കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsസനൽകുമാർ
കൊല്ലം: ബൈപാസിൽ എക്സൈസ് നടത്തിയ വാഹനപരിശോധനയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. കൊല്ലം മാമ്പുഴ കോളശ്ശേരി ലക്ഷംവീട് കോളനിയിൽ സനൽകുമാർ (30) ആണ് പിടിയിലായത്. ദേഹപരിശോധനയിൽ 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ താവളം കണ്ടെത്തി നടത്തിയ റെയ്ഡിലാണ് എട്ടു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തത്.
കൊല്ലം എക്സൈസ് ഷാഡോ സംഘം നാളുകളായി ഇയാളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. സ്കൂട്ടറിൽ കഞ്ചാവുമായി വിൽപനക്കിറങ്ങിയ സമയത്താണ് വലയിലാക്കിയത്. ഇയാളുടെ വീട്ടിൽനിന്ന് കഞ്ചാവ്, എം.ഡി.എം.എ എന്നിവ തൂക്കി വിൽപന നടത്താനുപയോഗിക്കുന്ന ത്രാസുകളും പതിനാലായിരത്തോളം രൂപയും കണ്ടെടുത്തു. രണ്ടായിരം രൂപയുടെ വലിയ പായ്ക്കറ്റുകളായാണ് ഇയാൾ കഞ്ചാവ് വിതരണം നടത്തിയിരുന്നത്.
ആവശ്യക്കാരെ പല സ്ഥലങ്ങൾ മാറ്റിപ്പറഞ്ഞ് പല പ്രാവശ്യം നിരീക്ഷിച്ച് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ കച്ചവടം ഉറപ്പിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഇയാളെ പിടികൂടുന്നത് ഏറെ ശ്രമകരവുമായിരുന്നു. വിൽപന നടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
റെയ്ഡിൽ കൊല്ലം റെയ്ഞ്ച് ഇൻസ്പെക്ടർ ടി. രാജു, വിനോദ് ശിവറാം, എം. സുരേഷ്കുമാർ, ടി. വിഷ്ണുരാജ്, ബിനുലാൽ, ശ്രീകുമാർ, ലാൽ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

