കാറ്റും മഴയും: കൊല്ലം ജില്ലയിൽ പരക്കെ നാശം
text_fieldsകനത്ത മഴയിൽ കുടയും ചൂടി പോകുന്നവർ. കൊല്ലം നഗരത്തിൽ നിന്നുള്ള കാഴ്ച
കൊല്ലം/ചാത്തന്നൂർ: ശക്തമായ കാറ്റും മഴയും ജില്ലയിൽ പരക്കെ നാശനഷ്ടങ്ങൾക്കിടയാക്കി. വൃക്ഷശിഖരങ്ങൾ ഒടിഞ്ഞുവീണ് മിക്കയിടത്തും വൈദ്യുതി തടസ്സപ്പെട്ടു. താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായത് മത്സ്യെത്താഴിലാളികളെയും ആശങ്കയിലാഴ്ത്തുന്നു. ശക്തമായ കാറ്റാണ് കടലിൽ അനുഭവപ്പെടുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തിങ്കളാഴ്ച പുലർച്ച കടലിൽ പോയ നിരവധി വള്ളങ്ങൾ കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് തിരികെയെത്തി.
കാറ്റിലും മഴയിലും ചാത്തന്നൂരിലും പരിസരത്തും വ്യാപക നാശമുണ്ടായി. ഒട്ടേറെ വീടുകൾക്ക് കേടുപാട് സംഭവിച്ചു. കെ.എസ്.ഇ.ബിക്ക് ഒരു ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നു. വ്യാപകമായി കൃഷിനാശവും സംഭവിച്ചു. തിങ്കളാഴ്ച രാവിലെ മുതലുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് ചാത്തന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നാശനഷ്ടങ്ങളുണ്ടായത്. മാമ്പള്ളികുന്നം കുറുങ്ങൽ ഏലാക്ക് സമീപം മരം ഒടിഞ്ഞുവീണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നു. മിക്ക റോഡുകളിൽ വെള്ളക്കെട്ടുമൂലം ഗതാഗത തടസ്സമുണ്ടായി. മഴ കനത്തതോടെ ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിെവച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.