ചവറ: യൂത്ത് കോണ്‍ഗ്രസ് ചവറ മണ്ഡലം കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ മന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ചത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിനിടയായി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അകാരണമായി മര്‍ദിച്ചെന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ദേശീയപാത വഴി സ്റ്റേഷന് മുന്നിലെത്തവെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ വാഹനം വരുന്നതുകണ്ട് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു.
ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും നടന്നു. ബഹളത്തിനിടെ മന്ത്രിയുടെ വാഹനം കടന്നുപോകുകയും ചെയ്തു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ആര്. അരുണ്‍രാജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ശരത് പട്ടത്താനം അധ്യക്ഷത വഹിച്ചു. പൊന്മന നിശാന്ത്, ജാക്സണ് നീണ്ടകര, എസ്.പി. അതുൽ, ഷബീര്‍ ഖാന് മുഹ്സിന്, ഷംല തുടങ്ങിയവർ സംസാരിച്ചു.