വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsആനന്ദ്
അഞ്ചൽ: സ്കൂളിന്റെ ചുറ്റുമതിൽ ചാടിക്കടന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം കിട്ടങ്കോണം സിന്ധുവിലാസത്തിൽ ആനന്ദ് (20) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ഏരൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ നിന്ന് എസ്.ഐ പി.എം പ്രിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആനന്ദിനെ കസ്റ്റഡിയിലെടുത്തത്.
ഇയാൾ മുൻപും പലതവണ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഈ വിവരം പെൺകുട്ടി മാതാവിനെ അറിയിച്ചിരുന്നു . മാതാവ് കഴിഞ്ഞ ദിവസം സ്കൂളിലെത്തി അധ്യാപകരോടും പി.ടി.എ അംഗങ്ങളോടും വിവരം പറഞ്ഞു. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ ഏരൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.
മാസ്ക്ധരിച്ച് സ്കൂൾമതിൽ ചാടിക്കടന്ന ആനന്ദ് പെൺകുട്ടിയുടെ പിറകേ കൂടി മിഠായി വച്ച് നീട്ടി വാങ്ങാൻ നിർബന്ധിക്കുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി ബഹളം കൂട്ടിയതോടെ യുവാവ് മതിൽ ചാടിക്കടന്ന് റോഡിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന സ്കൂൾ അധ്യാപികമാരിൽ ഒരാൾ മൊബൈൽ ഫോണിൽ ആനന്ദ് ഉൾപ്പടെയുള്ളവരുടെ ഫോട്ടോയെടുതു. ഈ ഫോട്ടോ അധ്യാപകർ പൊലീസിന് നൽകുകയും ഫോട്ടോയിൽ കണ്ട ആൾ തന്നെയാണ് തന്നെ ഉപദ്രവിച്ചതെന്ന് പെൺകുട്ടി സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

