2025ലെ കൊല്ലം ജില്ലയിലെ പ്രധാന സംഭവങ്ങൾ
text_fieldsമണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കൊല്ലം ബീച്ചിൽ കടലിൽ നടത്തിയ പ്രതിഷേധം
നോവോർമകളുടെ, തകർച്ചകളുടെ, മാറ്റത്തിന്‍റെ, പ്രതീക്ഷകളുടെ... അങ്ങനെ പലതരത്തിൽ ഓർമകളിൽ സൂക്ഷിക്കാൻ പലതും നൽകി 2025 വിടപറയുന്നു. മലയാളികൾക്കിടയിൽ വലിയ ചർച്ചകളിലേക്ക് ജില്ലയെ കൊണ്ടെത്തിച്ച നിരവധി സംഭവങ്ങൾ ഈ വർഷവും അരങ്ങേറി.
സ്കൂൾ വളപ്പിനുള്ളിൽ കുരുന്നുബാലന്‍റെ ഷോക്കേറ്റ് മരണം മുതൽ ദേശീയപാത തകർച്ച വരെ, സി.പി.എം സംസ്ഥാന സമ്മേളനം മുതൽ കൊല്ലം കോർപറേഷനിലെ യു.ഡി.എഫ് അട്ടിമറി വരെ, കേരള യൂനിവേഴ്സിറ്റി കലോത്സവം ഒരുക്കിയ ആഘോഷ നിമിഷങ്ങൾ മുതൽ ലോകോത്തര ആർട് മ്യൂസിയത്തിന് തുടക്കമായത് വരെയായി അനവധി സംഭവങ്ങൾ വിവിധ തലങ്ങളിൽ കൊല്ലത്തെ അടയാളപ്പെടുത്തിയ ‘2025’ എന്നെന്നും ഓർമയിൽ സൂക്ഷിക്കാം....
കടൽ മണൽ ഖനനം
2025 ജനുവരി:
മത്സ്യസമ്പത്തിനാൽ സമ്പുഷ്ടമായ കൊല്ലം പരപ്പിൽ ഉൾപ്പെടെ കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതി ഇടിത്തീയായി എത്തിയത് ജനുവരി അവസാനത്തോടെയാണ്. വൻ പ്രതിഷേധങ്ങൾ കൊല്ലം തീരമേഖല കേന്ദ്രീകരിച്ചുനടന്നു. തീരദേശ ഹർത്താൽ ഉൾപ്പെടെ മാസങ്ങൾ നീണ്ട മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധങ്ങൾക്കൊപ്പം എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളും കടലിലും കരയിലുമായി പ്രതിഷേധങ്ങളിൽ അണിനിരന്നു. എന്നാൽ, ടെൻഡർ നടപടി ഉൾപ്പെടെ നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയി. തുടർ നടപടികൾ ശേഷം ഉണ്ടായില്ല എന്നതാണ് നിലവിലെ ആശ്വാസസ്ഥിതി.
സി.പി.എം സംസ്ഥാന സമ്മേളനം
2025 മാർച്ച്:
30 വർഷത്തെ ഇടവേളക്ക് ശേഷം സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥേയത്വം വഹിച്ചത് മാർച്ച് ആറ് മുതൽ ഒമ്പത് വരെ. ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ മാർച്ച് അഞ്ചിന് ചെങ്കൊടി ഉയർന്നു. സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ മാർച്ച് ആറിന് സമ്മേളനത്തിന് തുടക്കമായി. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി പദവി നിലനിർത്തിയ സമ്മേളനം നാല് ദിനരാത്രങ്ങൾ നഗരത്തിനെ ചെങ്കടലാക്കി.
കപ്പൽ അപകടവും കണ്ടെയ്നറുകളും
2025 മേയ്:
വർഷത്തിന്‍റെ ആദ്യ പകുതിയിൽ കൊല്ലത്തെ വാർത്തകളിൽ നിറച്ച രണ്ടാമത്തെ പ്രധാന സംഭവമുണ്ടായതും കടലുമായി ബന്ധപ്പെട്ടാണ്. കൊച്ചി തീരത്ത് കടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകൾ ആദ്യം അടിഞ്ഞത് കൊല്ലം തീരമേഖലയിൽ.
ആലപ്പാട് ചെറിയഴീക്കലിൽ ആണ് മേയ് 26ന് അർധരാത്രിയോടെ കണ്ടെയ്നറുകളും കപ്പലിൽ നിന്നുള്ള അവശിഷ്ടങ്ങളും ആദ്യം അടിഞ്ഞുതുടങ്ങിയത്. അവിടം മുതൽ പരവൂർ തീരംവരെ പലയിടങ്ങളിലായി 35ഓളം കണ്ടെയ്നറുകൾ ആദ്യ ദിനം തന്നെ അടിഞ്ഞു. ആഴ്ചകൾ എടുത്താണ് ഇവ തീരത്ത് നിന്ന് മാറ്റിയത്.
ആഘോഷമായി കലോത്സവം
2025 മേയ്:
നഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും ഇടയിൽ കൊല്ലം ജനതക്ക് ആഘോഷനിമിഷങ്ങൾ സമ്മാനിച്ച് കേരള യൂനിവേഴ്സിറ്റി കലോത്സവം ഈ വർഷമെത്തി. കൊല്ലം എസ്.എൻ. കോളജ് പ്രധാനവേദിയായി മേയ് 28 മുതൽ 31 വരെ കലോത്സവം നഗരത്തിൽ അരങ്ങേറി.
കലാകിരീടം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് സ്വന്തമാക്കി. കൊല്ലം എസ്.എൻ കോളജ് വിദ്യാർഥിനി ആർ. ഭാഗ്യ കലാതിലകവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് വിദ്യാർഥി നന്ദകിഷോർ കലാപ്രതിഭയും യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി എസ്. അഥീന കലാരത്നവുമായി.
ഷോക്കേറ്റ് പിടഞ്ഞുപോയി മിഥുൻ
2025 ജൂലൈ:
നാടിന്‍റെ നൊമ്പരമായി മാറി മിഥുൻ എന്ന 13കാരൻ വിടപറഞ്ഞത് ജൂലൈ 17ന്. ശാസ്താംകോട്ട തേവലക്കര കോവൂർ ബോയ്സ് എച്ച്.എസിൽ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയ വലിയപാടം മിഥുൻഭവനിൽ മിഥുൻ താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ചു. സ്കൂളിനുള്ളിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് ജീവൻ നഷ്ടമായ മിഥുന്‍റെ വിയോഗം കേരളത്തിനെയൊന്നാകെ ഞെട്ടിച്ചു.
ഒരേ പോലെ വിപഞ്ചികയും അതുല്യയും
2025 ജൂലൈ:
ഭർതൃപീഡനത്തെ തുടർന്ന് ഷാർജയിൽ മകൾ വൈഭവിയെ കൊലപ്പെടുത്തി കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക (33) ജീവനൊടുക്കിയത് ജൂലൈ ഒമ്പതിന്. ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ഒന്നരവയസുകാരിയായ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് നിതീഷിനെതിരെ വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതും കുടുംബം കൊലപാതക സാധ്യത ഉൾപ്പെടെ ആരോപിച്ചതും സംഭവം ഏറെ ചർച്ചയാക്കി.
2025 ജൂലൈ:
വിപഞ്ചികയുടെ മരണത്തിന് സമാനമായി ചവറ തേവലക്കര കോയിവിള സ്വദേശി അതുല്യ ഷാർജയിൽ വിടപറഞ്ഞത് ജൂലൈ 19ന്. ഭർത്താവ് സതീഷ് ശങ്കറിന്‍റെ ഉപദ്രവത്തെ തുടർന്ന് ഫ്ലാറ്റിൽ അതുല്യ ജീവനൊടുക്കുകയായിരുന്നു. അതുല്യയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്ന്, നാട്ടിലെത്തിയ സതീഷ് ശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.
ചികിത്സ കിട്ടാതെ ശ്വാസംനിലച്ച് വേണു
2025 നവംബർ:
ഹൃദയാഘാതത്തെ തുടർന്ന് അടിയന്തര ചികിത്സ തേടിയെത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആവശ്യമായ ചികിത്സ ലഭിക്കാതെ ചവറ പന്മന സ്വദേശി വേണു (48) മരിച്ചത് നവംബർ ആറിന്. താൻ മരിച്ചാൽ ഉത്തരവാദികൾ ആശുപത്രി ജീവനക്കാരാണെന്ന് സുഹൃത്തിന് ശബ്ദസന്ദേശം അയച്ചതിന് മണിക്കൂറുകൾക്കകം വേണു മരിച്ചു.
അനാസ്ഥക്കെതിരെ കടുത്ത പ്രതിഷേധവും കുടുംബത്തിന്‍റെ പരാതിയും ഉയർന്നു. ആരോഗ്യസംവിധാനത്തിന്‍റെ പ്രവർത്തനം തന്നെ ചോദ്യമുനയിലാകുന്നതിന് സംഭവം വഴിവെച്ചു. മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
തകർന്ന് ദേശീയപാത
2025 ഡിസംബർ:
കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ മൺപാലം ഇടിഞ്ഞുതാഴ്ന്ന് സർവിസ് റോഡ് തകർന്നത് ഡിസംബർ അഞ്ചിന്.
കുട്ടികളുമായി പോയ സ്കൂൾ ബസ് ഉൾപ്പെടെ വാഹനങ്ങൾ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കൊട്ടിയം മൈലക്കാടിന് സമീപം ഉണ്ടായ സംഭവത്തിലൂടെ കൊല്ലത്തും ദേശീയപാത നിർമാണത്തിൽ നടക്കുന്ന അശാസ്ത്രീയതയിലേക്ക് അധികൃതർക്ക് കണ്ണുതുറക്കേണ്ടിവന്നു. ചതുപ്പ് സ്ഥലത്ത് മണ്ണ്നിറച്ച് മൺപാലം നിർമിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇതോടെ ഇവിടെ മൺപാലം മാറ്റി തൂണുകളിൽ പാലം നിർമിക്കാൻ തീരുമാനമായി. .
കോർപറേഷൻ അട്ടിമറി, ജില്ല പഞ്ചായത്തിൽ പുതിയ മുഖം
2025 ഡിസംബർ:
രൂപംകൊണ്ട കാലംമുതൽ ഇടതുകോട്ടയായിരുന്ന കൊല്ലം കോർപറേഷൻ വലതുചാടി മാറിയ വർഷം ആയി 2025 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ആദ്യമായി യു.ഡി.എഫ് ഭരണസമിതി കൊല്ലം കോർപറേഷനിൽ അധികാരത്തിൽ എത്തി. എ.കെ. ഹഫീസ് ആദ്യ കോൺഗ്രസ് മേയർ ആയി ഡിസംബർ 26ന് ചുമതലയേറ്റു.
കരുമാലിൽ ഡോ. ഉദയ സുകുമാരൻ ആണ് ഡെപ്യൂട്ടി മേയർ. ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തിയപ്പോൾ പ്രസിഡന്‍റ് കസേരയിൽ മുൻ എം.എൽ.എ ഡോ. ആർ. ലതാദേവി സ്ഥാനമേറ്റു. എസ്.ആർ. അരുൺബാബു വൈസ് പ്രസിഡന്‍റ് പദവിയിലെത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായി യു.ഡി.എഫ് തിരിച്ചുവന്ന വർഷമാണിത്. 34 പഞ്ചായത്തുകളിൽ യു.ഡി.എഫ് നേതൃത്വത്തിൽ ഭരണസമിതി അധികാരമേറ്റു. 33 പഞ്ചായത്തുകളിൽ എൽ.ഡി.എഫും ഒരിടത്ത് എൻ.ഡി.എയും അധികാരത്തിൽ.
നഗരസഭകളിൽ കരുനാഗപ്പള്ളിയിൽ യു.ഡി.എഫ് തിരിച്ചെത്തി, പരവൂരിൽ എൽ.ഡി.എഫും. കൊട്ടാരക്കരയിലും പുനലൂരും എൽ.ഡി.എഫ് നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

