Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:40 AM IST Updated On
date_range 21 Jun 2022 5:40 AM ISTതെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാൻ സാമുദായിക സംഘടനകള്‍ക്കും അവകാശമുണ്ട് -ജി. സുകുമാരന്‍ നായര്‍
text_fieldsbookmark_border
ചങ്ങനാശ്ശേരി: സർക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്നപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ടെന്നും ഇത് കൃത്യമായി എൻ.എസ്.എസ് നിര്‍വഹിച്ചു പോന്നിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിൽ നായര്‍ സര്‍വിസ് സൊസൈറ്റിയുടെ 108ാമത് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായനീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകള്‍ എന്നുമുണ്ടാവും. സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും എന്‍.എസ്.എസിന്റെ പൊതുനയമാണ്. ഇനിയും ഇതേ നയം തുടരും. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടികളോടും സമദൂര നിലപാടായിരിക്കും സ്വീകരിക്കുക. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ എന്‍.എസ്.എസ് ഇടപെടില്ല, രാഷ്ട്രീയപാര്‍ട്ടികളെ എന്‍.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കുകയുമില്ല. എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ചിലരുടെ ഗൂഢലക്ഷ്യത്തോടെയുള്ള നീക്കത്തിനെതിരെ വസ്തുതാപരമായി എന്‍.എസ്.എസ് പ്രതികരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയൊരു ഉദ്ദേശ്യം ഇല്ലെന്ന് സർക്കാറിന് വ്യക്തമാക്കേണ്ടിവന്നു. സില്‍വര്‍ലൈന്‍ പദ്ധതിയെപ്പറ്റിയുള്ള എന്‍.എസ്.എസിന്റെ നിലപാടും വ്യക്തമാക്കിയിരുന്നു. മാറുന്ന കാലത്തിനനുസരിച്ചുള്ള സാമ്പത്തിക വികസനവും അടിസ്ഥാനസൗകര്യ വികസനവും അത്യന്താപേക്ഷിതമാണ്. എന്നാല്‍, സാമ്പത്തികഭദ്രത ഇല്ലാതെയും പാരിസ്ഥിതിക-സാമൂഹിക ദീര്‍ഘവീക്ഷണം ഇല്ലാതെയും സാമ്പത്തിക പുരോഗതി മാത്രം ലാക്കാക്കിയുള്ള വികസനം ജനക്ഷേമകരമാവില്ല. മുന്നാക്ക സംവരണത്തിന് അടിസ്ഥാനമാവേണ്ട സമഗ്രവും ശാസ്ത്രീയവുമായ സര്‍വേക്ക് സാമ്പിൾ സര്‍വേ ഒരിക്കലും പകരമാവില്ല. ഇത് മുന്നാക്ക സംവരണത്തിന് തിരിച്ചടിയാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. പഴയ നിയമം റദ്ദ് ചെയ്ത് 2016ൽ പുതിയ നിയമം നിലവില്‍ വന്നശേഷം പഴയ നിയമപ്രകാരമുളള ഒഴിവുകള്‍ നികത്തണമെന്ന് പറയുന്നതിനുള്ള അസ്വാഭാവികതയും പുതിയ ഒഴിവുകള്‍ മുഴുവനും അംഗപരിമിതര്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നത് സർവിസിന്റെ കാര്യക്ഷമതയെ ബാധിക്കുമെന്നുള്ള കാര്യവും സൂചിപ്പിച്ച് എന്‍.എസ്.എസ് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story