Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:32 AM IST Updated On
date_range 24 May 2022 5:32 AM ISTചിങ്ങവനം-ഏറ്റുമാനൂർ ഇരട്ടപ്പാത: പിഴവില്ലാതെ പരീക്ഷണം; റിപ്പോർട്ട് ഇന്ന്
text_fieldsbookmark_border
കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂർ ഇരട്ടപ്പാത കമീഷൻ ചെയ്യുന്നതിനു മുന്നോടിയായി സുരക്ഷ പരിശോധന പൂർത്തിയായി. മോട്ടോർ ട്രോളി പരിശോധനയും വേഗ പരിശോധനയുമാണ് തിങ്കളാഴ്ച രണ്ടു ഘട്ടത്തിലായി നടത്തിയത്. സതേൺ റെയിൽവേ സേഫ്റ്റി കമീഷണർ (സി.ആർ.എസ് ) അഭയകുമാര്‍ റായിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 28 മുതല്‍ പുതിയ പാതയില്‍ ട്രെയിന്‍ ഓടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സി.ആർ.എസ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. പരിശോധന റിപ്പോര്‍ട്ട് ചൊവ്വാഴ്ച റെയില്‍വേയുടെ ചീഫ് സേഫ്റ്റി കമീഷണർക്കു കൈമാറും. രാവിലെ പൂജക്കുശേഷം ഒമ്പതോടെ ഏറ്റുമാനൂർ സ്റ്റേഷനു സമീപം പാറോലിക്കല്‍ ലെവല്‍ ക്രോസിൽനിന്നാണ് പരിശോധന ആരംഭിച്ചത്. കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍വരെ ഏഴു മോട്ടോര്‍ ട്രോളികളിലായി പാതയുടെ ഫിറ്റ്‌നെസ് പരിശോധിച്ചു. മറ്റൊരു ട്രോളിയിൽ റെയിൽവേ ജീവനക്കാർ അനുഗമിച്ചു. പാലങ്ങൾ, റെയിൽവേ ഗേറ്റുകൾ, സിഗ്നല്‍ സംവിധാനം, പാളങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകൾ, ഇലക്ട്രിക് പോസ്റ്റുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയവയടക്കമാണ് പരിശോധിച്ചത്. അഞ്ചു വലിയ പാലങ്ങള്‍, 54 ചെറിയ പാലങ്ങള്‍, ഒരു മേൽപാലം എന്നിവയാണ് പാതയിലുള്ളത്. ഇലക്ട്രിക്കൽ ജോലികളും പാതയിലെ വളവുകളുടെ സ്ഥിതിയും വിലയിരുത്തി. തുടർന്ന് മുട്ടമ്പലത്തുനിന്ന് ചിങ്ങവനം സ്‌റ്റേഷന്‍വരെ ട്രോളി പരിശോധന നടത്തി. രാവിലെ പെയ്ത ശക്തമായ മഴ പരിശോധന അൽപനേരം തടസ്സപ്പെടുത്തി. ട്രോളി പരിശോധനക്കുശേഷം ചിങ്ങവനത്ത് റെയിൽവേ ഉദ്യോഗസ്ഥരുടെയും തോമസ് ചാഴികാടൻ എം.പിയുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഉച്ചക്കുശേഷം പാറോലിക്കൽ ലെവൽ ക്രോസിൽനിന്ന് പാതയിലൂടെ 110 കിലോമീറ്റർ വേഗത്തിൽ രണ്ടു ബോഗികളുള്ള ട്രാക്ക് റെക്കോഡിങ് കാർ (ഓക്സിലേഷൻ മോണിറ്ററിങ് സിസ്റ്റം) ഉപയോഗിച്ച് വേഗ പരിശോധന നടത്തി. മുട്ടമ്പലം ലെവൽക്രോസ് മുതൽ ചിങ്ങവനം വരെ രണ്ടാമത്തെ വേഗ പരിശോധന നടത്തിയത് മൂന്നു ബോഗികളുള്ള ട്രാക്ക് റെക്കോഡിങ് കാർ ഉപയോഗിച്ചാണ്. വൈകീട്ട് ആറോടെ പരിശോധന പൂർത്തിയാക്കി അഭയകുമാര്‍ റായി മടങ്ങി. ഇനി ഏറ്റുമാനൂരിൽനിന്ന് പാറോലിക്കൽ ലൈനിലേക്കും കോട്ടയത്തുനിന്ന് മുട്ടമ്പലത്തേക്കുമുള്ള ലിങ്ക് കണക്ട് ചെയ്യൽ, സിഗ്നൽ നവീകരണം, ഇലക്ട്രിക് ലൈറ്റുകൾ പിടിപ്പിക്കൽ എന്നിവ പൂർത്തിയാകാനുണ്ട്. ഇവ 28നകം പൂർത്തിയാക്കും. റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ മാനേജര്‍ മുകുന്ദ് രാമസ്വാമി, ദക്ഷിണ റെയില്‍വേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ആര്‍.പി. ജിങ്കാര്‍, ചീഫ് എന്‍ജിനീയര്‍ വി. രാജഗോപാല്‍, ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ സുമിത് സിംഗാള്‍ എന്നിവര്‍ സുരക്ഷാ കമീഷണര്‍ക്കൊപ്പമുണ്ടായിരുന്നു. കമീഷണർക്ക് അതൃപ്തിയില്ല -എം.പി കോട്ടയം: സുരക്ഷ പരിശോധനയുടെ വിവരങ്ങൾ റെയിൽവേ സേഫ്റ്റി കമീഷണർ (സി.ആർ.എസ് ) അഭയകുമാര്‍ റായി വെളിപ്പെടുത്തിയിട്ടില്ലെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് ചൊവ്വാഴ്ച നൽകുമെന്നാണ് അറിയിച്ചത്. പ്രവൃത്തികളിൽ അതൃപ്തി അറിയിച്ചിട്ടില്ലാത്തതിനാൽ 28നുതന്നെ പുതിയ പാത കമീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും എം.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story