടന്ന് ചന്ദ്രബോസിന്​ അങ്ങോട്ടെത്താൻ കഴിയുമായിരുന്നില്ല. ഉടൻ, കാർ വെള്ളത്തിൽ വീണെന്നുപറഞ്ഞ്​ അലറിവിളിക്കുകയായിരുന്നു. വീടും പരിസരവുമെല്ലാം വെള്ളം കയറിയതിനാൽ ആളുകളെല്ലാം നേരത്തേ വീട്ടിൽകയറിയിരുന്നു. ബഹളംകേട്ട്​ പാലത്തിനപ്പുറത്തെ വീട്ടിലെ സത്യനാണ്​ ആദ്യം പുറത്തിറങ്ങിയത്​, പുറകെ മറ്റുള്ളവരും. ഇവർ കണ്ടത്​​ ​വെള്ളത്തിലൂടെ ഒഴുകിപ്പോവുന്ന കാർ. വഴിയിലൂടെ കാറിന് പിറകെ ഇവരും ഓടി. നല്ല കുത്തൊഴുക്കായതിനാൽ കാറിനൊപ്പം എത്തിയില്ല. തോമസിന്‍റെ വീടിനുമുന്നിലെത്തി കാർ അൽപനേരം തടഞ്ഞുനിന്നപ്പോൾ ഒഴുക്ക്​ അവഗണിച്ച്​ കൂട്ടത്തിലൊരാൾ വെള്ളത്തിലേക്കുചാടി. പുറകെ മറ്റുള്ളവരും. നാല്​ ഡോറുകളും വെള്ളത്തിനടിയിലായിരുന്നതിനാൽ ആരൊക്കെയാണ്​ കാറിലെന്ന്​ അറിയാൻ കഴിഞ്ഞിരുന്നില്ല. വെളിച്ചം ഇല്ലാത്ത ഭാഗമായിരുന്നതിനാലും രക്ഷാപ്രവർത്തനം ദുഷ്​കരമായി. കാറിനകത്തുള്ളവർ പ്രാണഭയം മൂലം ചില്ലിൽ ​കൈകൊണ്ടടിക്കുന്ന ശബ്​ദം കേൾക്കാമായിരുന്നു. എല്ലാവരും ചേർന്ന്​ കാർ കരഭാഗത്തേക്ക്​ വലിച്ചു. രണ്ടുപേർ ചേർന്ന് കാറിന്‍റെ പിൻഭാഗം ഉയർത്തിയപ്പോഴാണ്​ കാറിനുള്ളിലുള്ളവരെ കണ്ടത്​​. ചിലർ കാറിന്‍റ മുൻഭാഗവും പിടിച്ചുയർത്തി. കാർ വെള്ളത്തിൽനിന്ന് ​ഉയർന്നതോടെ ഡ്രൈവർ സീറ്റിലിരുന്നയാൾക്ക്​ മുന്നിലെ ഡോർ തുറക്കാനായി. ഉടൻ കാറിൽനിന്ന്​ കുഞ്ഞിനെ എടുത്ത്​ കരയിൽനിന്ന സ്​ത്രീകളുടെ കൈയിൽകൊടുത്തു. പിന്നെ മറ്റുള്ളവരെയും കരക്കെത്തിച്ചു. അപ്പോഴേക്കും കാറിന്‍റെ മുൻഭാഗം ചളിയിൽ താഴ്ന്നു. ഒഴുകിപ്പോകാതിരിക്കാൻ കാർ കയറുപയോഗിച്ച്​ മരത്തിൽകെട്ടി. നാലുപേരെയും സമീപത്തെ രജനിയുടെ വീട്ടിലെത്തിച്ചു. ഭയന്ന അവസ്ഥയിലായിരുന്നു എല്ലാവരും. അവരെ ആശ്വസിപ്പിച്ച്​ മാറാൻ വസ്ത്രങ്ങൾ നൽകി. ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും ആർക്കും പരിക്കില്ലാത്തതിനാൽ അത്​ വേ​ണ്ടെന്നുപറഞ്ഞു. ഗൂഗിൾമാപ്പ്​ നോക്കി വന്നതാണെന്നും​ വെള്ളം കണ്ടതോടെ ഭയന്ന് വേഗത കൂട്ടിയെന്നുമാണ്​ വാഹനമോടിച്ച അനീഷ്​ പറഞ്ഞത്​. മൊബൈൽ ഫോണുകൾ കാറിനുള്ളിലായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിനെത്തിയവരുടെ ഫോണിൽ സോണിയയുടെ ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. രാ​​ത്രിതന്നെ നാലുപേരെയും നാട്ടുകാരെല്ലാവരും ചേർന്ന്​ പാറേച്ചാൽ ബൈപാസിലെത്തിച്ചു. അവിടെ സോണിയയുടെ ഭർത്താവ്​ കാറുമായി എത്തിയിരുന്നു. പാറേച്ചാലുകാർക്കെല്ലാം നന്ദിപറഞ്ഞാണ്​ സോണിയയും ഭർത്താവും മടങ്ങിയത്​. പരിസരത്തെ മുപ്പതോളംപേർ രക്ഷാപ്രവർത്തനത്തിന്​ എത്തിയിരുന്നു. അവിശ്വസനീയം ഈ രക്ഷപ്പെടൽ കോട്ടയം: പാറേച്ചാൽ നിവാസികളുടെ സമയോചിത ഇടപെടലാണ്​ പിഞ്ചുകുഞ്ഞടക്കം നാലുപേരെ പോറൽ പോലുമേൽക്കാതെ രക്ഷിച്ചത്​. റോഡിൽനിന്ന് കാർ നേരെ പോകുന്നതിന് പകരം പാ​റേച്ചാൽ ജെട്ടിയിലേക്ക് തിരിയുകയായിരുന്നു. റോഡിൽനിന്ന്​ വലിയ തോട്ടിലേക്ക് വീണ കാർ അധികദൂരം കഴിയുംമുമ്പേ അരികിൽ തട്ടി ​​കൈത്തോട്ടിലേക്ക് തിരിഞ്ഞതിനാലാണ്​ സമീപത്തുള്ളവർ കണ്ടത്​. നേരെ ​വലിയതോട്ടിലൂ​ടെ പോയിരുന്നെങ്കിൽ മീനച്ചിലാറ്റിൽ പതിച്ച്​ വൻ ദുരന്തം സംഭവിച്ചേനെ. ആരും കാണാനുമിടയില്ല. വെള്ളംനിറഞ്ഞ വഴിയിലൂടെ നടന്നുപോവാൻ തന്നെ ഭയമാണെന്ന്​ സമീപവാസിയായ ജയൻ പറയുന്നു. ഒഴുക്കും ശബ്​ദവും വല്ലാതെ ഭീതിപ്പെടുത്തും. ആ തോട്ടിലൂടെയാണ്​ കാർ ഒഴുകിപ്പോയതെന്ന് ഓർക്കുമ്പോൾ നാട്ടുകാർക്കും ഞെട്ടൽ. വാഹനങ്ങൾക്ക്​ വരാൻ വഴിയില്ലാത്തതിനാൽ കാർ വെള്ളത്തിൽനിന്നെടുക്കാനായിട്ടില്ല. പാറേച്ചാൽ ബൈപാസിനോട്​ ചേർന്നാ​ണെങ്കിലും ​ജെട്ടിയിലേക്ക് നടവഴിയേ ഉള്ളൂ. റോഡ്​ എന്ന നാട്ടുകാരുടെ ആവശ്യത്തിന്​ നാളേറെ പഴക്കമുണ്ട്​. നിരവധി കുടുംബങ്ങളാണ്​ ഇവിടെ വെള്ളംകയറി അരക്ഷിതാവസ്ഥയിൽ കഴിയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story