അധികൃതർ കണ്ണുതുറക്കുമോ; ഊരുകളിലെ കുട്ടികൾക്കുമില്ലേ പഠിക്കാനുള്ള അവകാശം?
text_fieldsവിദ്യാവാഹിനി പദ്ധതി പ്രകാരമുള്ള വാഹനം (ഫയൽ ചിത്രം)
കുളത്തൂപ്പുഴ: വന്യമൃഗങ്ങളുള്ള കാനനപാതകൾ താണ്ടി കിലോമീറ്ററുകൾ സഞ്ചരിച്ച് ഇഷ്ടപ്പെട്ട സ്കൂളുകളിലെത്തി പഠിക്കാനുള്ള അവകാശം ആദിവാസി ഊരുകളിലെ കുട്ടികൾക്കില്ലേ?. ചോദ്യമുയർത്തുന്നത് കുളത്തൂപ്പുഴ പഞ്ചായത്തിലെ ഊരുനിവാസികളായ നിർധന വിദ്യാർഥികളും രക്ഷിതാക്കളുമാണ്. സ്കൂളിലേക്കുള്ള സുരക്ഷിതയാത്രക്ക് സൗകര്യമൊരുക്കുന്ന സർക്കാർ പദ്ധതിയായ ‘വിദ്യാവാഹിനി’ നിലക്കുംവിധം ഉദ്യോഗസ്ഥരുടെ നിയന്ത്രണം എത്തിയതോടെ ഗതാഗതസൗകര്യമില്ലാതെ പഠനം മുടങ്ങുന്ന പ്രതിസന്ധിക്ക് മുന്നിൽ പകച്ചുനിന്നാണ് മുപ്പതോളം വിദ്യാർഥികൾ ചോദ്യം ഉന്നയിക്കുന്നത്. മുൻവർഷങ്ങളിൽ ഇല്ലാതിരുന്ന കടുംപിടുത്തത്തിൽ നിന്ന് പിൻമാറി ‘വിദ്യാവാഹിനി’ ഓടാൻ അധികൃതർ കണ്ണുതുറക്കണമെന്ന ആവശ്യമാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉയർത്തുന്നത്. അനാസ്ഥയിൽ മുങ്ങി പദ്ധതി പൂർണമായും നിലക്കുമെന്ന സ്ഥിതിയും മുന്നിലുണ്ട്. ആദിവാസി ഊരുകളിലെ പട്ടികവർഗ്ഗ വിദ്യാർഥികളുടെ പഠനം ഉറപ്പാക്കാൻ എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് ‘വിദ്യാവാഹിനി’ പദ്ധതി. ഗതാഗതത്തിലെ ബുദ്ധിമുട്ടുകൾ കാരണം ഊരുകളിലെ കുട്ടികൾ കൊഴിഞ്ഞു പോകുന്നത് ഒഴിവാക്കുന്നതിനും എല്ലാദിവസവും ഇവരെ വിദ്യാലയങ്ങളിൽ എത്തിച്ച് പഠനം ഉറപ്പാക്കുന്നതുമായി ഗതാഗത സൗകര്യം ഒരുക്കുകയായിരുന്നു. സ്വകാര്യ വാഹനങ്ങളുടെ സഹായത്തോടെ നടപ്പാക്കിയിരുന്ന പദ്ധതിക്കായി പട്ടികവർഗ്ഗ വികസന വകുപ്പ് ആണ് ധനസഹായം അനുവദിക്കുന്നത്. സ്വന്തമായി വാഹനമുള്ള ഊരുനിവാസികളെയാണ് പദ്ധതിയിൽ നിയോഗിക്കുന്നത്. ഇവർക്കുള്ള പ്രതിഫലം സർക്കാർ നൽകും. ഈ വർഷം ഇതുവരെ വാഹനങ്ങൾക്ക് പണം നൽകിയില്ലെന്ന് മാത്രമല്ല, മുൻവർഷങ്ങളിൽ ഇല്ലാത്ത നിയന്ത്രണങ്ങൾ കൂടി ഉദ്യോഗസ്ഥർ വച്ചതോടെയാണ് പദ്ധതി പ്രതിസന്ധിലായത്.
കുളത്തൂപ്പുഴയിൽ ആറ് സർക്കാർ, രണ്ട് എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന ഊരുനിവാസികളായ വിദ്യാർഥികൾക്കാണ് കഴിഞ്ഞ വർഷങ്ങളിൽ സഹായം ലഭിച്ചത്. ഇത്തവണ അധ്യയന വർഷാരംഭത്തിന് മുമ്പ് പട്ടികവർഗ്ഗ വികസന വകുപ്പ് നിർദേശ പ്രകാരം ഓരോ വിദ്യാലയങ്ങളും ഊരുനിവാസികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. പ്രതിദിനപ്രതിഫലമായി കുറഞ്ഞ തുക രേഖപ്പെടുത്തിയവരെ എസ്.ടി പ്രമോട്ടറും പ്രഥമാധ്യാപകനും സ്കൂൾ അധികൃതരുമടങ്ങിയ കമ്മിറ്റി തെരഞ്ഞെടുത്തു. വാഹനത്തിന്റെയും ഡ്രൈവർമാരുടെയും പൂർണരേഖകൾ സഹിതം വിവരം ട്രൈബൽ എക്സ്റ്റെൻഷൻ ഓഫിസ് വഴി കഴിഞ്ഞ മേയ് മാസത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിലേക്ക് നൽകി. ആനയും കാട്ടുപോത്തുകളും മറ്റു കാട്ടുമൃഗങ്ങളും നിരന്തരം കടന്നുപോകുന്ന വനപാതകളിലൂടെ ജൂണ് ഒന്ന് മുതൽ തന്നെ പ്രദേശവാസികളായ ഡ്രൈവർമാർ വിദ്യാർഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി. മാസാവസാനം പ്രഥമാധ്യാപകർ വിദ്യാവാഹിനി പദ്ധതി പ്രകാരം എത്ര ദിവസം വാഹനമോടിച്ചുവെന്ന കണക്കും തുകയും ടി.ഇ.ഒക്ക് കൈമാറുകയും ചെയ്തിരുന്നു. മുൻ വർഷങ്ങളിലെല്ലാം ബിൽ സമർപ്പിച്ച് ദിവസങ്ങൾക്കുളളിൽ ഡ്രൈവർമാരുടെ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നു. ഇക്കുറി മൂന്നു മാസം പിന്നിട്ടിട്ടും വേതനം ലഭിക്കാതെ വന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ ഡ്രൈവർമാർ വിവരമന്വേഷിച്ചപ്പോൾ മുദ്രപത്രത്തിൽ കരാർ വക്കാത്തത് കൊണ്ടാണ് പണം നൽകാത്തതെന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് ഡ്രൈവർമാർ കരാർ ഒപ്പുവച്ചു. പിന്നാലെ ഉദ്യോഗസ്ഥർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് 30ഓളം വിദ്യാർഥികൾ വഴിമുട്ടിയ സ്ഥിതിയിലായത്. ഊരിന് തൊട്ടടുത്തുള്ള സർക്കാർ സ്കൂളിലെത്തുന്നതിനു മാത്രമേ തുക അനുവദിക്കാൻ കഴിയുകയുള്ളൂവെന്നും അത് കഴിഞ്ഞുള്ള എയ്ഡഡ് സ്കൂളിൽ പഠിക്കുന്നവർക്ക് യാത്ര സൗകര്യം അനുവദിക്കില്ല എന്ന നിലപാടാണ് ജില്ല പട്ടിക വർഗ്ഗ വികസന വകുപ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു. എട്ട് സ്കൂളുകൾ ഉള്ളതിൽ കുളത്തൂപ്പുഴ ചന്ദനക്കാവ് എ.പി.എൻ.എം.സി.എം.എസ് യു. പി സ്കൂളിൽ പഠിക്കുന്ന മുപ്പതോളം വിദ്യാർഥികൾളാണ് പ്രതിസന്ധി നേരിടുന്നത്. ഉദ്യോഗസ്ഥരുടെ നിലപാടിനെ തുടർന്ന്, സ്കൂളിലേക്ക് വാഹനം ഓടിക്കുന്നത് ഡ്രൈവർ നിർത്തിയതോടെ കഴിഞ്ഞദിവസം ഏഴ് കിലോമീറ്ററോളം അകലെയുള്ള വിദ്യാലയത്തിലേക്ക് വിദ്യാർഥികൾക്ക് സ്വന്തം പണംമുടക്കി വാഹനംവിളിച്ച് പോകേണ്ടിവന്നു.
മുൻ വർഷങ്ങളിൽ ഈ സ്കൂളിൽ ഉൾപ്പെടെ വിദ്യാവാഹിനി പദ്ധതി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾ പലരും അഡ്മിഷൻ എടുത്തത്. ഇപ്പോൾ അധ്യയന വർഷം നല്ലൊരു ഭാഗം പിന്നിട്ടപ്പോൾ ഇവിടേക്ക് യാത്ര സൗകര്യം അനുവദിക്കാൻ കഴിയില്ലെന്ന ഉദ്യോഗസ്ഥ നിലപാട് നിർധന രക്ഷിതാക്കളെ ധർമ്മ സങ്കടത്തിലാക്കിയിരിക്കുകയാണ്. ഒന്നുകിൽ സ്വന്തം പണം മുടക്കി കുട്ടികളെ സ്വകാര്യ വാഹനത്തിൽ സ്കൂളിലേക്കയക്കണം. അല്ലെങ്കിൽ വിദ്യാർഥികളുടെ പഠനം പാതിവഴിയിൽ നിർത്തേണ്ടിവരുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. നിർധനരായ ഊരുനിവാസികളുടെ കൈയിൽ ഭാരിച്ച തുക ചെലവാക്കി കുട്ടികളെ സ്കൂളിൽ അയക്കാൻ കഴിയാത്തനിലയാണ്.
ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന സ്കൂളിൽ പഠിച്ചാലേ ആനുകൂല്യം ലഭിക്കൂ എന്ന ഞെട്ടിപ്പിക്കുന്ന നിയന്ത്രണത്തിന് മുന്നിൽ തകർന്നുനിൽക്കുകയാണ് വിദ്യാർഥികൾ. തങ്ങളുടെ കുട്ടികൾ ഏതു വിദ്യാലയത്തിൽ പഠിക്കണമെന്ന് തീരുമാനിക്കേണ്ടത് പട്ടിക വർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരല്ല എന്ന് ഓർമിപ്പിക്കുകയാണ് ഊരുനിവാസികൾ. ഉദ്യോഗസ്ഥരുടെ അനാസ്ഥ നിമിത്തം ആദിവാസി വിദ്യാർഥികളുടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നു. ആരോപണമുയർത്തിയ രക്ഷിതാക്കൾ ഇതു സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമീഷനും പട്ടിക വർഗ്ഗ കമീഷനും മുഖ്യമന്ത്രിക്കും അടുത്ത ദിവസം പരാതി നൽകുമെന്നും അറിയിച്ചു. അതേസമയം, കരാർ ഒപ്പിട്ടതോടെ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മറ്റ് സ്കൂളുകളിലേക്കുള്ള വാഹനങ്ങൾ കുട്ടികളുമായി പോകുന്നുണ്ട്. എന്നാൽ, ഇതുവരെ കിട്ടാനുള്ളതും ഈ മാസത്തേതും ഉൾപ്പെടെ പണം ലഭിച്ചില്ലെങ്കിലും പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന മുന്നറിയിപ്പും ഡ്രൈവർമാർ നൽകുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാൽ നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

