Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:36 AM IST Updated On
date_range 12 Jun 2022 5:36 AM ISTമുഖ്യമന്ത്രിക്കെതിരെ കോട്ടയത്ത് രണ്ടിടത്ത് കരിങ്കൊടി
text_fieldsbookmark_border
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോട്ടയത്ത് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പൊലീസിന്‍റെ കനത്ത സുരക്ഷക്കിടെയായിരുന്നു കരിങ്കൊടി കാട്ടൽ. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ മാമ്മൻ മാപ്പിള ഹാളിലേക്കുള്ള യാത്രക്കിടെയായിരുന്നു ആദ്യ പ്രതിഷേധം. മൂലേടം മേൽപാലത്തിനുസമീപത്ത് യുവമോർച്ചയാണ് കരിങ്കൊടി കാട്ടിയത്. വാഹനം കടന്നുപോകുന്നതിനിടെ റോഡരികിൽനിന്ന് കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ല പ്രസിഡന്‍റ് അശ്വന്ത് മാമലശ്ശേരി, ബി.ജെ.പി കോട്ടയം മണ്ഡലം പ്രസിഡന്‍റ് അരുൺ മൂലേടം എന്നിവരാണ് അറസ്റ്റിലായത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. സമ്മേളനശേഷം മടങ്ങുമ്പോൾ നാഗമ്പടത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ടോം കോര അഞ്ചേരിൽ, സിജോ ജോസഫ്, ജില്ല പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, നിയോജകമണ്ഡലം പ്രസിഡന്‍റ് രാഹുൽ മറിയപ്പള്ളി, അനൂപ് അബൂബക്കർ എന്നിവരാണ് കരിങ്കൊടി കാട്ടിയത്. നേരത്തേ, പ്രതിഷേധം ഉയർത്താൻ ശ്രമിച്ച ജില്ല പ്രസിഡന്‍റ് ചിന്‍റു കുര്യൻ ജോയി, സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വാഹനത്തിൽവെച്ച് പൊലീസ് മർദിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. അതിനിടെ, അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ എത്തിയത്. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചു. പടം: DP
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story