Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:39 AM IST Updated On
date_range 15 May 2022 5:39 AM ISTആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിൽ പോര് മുറുകുന്നു
text_fieldsbookmark_border
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിൽ പോര് മുറുകുന്നു. മന്ത്രിക്കെതിരെ ചിറ്റയം ഗോപകുമാർ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നൽകി. ചിറ്റയത്തിനെതിരെ രാവിലെ വീണ ജോർജും പരാതി നൽകി. കൂടിയാലോചന നടത്താതെയാണ് മന്ത്രി കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ആരോപിച്ചാണ് ചിറ്റയം നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. സർക്കാറിൻെറ ഒന്നാം വാർഷികത്തിൽ ചിറ്റയത്തിന് ക്ഷണം ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് വീണക്കെതിരെ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽനിന്ന് വിട്ടുനിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വീണ ജോർജ് പരാതി നൽകിയത്. ചിറ്റയത്തിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സർക്കാറിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എം.എൽ.എമാരെ ക്ഷണിക്കേണ്ടത് ജില്ല ഭരണകൂടമാണ്. തന്റെ ഫോൺകാൾ വിവരങ്ങൾ വേണമെങ്കിൽ പാർട്ടിക്ക് പരിശോധിക്കാമെന്നും അവർ വ്യക്തമാക്കുന്നുണ്ട്. എം.എൽ.എമാരെ ഉൾപ്പെടെ ഏകോപിപ്പിക്കുന്നതിൽ പൂർണപരാജയമാണ് വീണ ജോർജെന്നും അത്യാവശ്യങ്ങൾക്ക് വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രിയും പത്തനംതിട്ട നഗരസഭ ചെയർമാനും തമ്മിൽ പോരാണെന്ന് നേരത്തേ വെളിപ്പെട്ടിരുന്നു. അവസരം മുതലെടുത്ത് മന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ആരോഗ്യമന്ത്രി സ്വന്തം ജില്ലയിൽപോലും വൻ പരാജയമായിരുന്നുവെന്ന് അവർ ആരോപിക്കുന്നു. നിസ്സാരരോഗവുമായി ജില്ലയിലെ പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികളിലെത്തുന്ന നൂറുകണക്കിന് സാധാരണക്കാരെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞുവിടുകയാണെന്നും രണ്ട് ജനറൽ ആശുപത്രിയിലെയും സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ചേരിപ്പോര് വികസനപ്രവർത്തനങ്ങൾക്ക് തടസ്സം -പഴകുളം മധു പത്തനംതിട്ട: മന്ത്രി വീണ ജോർജും എം.എൽ.എമാരും തമ്മിലെ ചേരിപ്പോരുമൂലം ജില്ലയിൽ ഒരു വികസനപ്രവർത്തനവും നടക്കുന്നില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു. കോവിഡ് കാലത്ത് ആരോഗ്യമന്ത്രി സ്വന്തം ജില്ലയിൽപോലും വൻ പരാജയമായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ പരിക്കേറ്റ് വന്നപ്പോൾ മന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിൽ സ്കാനിങ് മെഷീൻ കേടായതുമൂലം ചികിത്സ നൽകാനായില്ല. സ്കാനിങ് മെഷീൻ പ്രവർത്തിക്കാത്ത കാര്യം മറച്ചുവെച്ച് പരിക്ക് ഗുരുതരമാണെന്ന് കളവുപറഞ്ഞാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. ജില്ല പഞ്ചായത്ത് പ്രസിഡന്റിനുണ്ടായ ഈ ദുരനുഭവത്തെ സംബന്ധിച്ച് സർക്കാർ അന്വേഷണം നടത്തണമെന്നും പഴകുളം മധു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story