Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:35 AM IST Updated On
date_range 31 May 2022 5:35 AM ISTയാത്രക്കാർ കൈകാണിച്ചു;പാലരുവി ഏറ്റുമാനൂരിൽ നിർത്തി
text_fieldsbookmark_border
കോട്ടയം: താൽക്കാലിക സ്റ്റോപ് പിൻവലിച്ചതറിയാതെ ഏറ്റുമാനൂർ സ്റ്റേഷനിലെത്തിയ യാത്രക്കാർ കൈ കാണിച്ചതോടെ പാലരുവി എക്സ്പ്രസ് നിർത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇരട്ടപ്പാത നിർമാണത്തോടനുബന്ധിച്ചുള്ള റെയിൽവേ നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച വരെ പാലരുവിക്ക് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചിരുന്നു. നിയന്ത്രണങ്ങളും താൽക്കാലിക സ്റ്റോപ്പും പിൻവലിച്ചതറിയാതെ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് സ്റ്റോപ് ഇല്ലെന്ന വിവരം യാത്രക്കാർ അറിയുന്നത്. പ്രതീക്ഷ കൈവിടാതെ കൈ കാണിച്ച യാത്രക്കാർക്ക് മുന്നിൽ പാലരുവി അൽപനിമിഷം നിർത്തി കയറാൻ അനുവദിച്ചു. വിഷയം ചർച്ചയായതോടെ ലോക്കോ പൈലറ്റിന് നന്ദി പറയുകയാണ് യാത്രക്കാർ. ലോക്കോ പൈലറ്റിന്‍റെ സമീപനം പ്രശംസനീയമാണെന്ന് ഏറ്റുമാനൂർ അസോസിയേഷൻ പ്രതിനിധി ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു. എറണാകുളത്ത് ഓഫിസ് സമയത്തെത്തുന്ന ട്രെയിനാണ് പാലരുവി. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കം ദിവസവും ആയിരങ്ങളാണ് കോട്ടയം ഭാഗത്തു നിന്നു യാത്ര ചെയ്യുന്നത്. പേട്ട, പാലാ, അയർക്കുന്നം, പേരൂർ, ആർപ്പുക്കര, നീണ്ടൂർ, മണർകാട്, വയല എന്നിവിടങ്ങളിൽനിന്ന് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന സ്റ്റേഷനാണ് ഏറ്റുമാനൂർ. പാലരുവി തുടങ്ങിയ സമയത്ത് ഏറ്റുമാനൂർ സ്റ്റേഷന്റെ പണി നടക്കുന്നതിനാൽ സ്റ്റോപ് താൽക്കാലികമായി ഒഴിവാക്കുകയായിരുന്നു. പാലരുവി പിന്നീട് പുനലൂരിൽനിന്ന് തിരുനെൽവേലി വരെ നീട്ടിയപ്പോൾ ഏറ്റുമാനൂരിലെ സ്റ്റോപ് സ്വപ്നം മാത്രമായി. കോട്ടയം ഇരട്ടപ്പാത പൂർത്തിയായതോടെ സ്റ്റോപ് യാഥാർഥ്യമായേക്കുമെന്നാണ് വിവരം. ഇരട്ടപ്പാതയുടെ നിയന്ത്രണങ്ങൾക്ക് അനുഭാവം പ്രകടിപ്പിച്ച് പാലരുവിക്കുവേണ്ടി നടത്തിവരുന്ന പ്രതിഷേധങ്ങൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇരട്ടപ്പാത കമീഷൻ ചെയ്യുമ്പോൾ ലാഭിക്കുന്ന സമയം സ്റ്റോപ് അനുവദിക്കുന്നതിന് അനുകൂലമാണെന്നും റെയിൽവേ ഇനിയും ഏറ്റുമാനൂരിന്റെ യാത്രാക്ലേശം കണ്ടില്ലെന്ന് ഭാവിച്ചാൽ തുടർ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും ഏറ്റുമാനൂർ പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളായ അജാസ് വടക്കേടം, എം.എസ്. ഷിനു എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story