Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാടുകയറി കായലോര ടൂറിസം...

കാടുകയറി കായലോര ടൂറിസം പദ്ധതി

text_fields
bookmark_border
പരമ്പര .'പാക്കേജിന്'​ പുറത്തെ കുമരകം- മൂന്ന്​ കോട്ടയം: വിനോദസഞ്ചാരികൾക്ക്​ വിശാലമായ വിശ്രമമൊരുക്കാൻ ലക്ഷ്യമിട്ടാണ്​ ചീപ്പുങ്കലിലെ വേമ്പനാട്ട് കായൽ തീരത്ത്​ കായലോര ടൂറിസം പദ്ധതിക്ക്​ തുടക്കമിട്ടതെങ്കിലും സഞ്ചാരികൾക്ക്​ അനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല. വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനും കാഴ്ചകൾ കാണാനും ഏറ്റവും അനുയോജ്യമായ സ്ഥലം പ്രയോജനപ്പെടുത്താൻ കഴിയാതെ കാടുകയറുന്ന അവസ്ഥയാണിപ്പോൾ. നടപ്പാതയും വിശ്രമത്തിനായി ഒരുക്കിയിരിക്കുന്ന സ്ഥലവും കാടുനിറഞ്ഞു. വേമ്പനാട്ട്​ കായലിനോട്​ ചേർന്ന്​ ഇറിഗേഷൻ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള നാലര ഏക്കറിലായിരുന്നു ടൂറിസം വകുപ്പിന്‍റെ ചീപ്പുങ്കൽ കായലോര ടൂറിസം പദ്ധതി. സഞ്ചാരികൾക്ക്​ വിശാലമായ സൗകര്യം ഒരുക്കുന്നതിനൊപ്പം കുമരകത്തിന്​ പുറത്തേക്കും ടൂറിസം വികസനം എത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു ചീപ്പുങ്കലിനെ പദ്ധതിക്കായി തെരഞ്ഞെടുത്തത്​. ഹൗസ്​ബോട്ട്​ ജെട്ടി ഉള്ളതും അനൂകൂല ഘടകമായി വിലയിരുത്തി. വിശാലമായ കായലിനൊപ്പം ഹൗസ്​ബോട്ടുകൾ കടന്നുപോകുന്നത്​ ഇവിടെയിരുന്നാൽ കണ്ണിലെത്തുമായിരുന്നു. സൂര്യാസ്തമയവും സുന്ദരപ്രതീതി സൃഷ്ടിച്ചിരുന്നു. അയ്മനം പഞ്ചായത്ത്​ പരിധിയിലായിരുന്ന ഇവിടം ​ബണ്ട്​കെട്ടി വേർതിരിക്കുകയും ചീപ്പുങ്കൽനിന്നുള്ള റോഡ് അവസാനിക്കുന്ന ഭാഗം മുതൽ കായലോരം വരെ നടപ്പാതയും ടൂറിസം വകുപ്പ്​ നിർമിച്ചു. കായലോരത്ത് വിശ്രമത്തിനായി സ്റ്റീൽ ബെഞ്ചുകളും സ്ഥാപിച്ചിരുന്നു. എന്നാൽ, സംരക്ഷണച്ചുമതലയുമായി ബന്ധ​പ്പെട്ട്​ ഇറിഗേഷൻ വകുപ്പും ടൂറിസം വകുപ്പും തമ്മിലുള്ള തർക്കം പദ്ധതിക്ക്​ തിരിച്ചടിയായി. സംരക്ഷിക്കാൻ ആളില്ലാതായതോടെ പദ്ധതിയിലേക്ക്​ കാടുപടർന്നു. നാൽക്കാലികൾ ഉള്ളിലേക്ക്​ കടക്കുന്നത്​ തടയാനായി പ്രവേശന കവാടത്തിൽ സ്ഥാപിച്ച കറങ്ങുന്ന ഗേറ്റടക്കം നശിച്ചു. സ്റ്റീൽ ബെഞ്ചുകൾ പലയിടങ്ങളിലായി ചിതറി. നടപ്പാതയിലേക്ക്​ സമീപത്തെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വളർന്നു കയറിക്കിടക്കുന്ന നിലയിലാണ്​. തലയിൽ തട്ടുന്ന കാട്ടുമരങ്ങുടെ ചില്ലകൾ നീക്കിവേണം മുന്നോട്ടുനീങ്ങാൻ. ഇഴജന്തുക്കളുടെ ശല്യവും രൂഷമാണ്. നടപ്പാതയുടെ ടൈലുകൾ പൊട്ടിത്തുടങ്ങിയതിനൊപ്പം കായലോര ഭാഗത്ത് പുല്ല് നിറഞ്ഞു. ഇവിടം കന്നുകാലികൾക്കു മേയാനുള്ള സ്ഥലമായും മാറി. ഇപ്പോൾ കായലിൽനിന്നുള്ള ചളിയും ഇവിടേക്ക്​​ വാരിയിട്ടിരിക്കുകയാണ്​. ഇതിന്​ സമീപത്തായി, കായലിൽ തുരുത്ത്​ രൂപപ്പെടുന്നുമുണ്ട്​. ഇത്​ ബോട്ട്​യാത്രക്ക്​ ഭീഷണിയാണെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. വലിയതോതിൽ പുല്ല്​ നിറഞ്ഞാണ്​ തുരുത്ത്​​. ഇത്​ സുഗമമായ യാത്രകൾക്ക്​ വെല്ലുവിളിയാണെന്ന്​ ബോട്ട്​ ജീവനക്കാർ പറയുന്നു. ഇതിനിടെ, ഇവിടെ 8.5 കോടിയുടെ പദ്ധതി തയാറാക്കി അയ്മനം പഞ്ചായത്ത് ടൂറിസം വകുപ്പിന്​ നൽകിയെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. ഭക്ഷണശാല, വിശ്രമകേന്ദ്രം, സൂര്യാസ്തമയം കാണുന്നതിനുള്ള സംവിധാനം, കുളത്തിൽ പെഡൽ ബോട്ട്, ഹോം തിയറ്റർ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പദ്ധതിയാണ് തയാറാക്കിയിരുന്നത്. ഇത്​ ടൂറിസം വകുപ്പ്​ അംഗീകരിച്ചില്ല. ഇതോടെ സ്ഥലം പഞ്ചായത്തിന്​ വിട്ടുനൽകിയാൽ ടൂറിസം കേന്ദ്രം സംരക്ഷിക്കാൻ കഴിയുമെന്ന്​ ചൂണ്ടിക്കാട്ടി അയ്മനം പഞ്ചായത്ത്​ സർക്കാറിനെ സമീപിച്ചു. ഇതിനൊടുവിൽ സ്ഥലം ഇറിഗേഷൻ വകുപ്പ്​ അയ്മനം പഞ്ചായത്തിന്​ അടുത്തിടെ കൈമാറി. ഇ​തോടെ നിലവിലെ ടൂറിസം പദ്ധതി നവീകരിക്കുന്നതിനൊപ്പം​ വിപുലപ്പെടുത്താനുള്ള ആലോചനയും ആരംഭിച്ചിട്ടുണ്ട്​. 10 കോടി ചെലവിൽ കുട്ടികളുടെ പാർക്ക്​ അടക്കമുള്ളവയാണ്​ ആലോചനയിലുള്ളത്​. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാൻ ലക്ഷ്യമിട്ട്​ നിർമിച്ച ബോട്ട് ദുരന്തസ്മാരക മന്ദിരം കുമരകത്തെ മറ്റൊരു ദുരന്തക്കാഴ്ചയാണ്​. അതേക്കുറിച്ച്​ നാളെ. -പടം- നിശ്ചലം സഞ്ചരിക്കുന്ന ശുചിമുറി വിനോദസഞ്ചാരികൾക്കായി ഒരുക്കിയ സഞ്ചരിക്കുന്ന ശുചിമുറിയും നിശ്ചലം. ചീപ്പുങ്കല്‍ വിനോദസഞ്ചാര മേഖലയിലെത്തുന്ന സന്ദര്‍ശകര്‍ക്കായി അയ്​മനം പഞ്ചായത്താണ്​ മൊബൈൽ ഒരുക്കിയത്​. സ്ഥിരം ടോയ്​ലറ്റുകള്‍ സ്ഥാപിക്കാനുള്ള സ്ഥലദൗര്‍ലഭ്യം കണക്കിലെടുത്താണ് അയ്മനം പഞ്ചായത്ത് സഞ്ചരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയത്. സൗരോര്‍ജമുപയോഗിച്ചായിരുന്നു പ്രവര്‍ത്തനം. നാല് ടോയ്​ലറ്റുകള്‍, രണ്ട് യൂറിനലുകള്‍, രണ്ട് കുളിമുറികള്‍, രണ്ട് വാഷ് ബേസിനുകള്‍ എന്നിവയാണ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്ര​ത്യേകമായിട്ടായിരുന്നു സംവിധാനങ്ങൾ. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് മാലിന്യ സംസ്കരണമെന്നായിരുന്നു അവകാശവാദം. 1000 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കും 1300 ലിറ്റര്‍ ശേഷിയുള്ള മാലിന്യ ടാങ്കും സജ്ജീകരിച്ചിരുന്നു. സെന്‍സര്‍ ടാപ്പുകളുമായിരുന്നു സജ്ജീകരിച്ചിരുന്നത്​. പുതുമോടി കഴിഞ്ഞതോടെ ഇതിപ്പോൾ ചീപ്പുങ്കലിൽ റോഡരികിൽ ഉപേക്ഷിക്ക​പ്പെട്ട നിലയിലാണ്​. കോവിഡ്​ കാലത്ത്​ സഞ്ചാരികൾ ഇല്ലാതായതോടെയണ്​ ശുചിമുറി നിശ്ചലമായതെന്നും പരീക്ഷണ അടിസ്ഥാനത്തിൽ യുവസംരംഭകൻ ​ നിർമിച്ച്​ നൽകിയതായിരുന്നു ഇതെന്നും അയ്മനം പഞ്ചായത്ത്​ ഭരണസമിതി പറയുന്നു. 10 ലക്ഷം രൂപയായിരുന്നു ചെലവെങ്കിലും യുവസംരംഭകൻ തന്നെയായിരുന്നു നിർമാണ​ച്ചെലവ്​ വഹിച്ചതെന്നും പറയുന്നു. --പടം--
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story