Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:41 AM IST Updated On
date_range 10 Jun 2022 5:41 AM ISTവെച്ചൂരിലും വിളഞ്ഞു ഗാഗ് ഫ്രൂട്ട്
text_fieldsbookmark_border
വൈക്കം: വിദേശരാജ്യങ്ങളിൽ വളരുന്ന ഗാഗ് ഫ്രൂട്ട് വൈക്കം കായലോരത്തെ മണ്ണിൽ വിളയിച്ച് 25കാരൻ. വെച്ചൂർ ചേരകുളങ്ങരയിലെ കൃഷ്ണ എൻജിനീയറിങ് ആൻഡ് മെറ്റൽ വർക്സിലെ ജീവനക്കാരൻ ചേർത്തല കണിച്ചുകുളങ്ങര പാടത്തുചിറ വിഷ്ണുവാണ് (25) പറുദീസാകനി എന്ന് അറിയപ്പെടുന്ന ഫലസസ്യം നട്ടുവളർത്തി വിജയഗാഥ രചിച്ചത്. വർക്ക്ഷോപ്പിന് പിന്നിലെ സ്ഥലത്ത് വാഴയും ചോളവും കപ്പയും കൃഷി ചെയ്ത് മികച്ച വിളവ് നേടിയ വിഷ്ണു അങ്കമാലിയിൽ ഗാഗ് ഫ്രൂട്ട് വളർത്തി വിത്തും തൈയും വിൽക്കുന്ന ജോജോ പുന്നക്കലിനെ തേടിപ്പിടിച്ച് 300 രൂപക്ക് ആറ് വിത്ത് വാങ്ങുകയായിരുന്നു. വർക്ക്ഷോപ്പിന് പിറകിൽ വിത്ത് കുഴിച്ചിട്ടു. രണ്ടു മാസം കഴിഞ്ഞ് വിത്തുകൾ മുളച്ചു. വളർന്ന് ഉയർന്ന ചെടിയെ പിന്നീട് പന്തലിലേറ്റി. മൂന്നുമാസത്തിനുശേഷം ചെടി മൊട്ടിട്ട് പൂവിരിഞ്ഞ് ആദ്യത്തെ പഴമുണ്ടായി. റംബുട്ടാൻ പഴവുമായി ഗാഗ് ഫ്രൂട്ടിന് സാമ്യമുണ്ടെങ്കിലും റംബുട്ടാനെക്കാൾ പത്തിരട്ടി വലുപ്പമുണ്ട്. തുടക്കത്തിൽ പച്ചനിറമുള്ള കായ് പകുതി വലുപ്പത്തിലാകുമ്പോൾ മഞ്ഞനിറത്തിലാകും. പൂർണ വളർച്ചയെത്തുമ്പോൾ പഴത്തിന് കടുത്ത ചുവപ്പുനിറമാണ്. ജോജോയുടെ ഗാഗ് ഫ്രൂട്ട് തോട്ടത്തിൽനിന്ന് ആൺ പൂക്കൾ ശേഖരിച്ച് പരാഗണം നടത്തിയതോടെ കൂടുതൽ കായ്കളുണ്ടായി. പിന്നീട് ആൺചെടി പെൺചെടിയുമായി ചേർത്ത് ഗ്രാഫ്റ്റ് ചെയ്ത് വിഷ്ണു നടത്തിയ പരീക്ഷണം വിജയിച്ചതോടെ കൃഷിയിടത്തിൽ ഗാഗ് ഫ്രൂട്ടുകൾ നിറഞ്ഞു. നേരിയ കയ്പുള്ള ഈ പഴം ഉപയോഗിച്ച് വിദേശങ്ങളിൽ മരുന്ന്, സൗന്ദര്യ വസ്തുക്കൾ, എണ്ണ തുടങ്ങിയവ ഉൽപാദിപ്പിക്കുന്നുണ്ട്. ചാണകം, വാഴപ്പോള, പിണ്ടി തുടങ്ങിയവ നുറുക്കിയത്, കരിയില തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്. വർക്ക്ഷോപ്പ് ഉടമ വൈക്കം ചാലപ്പറമ്പ് സ്വദേശി സി. ധാരി വിഷ്ണുവിന്‍റെ പരീക്ഷണങ്ങൾക്ക് പൂർണ പിന്തുണയാണ് നൽകുന്നത്. KTG GAG FRUIT- വൈക്കം വെച്ചൂർ ചേരകുളങ്ങരയിലെ വർക്ക് ഷോപ്പിന് പിന്നിലെ ഗാഗ് ഫ്രൂട്ട് തോട്ടത്തിലെ പഴങ്ങൾ കാണാനെത്തിയവരോട് വിഷ്ണു പഴത്തിന്‍റെ സവിശേഷതകൾ പങ്കു വെക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story