കൊല്ലം: ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്ന യുവതി ശുചിമുറിയിലേക്ക് പോകുംവഴി പ്രസവിച്ചു. ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലാണ് സംഭവം. നിലത്തുവീണതിനെതുടർന്ന് പരിക്കേറ്റ നവജാതശിശുവിനെ വിശദപരിശോധനക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഉളിയക്കോവിൽ സ്വദേശിയായ രാജേഷിെൻറ ഭാര്യ വിജിയെ ജൂലൈ ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 16നാണ് പ്രസവതീയതി പറഞ്ഞിരുന്നതെങ്കിലും കോവിഡ് പരിശോധനക്കായി വന്നപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രാത്രി 12 ഓടെ പ്രസവവേദന ആരംഭിച്ചതായും പലതവണ പറഞ്ഞിട്ടും ആരും പരിശോധിക്കാനെത്തിയില്ലെന്നും പുലർച്ചയോടെ സ്ഥിതി ഗുരുതരമാണെന്നും രക്തസ്രാവം ആരംഭിെച്ചന്നും അറിയിച്ചപ്പോഴും ഇതായിരുന്നു ആശുപത്രി അധികൃതരുടെ നിലപാടെന്നും ബന്ധുക്കൾ പറയുന്നു.
രാവിെലയോടെ ശുചിമുറിയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ യുവതി പ്രസവിക്കുകയായിരുന്നു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ യുവതിയുടെ ബന്ധുക്കൾ പരാതിനൽകി. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുധീഷിനെ ഉപരോധിക്കുകയും ചെയ്തു.