Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:48 AM IST Updated On
date_range 21 May 2022 5:48 AM ISTപ്രവേശനോത്സവം കളറാക്കും
text_fieldsbookmark_border
p2 lead....... കോട്ടയം: രണ്ടുവർഷത്തെ ഇടവേളക്കുശേഷം ജൂൺ ഒന്നിന് വിദ്യാലയങ്ങൾ പ്രവേശനോത്സവത്തിന് ഒരുങ്ങുന്നു. പാഠപുസ്തക വിതരണം, സ്കൂളുകളിലെ അടിസ്ഥാനസൗകര്യം പരിശോധിക്കൽ, സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കൽ തുടങ്ങിയവ പുരോഗമിക്കുകയാണ്. ജില്ലയിലെ എല്ലാ സ്കൂളുകളിലും അതത് എ.ഇ.ഒമാരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി സൗകര്യം വിലയിരുത്തുന്നുണ്ട്. മാർച്ചിൽ സ്പെഷൽ സ്കൂളുകളിലെ ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്തിയിരുന്നു. സ്കൂളുകളിലേക്ക് കുട്ടികളുടെ പ്രവേശനം പുരോഗമിക്കുകയാണ്. ജില്ലകളിലെ ഭൂരിഭാഗം സർക്കാർ, എയ്ഡഡ് സ്കൂളുകളും ഹൈടെക് നിലവാരത്തിൽ ഉയർത്തിയതിനാൽ സ്വകാര്യ സ്കൂളുകളെ അപേക്ഷിച്ച് ഇത്തവണ കുട്ടികൾ അധികമായെത്തും എന്നാണ് പ്രതീക്ഷ. ജില്ലതല പ്രവേശനോത്സവം കുടമാളൂർ ഗവ. എച്ച്.എസ്.എസിൽ നടത്താൻ ധാരണയായിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് എല്ലാ പ്രധാന അധ്യാപകരും എ.ഇ.ഒമാരും ഉൾപ്പെടുന്ന യോഗം വരുംദിവസങ്ങളിൽ ഓൺലൈനായി ചേരും. കുട്ടികൾക്കായുള്ള ഉച്ചഭക്ഷണത്തിന്‍റെ മുന്നൊരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നിർദേശപ്രകാരം എല്ലാ പാചകത്തൊഴിലാളികളും മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് ഉൾപ്പെടെ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിലെ പാചകപ്പുരകളും മറ്റും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനാധ്യാപകരുടെ ചുമതലയാണ്. ------ അധ്യാപകർക്ക് പരിശീലനക്ലാസ് ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി അധ്യാപകർക്കുള്ള പരിശീലന ക്ലാസുകൾ അവസാനഘട്ടത്തിലാണ്. ഓൺലൈൻ ക്ലാസുകളിലൂടെ പഠിച്ചിരുന്ന വിദ്യാർഥികൾക്ക് സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയം വേണം. അവരുമായ സമ്പർക്കം സുഗമമാക്കുകയെന്നതാണ് ഈ ക്ലാസുകളുടെ ഉദ്ദേശ്യം. ------- പാഠപുസ്തക വിതരണം പാഠപുസ്തകങ്ങളുടെ വിതരണം 60 ശതമാനത്തോളം പൂർത്തീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ പുസ്തകവിതരണം പൂർത്തീകരിക്കാനാണ് തീരുമാനം. എല്ലാ വിദ്യാഭ്യാസ ഉപജില്ലകളുടെയും കീഴിലെ ഹബ്ബുകളിൽ പുസ്തകങ്ങൾ സംഭരിച്ചിട്ടുണ്ട്. ഒന്നുമുതൽ എട്ടാംക്ലാസ് വരെ പാഠപുസ്തകങ്ങൾ അതത് ഹബ്ബുകളിൽ എത്തിയിട്ടുണ്ട്. മഴമൂലം പുസ്തകങ്ങൾ എത്തിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ടെന്നും അത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. -------- സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോർ കുതിച്ചുയരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാരന് ആശ്വാസമായി സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോർ ശനിയാഴ്ച ഗാന്ധിസ്ക്വയറിൽനിന്ന് സർവിസ് തുടങ്ങും. മറ്റ് കടകളിൽനിന്ന് വാങ്ങുന്ന വിലയെക്കാൾ 20 ശതമാനം കുറഞ്ഞനിരക്കിൽ ത്രിവേണി സ്റ്റോറുകളിലൂടെ പഠനോപകരണങ്ങൾ, ബാഗുകൾ, റെയിൻകോട്ടുകൾ, കുടകൾ തുടങ്ങിയവ ലഭ്യമാകും. ആഴ്ചയിൽ ആറുദിവസവും വിവിധ റൂട്ടുകളിൽ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോർ സർവിസ് നടത്തും. ----------- വാഹന പരിശോധന കോട്ടയം: മോട്ടോർ വാഹന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ 25ന് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുമെന്ന് ആർ.ടി.ഒ പി.ആർ. സജീവ് അറിയിച്ചു. അമ്മഞ്ചേരി- കാരിത്താസ് റോഡിൽ റെയിൽവേ ഗേറ്റിന് സമീപം രാവിലെ 10ന് പരിശോധന ആരംഭിക്കും. പരിശോധന പൂർത്തിയാക്കിയതാണെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കർ വാഹനത്തിൽ പതിക്കും. സുരക്ഷിത ഡ്രൈവിങ് സംബന്ധിച്ച മാർഗനിർദേശങ്ങളും ലഘുലേഖകളും ഡ്രൈവർമാർക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story