കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsറിയാസ്
കൊല്ലം: പള്ളിമുക്കിൽ കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് സംഘം പിടികൂടി. പള്ളിമുക്ക് ചന്തയിൽ മീൻകച്ചവടം നടത്തുന്ന അയത്തിൽ പുത്തനഴികത്ത് വീട്ടിൽ റിയാസ് (39) ആണ് പിടിയിലായത്. ചെറിയ പൊതികളിലാക്കിയ നിലയിൽ 100 ഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് കണ്ടെടുത്തു. മഫ്തിയിൽ എക്സൈസ് ഉദ്യോഗസ്ഥർ അടുത്ത് എത്തിയപ്പോഴേക്കും കുറച്ച് കഞ്ചാവ് പൊതികൾ വലിച്ചെറിഞ്ഞോടിയ റിയാസിനെ ഇരുചക്രവാഹനത്തിൻ പിന്തുടർന്നാണ് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി നർക്കോട്ടിക് സ്ക്വാഡാണ് റിയാസിനെ പിടികൂടിയത്. പള്ളിമുക്ക് ചന്ത കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കുൾപ്പെടെ കഞ്ചാവ് വില്പന നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

