വിൽപനക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ അനസ്, അൽ അമീൻ, ധനേഷ്, മാഹീൻ, നാദിർഷാ
കിളികൊല്ലൂർ: വിൽപനക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി അഞ്ച് യുവാക്കൾ പൊലീസ് പിടിയിലായി. അയത്തിൽ പഞ്ചായത്തുവിളയിൽ വീട്ടിൽ അനസ് (30), കൊറ്റംകര കുറ്റിവിളവീട്ടിൽ അൽഅമീൻ (30), വടക്കേവിള പുന്തലത്താഴം ചരുവിള വീട്ടിൽ ധനേഷ് (30), കിളികൊല്ലൂർ കാട്ടുവിള വയലിൽ പുത്തൻവീട്ടിൽ (ബിൻഷാ മൻസിൽ) നിന്ന് നെടുമ്പന കുളപ്പാടം മഞ്ഞക്കുഴി തൈക്കാവിന് സമീപം താമസിക്കുന്ന മാഹീൻ (32), കൊറ്റംകര തെറ്റിച്ചിറ വയലിൽ പുത്തൻവീട്ടിൽ നാദിർഷാ (25) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കൊല്ലം സിറ്റി അഡീഷനൽ എസ്.പി സോണി ഉമ്മൻ കോശിയുടെ മേൽനോട്ടത്തിൽ ലഹരിസംഘങ്ങൾക്കെതിരെ നടത്തിവരുന്ന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. കിളികൊല്ലൂർ-കുറ്റിച്ചിറ റോഡിൽ െവച്ച് ഇവർ സഞ്ചരിച്ച കാർ പൊലീസ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 4.3 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ഡാൻസാഫ് ടീമും കിളികൊല്ലൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കിളികൊല്ലൂർ കേന്ദ്രീകരിച്ച് ചില്ലറ വിൽപനക്കായി എത്തിച്ച കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കിളികൊല്ലൂർ എസ്.ഐ സുകേഷിന്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ്.ഐ കണ്ണൻ, എസ്.ഐ സത്യരാജ്, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സീനു, സജു, മനു, രിപു, രതീഷ്, സി.പി.ഒ ഷാജി, അജയഘോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ലഹരിമാഫിയക്കെതിരെ പോരാട്ടം തുടരുന്ന കൊല്ലം സിറ്റി പൊലീസ് ലഹരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിവരം 9497980220 എന്ന നമ്പറിൽ അറിയിക്കാവുന്നതാണെന്നും വ്യക്തവും കൃത്യവുമായ വിവരങ്ങൾ നൽകുന്നവർക്ക് അർഹമായ പാരിതോഷികങ്ങൾ നൽകുന്നതാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

