Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:41 AM IST Updated On
date_range 12 May 2022 5:41 AM ISTകനത്തമഴ: ജലനിരപ്പ് ഉയർന്ന് മീനച്ചിലാർ
text_fieldsbookmark_border
ഈരാറ്റുപേട്ട: ചൊവ്വാഴ്ച വൈകീട്ട് മുതൽ മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് നാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. തോടുകളിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പരിധികളിൽ ചൊവ്വാഴ്ച വൈകീട്ട് മുതൽ ശക്തമായ മഴ പെയ്തിരുന്നു. അർധരാത്രിയോടെ ഈരാറ്റുപേട്ട ടൗണിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. മീനച്ചിലാറ്റിലെ ജലനിരപ്പ് പലയിടത്തും പത്തടിയോളംവരെ ഉയർന്നു. ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂർ നാടുകാണിയിൽ രാത്രിയിൽ ഉരുൾപൊട്ടൽ സംഭവിച്ചതാണ് വെള്ളം ഉയരാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഈരാറ്റുപേട്ട ടൗൺ കോസ് വേ, കോളജ് പാലം, തോട്ടുമുക്ക് എന്നിവിടങ്ങളിൽ ജലനിരപ്പ് പാലത്തിന് ഒപ്പം എത്തിയത് വ്യാപാരികളെ ഭീതിയിലാഴ്ത്തി. ഈരാറ്റുപേട്ട ടൗണിലും പരിസരത്തും വ്യാപാരികൾ കടയിലെ സാധനങ്ങൾ മാറ്റിത്തുടങ്ങി. രാത്രി മഴ അൽപം വിട്ടുനിന്നത് കൊണ്ട് സ്ഥിതിഗതികൾ ശാന്തമായിരുന്നു. മാതക്കൽ തോട്ടിൽ വെള്ളം ഉയർന്നത് വാഴമറ്റം മുരുക്കോലി പ്രദേശങ്ങളിൽ ഭീതി പരത്തി. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണതിനെതുടർന്ന് പലസ്ഥലങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. ഈരാറ്റുപേട്ട സെക്ഷന് കീഴിൽ വരുന്ന മൂന്നിലവ്, മേലുകാവ് പ്രദേശങ്ങളിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, പഴുക്കാനം തുടങ്ങിയ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ ബുധനാഴ്ച വൈകീട്ടും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. എഴുപതിലധികം പരാതികളാണ് ഈ മേഖലയിൽ പരിഹരിക്കാനുള്ളത്. രാത്രിയിൽ വൈകിയും അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി അഗ്നിരക്ഷാസേന യൂനിറ്റുകളും, പൊലീസും സന്നദ്ധപ്രവർത്തകരും ഈരാറ്റുപേട്ടയിൽ സജ്ജമായിരുന്നു. പടം ശക്തമായ മഴയെ തുടർന്നുണ്ടായ കാറ്റിൽ കടപുഴകി വീണ തേക്ക് മരം ഇലക്ട്രിക് കേബിളിൽ തങ്ങിനിൽക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
