കൊല്ലം നഗരത്തിലെ മോഷണ പരമ്പര; ലക്ഷങ്ങൾ കവർന്ന പ്രതികൾ പിടിയിൽ
text_fieldsലാലു, സനിൽ
കൊല്ലം: നഗരമധ്യത്തിലെ രണ്ട് കടകളിൽ വന്‍ കവര്‍ച്ച നടത്തിയ പ്രതികൾ പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റ് നമ്പർ 18ൽ താമസിക്കുന്ന ലാലു (30), പള്ളിത്തോട്ടം സെഞ്ചുറി നഗർ 55ൽ താമസിക്കുന്ന സനിൽ (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞയാഴ്ച രാത്രിയിലായിരുന്നു കൊല്ലം ആണ്ടാമുക്കം റോഡിലെ ഹാർഡ്വെയർ കടയിൽ ആദ്യമോഷണം നടന്നത്. പുലർച്ച 3.25ഓടെ പ്രതികൾ കടയിലെത്തി പണം സൂക്ഷിച്ച അലമാരയും മേശയും കുത്തിതുറന്ന് മൂന്നുലക്ഷം രൂപയോളം അപഹരിച്ചു. തൊട്ടടുത്തദിവസം രാത്രിയിൽ ഉഷ തീയറ്ററിനു സമീപമുള്ള ഫാൻസി കടയിൽ മോഷണം നടത്തി. മേശയിലും മറ്റും സൂക്ഷിച്ച എട്ടുലക്ഷത്തോളം രൂപ അവിടെ നിന്ന് മോഷ്ടിച്ചു. രണ്ടു മോഷണങ്ങളും അവധി ദിവസങ്ങളിലാണ് നടത്തിയത്. ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിരവധി സി.സി ടി.വി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ചു.
മുമ്പ് മോഷണക്കേസിൽപെട്ടവരെയും അടുത്തിടെ ജയിൽ മോചിതരായവരെയും പ്രത്യേകം പരിശോധന നടത്തിയിരുന്നു. നഗരത്തിനുള്ളിൽ നടന്ന മോഷണത്തിൽ പ്രതികളെ പിടികൂടാത്തതിൽ വ്യാപാരികൾ ഉൾപ്പെടെ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. അതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്. കടകളും അതിൽ കയറാനുള്ള വഴികളും നേരത്തേ കണ്ടുവെച്ചശേഷം പ്രതികൾ നഗരത്തിലെത്തി ഒരുമിച്ചശേഷം കവർച്ച നടത്തുകയായിരുന്നു. കൊല്ലം ഈസ്റ്റ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
ഈസ്റ്റ് സി.ഐയെ കൂടാതെ എസ്.ഐമാരയ സുമേഷ്, സി.പി.ഒമാരായ അജയൻ, ജയകൃഷ്ണൻ, ഷൈജു, അനു എന്നിവരും ടീമിൽ ഉൾപെട്ടിരുന്നു. പ്രതികൾ നേരത്തേ മോഷണക്കേസിൽ ഉൾപെട്ടവർ ആണെന്നും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കൊല്ലം എ.സി.പി എസ്. ഷെറീഫ് പറഞ്ഞു. മറ്റ് എന്തെങ്കിലും സംഭവത്തിൽ പ്രതികൾ ഉൾപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

