Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:43 AM IST Updated On
date_range 18 Jun 2022 5:43 AM ISTഭക്ഷണം വാങ്ങാനെങ്കിലും ഈ വാതിലൊന്ന് തുറന്നുകൂടെ...!
text_fieldsbookmark_border
ഗാന്ധിനഗർ: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം വാങ്ങുവാൻപോലും സമ്മതിക്കാതെ മെഡിക്കൽകോളജ് അധികൃതർ കാൻസർ വാർഡിൻെറ ഇടതുവശത്തുള്ള ഗേറ്റ് പൂട്ടി. ഇതോടെ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം വാങ്ങാൻ രോഗികളുടെ കൂട്ടിരിപ്പുകാർ വലയുകയാണ്. നൂറുകണക്കിന് പാവപ്പെട്ട രോഗികളുടെ സഹായികളാണ് രാവിലെയും ഉച്ചക്കും ഭക്ഷണം വാങ്ങാൻ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. ഒരു സംഘടന നാലുദിവസവും മറ്റൊരു സംഘടന മൂന്നുദിവസവും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വർഷങ്ങളായി നൽകിവരുന്നു. ഈ ഭാഗത്തെ ചെറിയ ഗേറ്റ് തുറന്ന് റോഡിലിറങ്ങിയാണ് ഭക്ഷണം വാങ്ങിയിരുന്നത്. വാതിൽ പൂട്ടിയതോടെ ആശുപത്രിയുടെ ഉള്ളിൽനിന്ന് ഗേറ്റിൻെറ കമ്പികൾക്കിടയിലൂടെ പാത്രം നൽകിയും വാങ്ങാൻ ശ്രമിക്കുന്നു. ഇതുമൂലം പാത്രം ചരിഞ്ഞ് ഭക്ഷണം നഷ്ടപ്പെടുന്നുമുണ്ട്. വിതരണ സ്ഥലത്തേക്ക് അല്ലാതെ എത്തണമെങ്കിൽ അരകിലോമീറ്ററിൽ കൂടുതൽ ചുറ്റി കറങ്ങണ്ടിവരും. ഗൈനക്കോളജി വിഭാഗത്തിൽനിന്നുള്ളവർ റോഡിലൂടെ വന്നാണ് ഭക്ഷണംവാങ്ങുന്നത്. ഇങ്ങനെ രണ്ടുഭാഗത്തുനിന്ന് എത്തുന്നവരുടെ സൗകര്യത്തിനായി ഗേറ്റിന് സമീപം ഭക്ഷണം വിതരണം നടത്തുന്നത്. മഴയുള്ളപ്പോൾ ഭക്ഷണവിതരണം തടസ്സപ്പെടുകയും ചെയ്യുന്നു. തുടർച്ചയായി ഡയാലിസിസിന് വിധേയമാകുന്ന നിരവധി രോഗികൾ ഈ ഭാഗത്ത് വാടകവീട്ടിലാണ് താമസിച്ചുവരുന്നുണ്ട്. ഇവർക്ക് ഈ ഗേറ്റ് കടന്ന് വളരെയെളുപ്പം ആശുപത്രിയിലെത്തി ചികിത്സതേടാനുള്ള സൗകര്യമാണ് ഗേറ്റ് അടച്ചതോടെ നഷ്ടമായത്. ഇപ്പോൾ ആശുപത്രിയിലെത്താൻ ഇവർക്ക് മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് കൊണ്ടുപോയ മാലിന്യത്തിൽ നവജാത ശിശുവിൻെറ ജഡം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ കവാടം അടച്ചതെന്നാണ് അറിയുന്നത്. രോഗികൾക്ക് ആശുപത്രിയിലെത്തുന്നതിനും ഭക്ഷണവിതരണ സമയത്തും ഈ കവാടം തുറന്നുകൊടുക്കാൻ അധികൃതർ തയാറാകണമെന്നും സുരക്ഷ ഉദ്യോഗസ്ഥരെ ഇവിടെ നിയമിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. പടം: KTL Gate മെഡിക്കൽ കോളജ് കാൻസർ വാർഡിൻെറ ഇടതുവശത്തെ ഗേറ്റ് പൂട്ടിയതിനാൽ ഭക്ഷണം വാങ്ങാനെത്തിയവരുടെ തിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story