Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:36 AM IST Updated On
date_range 31 May 2022 5:36 AM ISTശൈശവ വിവാഹം: സമഗ്ര പഠനത്തിന് സർക്കാർ
text_fieldsbookmark_border
തൊടുപുഴ: സംസ്ഥാനത്തെ ശൈശവ വിവാഹ നിരക്ക്, പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് സർക്കാർ സമഗ്ര പഠനം നടത്തുന്നു. വനിത, ശിശു വികസന വകുപ്പിനായി കേരള സർവകലാശാല ഡെമോഗ്രഫി വിഭാഗമാണ് ഒരു വർഷം നീളുന്ന പഠനത്തിന് നേതൃത്വം നൽകുന്നത്. പഠന റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ശൈശവ വിവാഹം തടയാൻ ഫലപ്രദമായ കർമപദ്ധതിക്ക് രൂപം നൽകുകയാണ് ലക്ഷ്യം. ശൈശവ വിവാഹം സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ, കാരണമാകുന്ന ഘടകങ്ങൾ എന്നിവക്കാകും ഊന്നൽ നൽകുക. പഠനത്തിനായി സർക്കാർ 16.32 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വനിത ശിശു വികസന വകുപ്പിന്‍റെ ആവശ്യപ്രകാരം കേരള സർവകലാശാല പഠനത്തിന്‍റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ശൈശവ വിവാഹങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും എണ്ണമോ കാരണങ്ങളോ പ്രത്യാഘാതങ്ങളോ സംബന്ധിച്ച പഠന റിപ്പോർട്ട് വകുപ്പിന്‍റെ കൈവശമില്ല. മുമ്പ് ചീഫ് സെക്രട്ടറി തലത്തിൽ ചേർന്ന യോഗത്തിൽ 2025ഓടെ കേരളത്തെ ശൈശവ വിവാഹമുക്ത സംസ്ഥാനമാക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, തുടർപ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ടുപോയില്ല. ഈ സാഹചര്യത്തിലാണ് സമഗ്ര പഠനം നടത്തുന്നത്. കോവിഡ് സാഹചര്യത്തിൽ പല ജില്ലകളിലും ശൈശവ വിവാഹ നിരക്ക് വർധിച്ചതായി വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വീട്ടിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം കുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിക്കപ്പെട്ട സംഭവങ്ങളാണ് പലതും. മുൻകൂട്ടി കണ്ടെത്താൻ കഴിഞ്ഞ ശൈശവ വിവാഹങ്ങൾ തടഞ്ഞതായി അധികൃതർ പറയുന്നു. പട്ടികജാതി പട്ടികവർഗ, ആദിവാസി, തീരദേശ, അതിർത്തി, തോട്ടം മേഖലകളടക്കം ഉൾപ്പെടുത്തി നടത്താൻ ഉദ്ദേശിക്കുന്ന പഠനം സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. 2019-20ലെ ദേശീയ കുടുംബ സർവേയിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ശൈശവ വിവാഹ നിരക്ക് 2015-16നെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതായും തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ വർധിച്ചതായും കണ്ടെത്തിയിരുന്നു. പി.പി. കബീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story