Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാണാത്തതെന്തേ ഈ...

കാണാത്തതെന്തേ ഈ കണ്ണീർപ്പാടം

text_fields
bookmark_border
കോട്ടയം: കുട്ടനാട്-അപ്പർ കുട്ടനാട് മേഖലയിലെ മുഴുവൻ നെല്ലും സമയബന്ധിതമായി സംഭരിക്കാൻ അടിയന്തര നടപടിയെന്ന്​ മന്ത്രിമാർ പറയുമ്പോഴും പാടശേഖരങ്ങളിൽ കൂട്ടിയിട്ട നെല്ല്​ വെള്ളത്തിൽതന്നെ. അധികൃതരെ കാത്തിരിക്കാതെ വെള്ളം നിറഞ്ഞ പാടത്തുനിന്ന്​ കർഷകർ നെല്ല്​ വാരിക്കയറ്റുന്ന കരളലിയുന്ന കാഴ്ചയാണ്​ പാടശേഖരങ്ങളിൽ. നാല്‍പതിലേറെ ലോഡ് നെല്ല് കൂട്ടിയിട്ടിരിക്കുന്ന തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക് പാടത്ത് കഴിഞ്ഞ ദിവസംതന്നെ വെള്ളം കയറിയിരുന്നു. നെല്ല്​ മാറ്റിയിടാൻ ഇടമില്ലാത്തതിനാൽ മോ​ട്ടോർ വെച്ച്​ വെള്ളം വറ്റിക്കുകയാണ്​ കർഷകർ. നാട്ടകം കൃഷിഭവനുകീഴിലെ അർജുനക്കരി, വരവുമേലി, ​കൊച്ചുപള്ളം, കാഞ്ഞിരത്തിൽ കുഴിയാടി എന്നിവിടങ്ങളിലെല്ലാം കൊയ്ത നെല്ല്​ വെള്ളത്തിലാണ്​. കാഞ്ഞിരം ജെ-ബ്ലോക്ക്​ ഒമ്പതിനായിരം പാടത്ത്​ ഉപ്പൂടാൻ ​ബ്ലോക്കിൽ കൊയ്തിട്ട 250 ടൺ നെല്ലിൽ വെള്ളംകയറി. ഞായറാഴ്ച കൊയ്ത്തു​ നടക്കേണ്ടിയിരുന്ന കോട്ടയം കൃഷിഭവനു കീഴിലെ 33 ഏക്കർ വേളൂർ എഴുപതിൽപ്പാടത്ത്​ നെൽച്ചെടിയുടെ അറ്റംപോലും കാണാത്തവിധം വെള്ളത്തിലായി​. നാട്ടകം കൃഷിഭവനുകീഴിലെ കാഞ്ഞിരത്തിൽ കുഴിയാടി പാടത്ത്​ 26 ഏക്കറിലും കൊച്ചുപള്ളം പാടത്ത്​ 62 ഏക്കറിലും നേരത്തേ കൊയ്ത്ത്​ പൂർത്തിയായതാണ്​. സാമ്പിൾ കൊണ്ടുപോയതല്ലാതെ നെല്ലെടുക്കാൻ ആളെത്തിയിട്ടില്ല. അർജുനക്കരി പാടശേഖരത്തെ 22 ഏക്കറിലെ നെല്ല്​ പാടത്താണ്​​ കൂട്ടിയിട്ടിരുന്നത്​. വെള്ളം കയറിയപ്പോൾ സമീപത്തെ വീട്ടുമുറ്റത്തേക്ക്​ മാറ്റിയിട്ടു. അവിടെയും വെള്ളം കയറിയപ്പോൾ തൊട്ടടുത്ത പുത്തനാറിൻ കരയിലേക്ക്​ മാറ്റി. ഒരടികൂടി വെള്ളമായാൽ തോട്​ കരകവിഞ്ഞ്​​ നെല്ല്​ ഒഴുകി​പ്പോവും. ഇനി മാറ്റിയിടാൻ വേറെ ഇടമില്ലെന്ന്​ കർഷകർ വേദനയോടെ പറയുന്നു. പാഡി ഓഫിസറെ കണ്ട്​ വിവരം ധരിപ്പിച്ചെങ്കിലും ഗോഡൗണിൽ നെല്ലിടാൻ സ്ഥലമില്ലെന്നാണ്​ മില്ലുകാർ പറയുന്നതത്രെ. കൊച്ചുപള്ളം പാടശേഖരത്തിലെ നെല്ല്​ രണ്ടുദിവസം കൊണ്ട്​ എടുക്കാമെന്നാണ്​ മില്ലുകാരുടെ ഏജന്‍റ്​ പറയുന്നത്​. അപ്പോഴേക്കും നെല്ല്​ നനയും. അതോടെ മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവിന്​ നെല്ല്​ നൽകേണ്ടിവരും. തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക് പാടത്ത് മഴയില്ലാതിരുന്നപ്പോള്‍ അഞ്ചുകിലോ കിഴിവു വേണമെന്ന ആവശ്യമാണ്​ സംഭരണം ആദ്യം തടസ്സപ്പെടാന്‍ കാരണമാക്കിയത്. തുടര്‍ന്ന്​ മഴവന്നതോടെ 10കിലോ വരെ കിഴിവുനല്‍കാന്‍ കര്‍ഷകര്‍ തയാറായെങ്കിലും തുടങ്ങാൻ വൈകി. തിങ്കളാഴ്ച രാവിലെ നാലുലോഡ്​ കയറ്റിപ്പോയിരുന്നു. ബാക്കി പാടത്തുതന്നെ കിടക്കുന്നു. വള്ളത്തിൽ കയറ്റി കാവാലത്തേക്കാണ്​ ഇവിടെനിന്ന്​ നെല്ല്​ കൊണ്ടുപോകുന്നത്​. കോട്ടയം കൃഷിഭവന്​ കീഴിലുള്ള വേളൂർ എഴുപതിൽപ്പാടം കായൽ പോലെയാണ്​ നിറഞ്ഞുകിടക്കുന്നത്​. ജനുവരിയിലാണ് ​ഇവിടെ കൊയ്ത്ത്​ നടക്കേണ്ടിയിരുന്നത്​. റോഡു​പണിക്കായി വെള്ളം വറ്റിച്ചു​നൽകിയതിനാൽ ​കൊയ്ത്ത്​ വൈകി. ജനുവരിയിലാണ്​ വിത നടന്നത്​. ഞായറാഴ്ച കൊയ്യാൻ ഇറങ്ങാനൊരുങ്ങുമ്പോഴാണ്​ തോട്​ കരകവിഞ്ഞ്​ വെള്ളം കയറിയത്​. ചുറ്റുപാടും വെള്ളം കയറിയതിനാൽ ഒഴുക്കിവിടാനും നിവൃത്തിയില്ല. സംഭരിച്ച്​ 133.26 കോടിയുടെ നെല്ല്​ കോട്ടയം: ജില്ലയില്‍ ഇതുവരെ 133.26 കോടിയുടെ നെല്ല്​ സംഭരിച്ചുവെന്നാണ് അധികൃതരുടെ കണക്ക്. 14918 കര്‍ഷകരില്‍നിന്ന്​ 47,594 ടണ്‍ നെല്ലാണ് സംഭരിച്ചത്. പുഞ്ചകൃഷിയുടെ 70 ശതമാനത്തിലേറെ കൊയ്തുവെന്നാണ്​ സപ്ലൈകോയുടെ കണക്ക്. 5000 ടൺ നെല്ല്​ ​കൊയ്തതായും 5000 ടൺ കൊയ്യാനുണ്ടെന്നുമാണ്​​ പാഡി ഓഫിസറു​ടെ കണക്ക്​. ജൂണ്‍ 15വരെ കൊയ്ത്ത് നടക്കും. എന്നാല്‍, ഇനി കൊയ്ത്ത് അവശേഷിക്കുന്ന പാടങ്ങളില്‍ പലതും മടവീഴ്ച ഭീഷണിയിലാണെന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story