Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫ്​ മാർച്ച്​:...

യു.ഡി.എഫ്​ മാർച്ച്​: നൂറോളം​ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border
lead കോട്ടയം: ശനിയാഴ്ച വൈകീട്ട് യു.ഡി.എഫ്​ നടത്തിയ കലക്ടറേറ്റ്​ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നൂറോളം​ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്, അഞ്ചുപേർ അറസ്റ്റിൽ. യു.ഡി.എഫ് നേതാക്കളായ ജെ.ജി പാലക്കലോടി, വി.കെ. അനിൽകുമാർ, വർഗീസ് ചാക്കോ, അൻസാരി, സാം കെ. വർക്കി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കലക്ടറേറ്റ് മാർച്ചിലെ സംഘർഷത്തിൽ ഡിവൈ.എസ്.പി സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർക്ക്​​ പരിക്കേറ്റിരുന്നു. കലക്ടറേറ്റിനു മുന്നിൽ അന്യായമായി സംഘംചേർന്നു, ഗതാഗതം തടസ്സപ്പെടുത്തി, കലാപം സൃഷ്ടിച്ചു, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​. വെള്ളിയാഴ്ച നഗരത്തിൽ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അഞ്ച്​ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ബ്ലോക്ക് ജോയന്‍റ്​ സെക്രട്ടറി കെ. മിഥുൻ (അമ്പിളി), സി.പി.എം തിരുവാതുക്കൽ ലോക്കൽ സെക്രട്ടറി അഭിലാഷ് ആർ. തുമ്പയിൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം വിഷ്ണു, മുൻ ജില്ല പ്രസിഡന്റ് കെ.ആർ. അജയ് എന്നിവരെയാണ് വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ നടത്തിയ സി.പി.എം ഓഫിസ് മാർച്ചിനു നേരെ അക്രമം നടത്തിയ കേസിലാണ്​ ഇവരുടെ അറസ്റ്റ്. സംഘർഷത്തിൽ കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, യൂത്ത്‌ കോൺഗ്രസ് ജില്ല പ്രസിഡന്റ് ചിന്റു കുര്യൻ ജോയി എന്നിവർക്ക്​ പരിക്കേറ്റിരുന്നു. കോൺഗ്രസുകാർ പൊലീസിനെ ആക്രമിച്ചിട്ടില്ല -ഉമ്മൻ ചാണ്ടി കോട്ടയം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഒരു പൊലീസുകാരനെയും ആക്രമിച്ചിട്ടില്ലെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബാരിക്കേഡ് മറിഞ്ഞാണ് ഡിവൈ.എസ്.പിക്ക് പരിക്കേറ്റത്. അതിൽ പ്രവർത്തകർക്ക് പങ്കില്ല. ബാരിക്കേഡ്​ ശരിക്കു കെട്ടാത്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്​. അതിൽ ദുഃഖമുണ്ടെന്നും ഉമ്മൻ ചാണ്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഏകപക്ഷീയ നടപടിയാണ്​ പൊലീസ് സ്വീകരിച്ചത്​. വെള്ളിയാഴ്ച പൊലീസിനെ മുൻകൂട്ടി അറിയിച്ചു നടത്തിയ ജാഥക്കുനേരെ സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ചിന്റു കുര്യൻ ജോയി എന്നിവർക്ക് തലക്കു പരിക്കേറ്റു. അക്രമം നടത്തിയവർക്കെതിരെ കേസെടുക്കുന്നതിന് മുമ്പേ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പൊലീസ്​ കേസെടുത്തത്​. ശനിയാഴ്ച യു.ഡി.എഫ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ ഡിവൈ.എസ്.പിക്ക് പരിക്കേറ്റതിന്‍റെ മറവിൽ പൊലീസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. കോൺഗ്രസ്​ പ്രവർത്തകരെ വീടുകളിൽനിന്നാണ്​ അറസ്റ്റു ചെയ്തത്​. വീടുകളിൽ കയറി കുടുംബാംഗങ്ങളെ അധിക്ഷേപിച്ചു. പൊലീസിന്റെ ഏകപക്ഷീയ നിലപാടിനെതിരെ നിയമപരമായി മുന്നോട്ട് പോകും. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആർക്കും അടിയറവെക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോട്ടയത്തെ പൊലീസ് അതിക്രമത്തിലും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകർത്തതിലും അഗ്നിപഥ് പദ്ധതിക്കെതിരെയും പ്രതിഷേധിച്ച്​ കോൺഗ്രസ് തിങ്കളാഴ്ച നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ ധർണ നടത്തും. രാവിലെ പത്തു മുതൽ ഒന്നുവരെയാണ് ധർണ. നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി. ജോസഫ്, കുര്യൻ ജോയി, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, ഫിൽസൺ മാത്യൂസ്, മോഹൻ കെ. നായർ സിബി ചേനപ്പാടി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story