Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:40 AM IST Updated On
date_range 20 Jun 2022 5:40 AM ISTറോഡ് നിർമാണം തടഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsbookmark_border
തൊടുപുഴ: റോഡ് നിർമാണം തടയുകയും നിർമാണ സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇടുക്കി, എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൈങ്ങോട്ടൂർ-മുള്ളരിങ്ങാട് റോഡിന്‍റെ നിർമാണപ്രവർത്തനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് മുള്ളരിങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം. അജയ്ഘോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.എ. ഷമീർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മുള്ളരിങ്ങാട് റേഞ്ചിൽപ്പെട്ട ചാത്തമറ്റം-മറ്റക്കണ്ടം പൊതുമരാമത്ത് റോഡിന്‍റെ നിർമാണമാണ് വനംവകുപ്പിന്‍റെ ഇടപെടലിനെത്തുടർന്ന് വിവാദമായത്. റോഡ് നിർമാണത്തിനിടെ തേക്ക് തോട്ടങ്ങളിൽ മൂന്നിടത്ത് അടിക്കാട് തെളിച്ച് മണ്ണ് നിരപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ജെ.സി.ബിയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഡ്രൈവറുടെ മൊഴി എടുക്കുന്നതിനിടെ നാട്ടുകാർ സ്ഥലത്ത് സംഘടിച്ചെത്തിയതോടെ സംഘർഷാവസ്ഥയായി. മാത്യുകുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഡ്രൈവറെ ബലമായി മോചിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നിസ്സാര പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം പൊതുജനങ്ങളും ജനപ്രതിനിധികളും സ്ഥലത്ത് എത്തുന്ന ഗുരുതര സാഹചര്യം സൃഷ്ടിച്ചത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത് പ്രകാരം നടന്ന റോഡ് അറ്റകുറ്റപ്പണി വനംവകുപ്പ് ജീവനക്കാർ അകാരണമായി തടസ്സപ്പെടുത്തി എന്നാണ് വകുപ്പുതല വിലയിരുത്തൽ. ജീവനക്കാർക്കെതിരായ ആരോപണങ്ങൾ ഗൗരവമേറിയതും പ്രഥമദൃഷ്ട്യാ കഴമ്പുള്ളതുമാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story