Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎരുമേലി സർക്കാർ...

എരുമേലി സർക്കാർ ആശുപത്രിയിൽ രോഗികൾ വലയുന്നു

text_fields
bookmark_border
എരുമേലി: സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ദിനംപ്രതി 300 മുതൽ 500ലധികം രോഗികളെത്തുന്ന ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ പലപ്പോഴും രണ്ട്​ ഡോക്ടർമാർ മാത്രമാണുള്ളത്. അത്യാഹിത വിഭാഗത്തിൽ ആവശ്യമുണ്ടായാൽ ഒ.പിയിൽനിന്നുവേണം ഡോക്ടർ എത്താൻ. രാവിലെ എട്ടര മുതൽ ഒ.പി ടിക്കറ്റ് എടുത്ത്​ കാത്തിരിക്കുന്ന രോഗികൾക്ക്​ പലപ്പോഴും ഉച്ചക്ക്​ ശേഷമാണ് മടങ്ങാൻ കഴിയുന്നത്. കാത്തിരുന്ന് ക്ഷമകെട്ട് രോഗികൾ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി തിരികെ പോകുന്നതും പതിവാണ്​. 23 വാർഡുള്ള എരുമേലി പഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണനമൂലം ലാഭം കൊയ്യുന്നത് സ്വകാര്യ ആശുപത്രികളാണ്. സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ സർക്കാർ ആതുരാലയം. കിലോമീറ്ററുകൾ താണ്ടിയാണ് എരുമേലി പഞ്ചായത്തിലെ മലയോരമേഖലയിലെ സാധാരണക്കാരായ ജനങ്ങൾ എരുമേലി സി.എച്ച്.സിയിൽ എത്തുന്നത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആറ്​ ഡോക്ടർമാരുടെ സേവനമാണ് വേണ്ടത്. നിലവിൽ ജോലിയിലുള്ള അഞ്ച്​ ഡോക്ടർമാരിൽ മൂന്ന്​ ഡോക്ടർമാർ കൂടുതൽ ദിവസങ്ങളിലും ഡ്യൂട്ടിയുടെ ഭാഗമായി മറ്റ് പ്രദേശങ്ങളിലാകും ഉണ്ടാകുക. നിയമനം നടന്ന മറ്റൊരു ഡോക്ടർ അവധിയിലാണ്. എരുമേലിയിൽനിന്ന്​ സ്ഥലം മാറിപ്പോയ മെഡിക്കൽ ഓഫിസർക്ക്​ പകരം ആളെത്തിയിട്ടില്ല. ഡോക്ടർമാരും ഉദ്യോഗസ്ഥരും എരുമേലിയിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നില്ലെന്നും നിയമനം നടന്നാൽ ഉടൻ സ്ഥലം മാറിപ്പോകാൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. ദൂരെ സ്ഥലങ്ങളിൽനിന്ന്​ എത്തുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും താമസിക്കാൻ നല്ലൊരു ക്വാർട്ടേഴ്സ്​പോലും ഇല്ലാത്തതാണ് കാരണമെന്ന്​ ജീവനക്കാർതന്നെ പറയുന്നു. പ്രായമായവരും കുട്ടികളുമടക്കം നൂറുകണക്കിന്​ രോഗികൾ എത്തുന്ന എരുമേലി സർക്കാർ ആശുപത്രിയിൽ സ്ഥിരമായി ഡോക്ടർമാരെ നിയമിക്കണമെന്നും ഇവർക്ക്​ മറ്റ്​ ജോലികൾ നൽകി മാറ്റിനിർത്തുന്നത് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ചിത്രം: എരുമേലി സി.എച്ച്.സിയിൽ ഉച്ചക്ക്​ രണ്ടിനുശേഷവും ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്ന രോഗികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story