Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:33 AM IST Updated On
date_range 17 Jun 2022 5:33 AM ISTമുറിച്ചിട്ട മരം അംഗൻവാടി കെട്ടിടത്തിലേക്കുവീണു
text_fieldsbookmark_border
എലിക്കുളം: സ്വകാര്യ പുരയിടത്തിൽനിന്ന് വെട്ടിയിട്ട മരം എലിക്കുളം പഞ്ചായത്ത് 13ആം വാർഡിൽ ഇളങ്ങുളം വടക്കുംഭാഗം അംഗൻവാടി കെട്ടിടത്തിലേക്ക് പതിച്ചു. മേൽക്കൂരയിലെ ഓടുകൾ തകർന്ന് ഉള്ളിൽ പതിച്ചെങ്കിലും കുട്ടികളും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടുകൾ ചിതറിവീണ ഭാഗത്ത് കുട്ടികളില്ലാതിരുന്നത് അപകടമൊഴിവാക്കി. വ്യാഴാഴ്ച 11.30ഓടെയാണ് സംഭവം. കെട്ടിടത്തിന് സമീപം റോഡിന് എതിർവശത്ത് സ്വകാര്യ പുരയിടത്തിൽനിന്ന മഹാഗണി മരമാണ് മുറിച്ചത്. ശിഖരങ്ങൾ മുറിച്ചുമാറ്റാതെ മരംവെട്ടിയിടാൻ ശ്രമിച്ചതിനാൽ കാറ്റിനനുസരിച്ച് ദിശമാറിയതാണ് കെട്ടിടത്തിലേക്ക് പതിക്കാൻ കാരണം. വൈദ്യുതി പോസ്റ്റ് തകർത്ത് ലൈനിൽ തങ്ങിയനിലയിൽ കെട്ടിടത്തിന് മുകളിലേക്ക് വീണതിനാൽ കൂടുതൽ ആഘാതം മേൽക്കൂരയിലുണ്ടായില്ല. നേരിട്ട് മരം മേൽക്കൂരയിൽ വീണിരുന്നെങ്കിൽ തകർന്നുവീഴാൻ സാധ്യതയേറെയായിരുന്നു. മരം വീണതോടെ വൈദ്യുതി ലൈനുകൾ കൂട്ടിയിടിച്ച് തീപ്പൊരി ചിതറിവീഴുകയും ശബ്ദമുയരുകയും ചെയ്തതോടെ കുട്ടികളും ജീവനക്കാരും ആശങ്കയിലായിരുന്നു. വർക്കർ സവിതയും ഹെൽപർ പുഷ്പയും സമയോചിതമായി ഇടപെട്ട് കുട്ടികൾ ചിതറിയോടാതെ കാത്തതും പരിക്കില്ലാതെ രക്ഷപ്പെടാൻ ഇടയാക്കി. വ്യാഴാഴ്ച നാല് കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. കൂടുതൽ കുട്ടികൾ ഇല്ലാതിരുന്നതും അപകടസാധ്യത കുറച്ചു. സമീപവാസിയായ വടക്കേത്ത് ഗോപിനാഥൻ നായരും മുൻ വർക്കർ സന്ധ്യയും ഉടൻ കെട്ടിടത്തിനുള്ളിൽകയറി കുട്ടികളെ പുറത്തിറക്കി. കണ്ണാമ്പടം ശരൺ, കിഴക്കേമുറി അനന്തു, അഞ്ജുനിവാസ് അഖിൽ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നാട്ടുകാർ ചേർന്ന് അംഗൻവാടിയിലെ ഉപകരണങ്ങൾ സമീപത്തെ കരയോഗ കെട്ടിടത്തിലേക്ക് മാറ്റി. അംഗൻവാടി താൽക്കാലികമായി ഇവിടെ പ്രവർത്തിക്കും. സംഭവമറിഞ്ഞ പൊൻകുന്നം പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി മുൻകരുതൽ നടപടി സ്വീകരിച്ചു. KTL VZR 4 Anganvadi Tree ഇളങ്ങുളം വടക്കുംഭാഗത്തെ അംഗൻവാടി കെട്ടിടത്തിന് മുകളിലേക്ക് മരംവീണപ്പോൾ അംഗൻവാടിയുടെ ഓടുകൾ മരംവീണ് തകർന്നനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
